Sunday, July 29, 2012

വൃക്ഷങ്ങളുടെ ജനാധിപത്യം

വെയിലിനെ അന്നമാക്കുന്ന വിദ്യ പഠിപ്പിച്ച് 
ചില ഇലകളെ മുകളിലേക്ക് വിട്ടത് 
താഴെക്കൊമ്പിലെ ഇലക്കൂട്ടം.

ഉത്തരവാദിത്വങ്ങളില്‍ നിന്ന് മോചനം..
ഒരു തണല്‍..
വെയിലും, മഴയുമേല്ക്കാതെയുള്ള ജീവിതം..
ഇതൊക്കെയായിരുന്നു
താഴെ, അവരുടെ നിസ്സാരമോഹങ്ങള്‍.

പിന്നീട്,വെയിലിന് മധുരമാണെന്നും
പുതുമഴക്ക് തണുപ്പും, സുഗന്ധവുമുണ്ടെന്നും പറഞ്ഞത്
പൊ ഴിഞ്ഞു വീണ,പച്ചപ്പ് മങ്ങിത്തുടങ്ങിയ 
ഒരു വയസ്സനില !

അപ്പോഴേക്കും,
മേലെക്കൊമ്പിലെ ശിഖരത്തിലെ ചില കുട്ടിയിലകള്‍
അന്നമുണ്ടാക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു !

അപ്പോഴും,
മരത്തെയും, ഇലകളെയും നിലനിര്‍ത്തിയ 
എന്നും കീഴേക്ക്‌ മാത്രം വളരുന്ന
വേരുകള്‍ക്ക് മാത്രം
വയസ്സനിലയെ വേണമായിരുന്നു.!

Thursday, July 26, 2012

കത്ത്: ഒരു തീവണ്ടി യാത്രയ്ക്ക് മുന്‍പ്





അമ്മ അറിയാന്‍,
ടിക്കറ്റ് കിട്ടി.
ഞായറാഴ്ച രാത്രി 
ഏഴുമണിക്കാണ് ട്രെയിന്‍ .

അമ്മ പ്രാര്‍ഥിക്കണം.
വായിലൊളിപ്പിച്ച ദംഷ്ട്രകളുള്ള
തിരിച്ചറിയപ്പെടാത്ത
ഹിംസ്രമൃഗങ്ങളുടെ മുന്നില്‍
ഞാന്‍ പെടാതിരിക്കാന്‍...

അമ്മ പ്രാര്‍ഥിക്കണം,
എന്റെ നിസ്സഹായത,
നിലവിളി,
നന്മയുള്ള ഒരു ഹൃദയത്തിലെങ്കിലും
പതിയുന്നതിന്.

ഞാനും പ്രാര്‍ഥിക്കുന്നുണ്ട്,
ഒരുപക്ഷെ
വലിച്ചെറിയപ്പെടുകയാണെങ്കില്‍
വീഴുന്നത്
ഒരു പുഴയിലാവണമെന്ന്
ചിതറാതെ....

ഞാന്‍ കത്ത് ചുരുക്കുന്നു.
ഈ ജനലിനപ്പുറത്ത്
ലഹരി കലര്‍ന്ന
ചില കലങ്ങിയ കണ്ണുകള്‍.
അറപ്പ് തോന്നുന്നു.
ഞാന്‍ വിളക്കണക്കട്ടെ.

Sunday, July 22, 2012

വെട്ടുകത്തി



വെട്ടുകത്തി 
വെട്ടുകത്തിയായിരിക്കുന്നത് 
ഈ അടുക്കളയില്‍ മാത്രമാണ്.


ഒരു തേങ്ങായുടക്കുക,
ഒരു പട്ടവെട്ടിക്കീറുക,
ചിലപ്പോള്‍ ഒരു ചകിരിക്കഷണം
തിക്കി കനലിലേക്കിട്ടു തീയാളിക്കുക.
കഴിഞ്ഞു, അതിന്റെ ജോലി.


പുറത്തിറങ്ങുമ്പോളാണ് കുഴപ്പം
ചിലപ്പോള്‍ അതിന് നീളം കൂടും,
മൂര്‍ച്ച കൂടും,
ലകഷ്യങ്ങള്‍ മാറും.


അപ്പോഴൊക്കെയാണ്,
ചില മരങ്ങള്‍ വീഴുന്നതും,
പടര്‍പ്പുകള്‍ ഇല്ലാതാവുന്നതും,
ചിലപ്പോളെല്ലാം ചോരപൊടിയുന്നതും
ചിലരെല്ലാം പിടഞ്ഞു തീരുന്നതും.


അതുകൊണ്ടായിരിക്കും
പഴയ കാരണവന്മാര്‍
ബുദ്ധിയുറക്കാത്ത നരന്തുപിള്ളേര്‍ക്ക്
ഈ സാധനം 
കളിക്കാന്‍ കൊടുക്കാതിരുന്നത്.

Translation by Balram



"A machete is only a machete when,
Its in the kitchen, its natural den,
Slicing open a coconut with utmost ease, 
Cutting firewood into pieces smooth as you please..

Sometimes pushing the coconut husk,
Into the fire's embers, quite brusque,
That is all a machete does ,
When its in the kitchen, without any fuss.

The trouble starts when it ventures out,
Growing in length and sharpness no doubt,
Its nature changes pretty fast,
It seeks new tasks than those of the past.

Then some trees do tend to fall,
And no greenery is left at all,
That's when some blood does sometimes spill
And some death throes will forever still.

This must be why the elders of old,
Had taken pains and strictly ensured,
That silly youngsters, so immature still
Never played with such things that could easily kill. "

Saturday, July 21, 2012

കവിയുടെ പരിണാമങ്ങള്‍




എഴുതിത്തുടങ്ങിയ കാലം
അംഗീകൃത കവിവര്യന്മാര്‍ മൊഴിഞ്ഞു
'നന്നായി എഴുതി
ഇനിയും നന്നാക്കാം.'

ഒരു പുസ്തകമെഴുതിയപ്പോള്‍
വേദിയില്‍ അവര്‍ പ്രസംഗിച്ചു
'വളര്‍ന്നു വന്നേക്കാവുന്ന ഒരു കവി.
ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട് '

ആദ്യ പുരസ്കാരം ലഭിച്ചപ്പോള്‍
ചിലര്‍  പറഞ്ഞു.
'കൊള്ളാം,
പ്രത്യാശ പകരുന്ന രചനകള്‍'

പിന്നീട്
ആ തണുത്ത ശരീരത്തില്‍
ഒരു പുഷ്പചക്രം വച്ച്
ചിലര്‍ പരിതപിച്ചു
"തൂലികയെ പടവാളാക്കിയ കവി.
നാടിനു തീരാനഷ്ടം"
___

TRANSLATION BY BALRAM
 


When beginning his trip on poetry's road,
Thus did recognised masters' goad,
"Has written well,
Should strive to write better as well."

When the first book the shops did reach,
From the dias they did preach,
"Could make a reasonable poet in time,
But has miles to travel and mountains to climb".

When the first award was announced,
Some of them pronounced ,
"Good, there seems some scope,
And reason for hope."

Later on the cold body, in eternal rest,
Placing a wreath upon the chest,
Some lamented, "He wielded the pen like a sword,
A irrevocable loss, Oh my lord!"

Wednesday, July 18, 2012

വീണ്ടും വീണപൂവ്



കനത്ത മഴ.
കൊടുങ്കാറ്റ്. 
ഒരു പൂ കൂടി പൊഴിഞ്ഞ്
വീണിതല്ലോ കിടക്കുന്നു
പ്ലാസ്ടിക്ക് ചട്ടിയില്‍ നിന്ന്
കോണ്‍ക്രീറ്റ് ധരണിയില്‍.

കഞ്ഞിക്ക് കവിത മാത്രം
മതിയായിരുന്നെങ്കില്‍
ഇപ്പോള്‍ പിറക്കുമായിരുന്നു
ഒരു മഹാകാവ്യം.

ഇന്നിനി വയ്യ.
അവിടെ കിടക്കട്ടെ..
എത്ര പൂ വീണിരിക്കുന്നു.
ഇനിയെത്ര വീഴാനിരിക്കുന്നു !

വ്യാമോഹങ്ങള്‍

ജീവിതം നല്‍കാമെന്ന്
മോഹിപ്പിച്ച ചിലര്‍
എന്റെ 
സ്വാതന്ത്ര്യത്തിന് 
മോതിരവിരലില്‍ കടിഞ്ഞാണിട്ടു.

ധനം തരാമെന്നു
മോഹിപ്പിച്ച ചിലര്‍
എന്നെ പണിസ്ഥലത്തു
തളച്ചിട്ടു.

ഇവിടം പറുദീസയാക്കാമെന്ന്
ഭ്രമിപ്പിച്ച ചിലര്‍
എന്റെ വലതുകയ്യില്‍ 
കൊടി കെട്ടി.

പിന്നെ, സ്വര്‍ഗം തരാമെന്ന്
വ്യാമോഹിപ്പിച്ച ചിലര്‍
എന്റെ പണം കവര്‍ന്ന്
ദൈവത്തിനു കൊടുത്തു.

Friday, July 13, 2012

ഒളിക്യാമറ




നാടു മുഴുവന്‍ 
നന്നാക്കിക്കഴിഞ്ഞപ്പോളാണ് 
ഇനി പാര്‍ട്ടിയെ നന്നാക്കണം
എന്ന് തോന്നിത്തുടങ്ങിയത്.


അങ്ങനെയാണ് 
ഈ ഒളിക്യാമറ വാങ്ങുന്നത്...


ദൈവകണം പോലെ
അജ്ഞാതമായ,
മതേതരത്ത്വം പോലെ
അദൃശ്യമായ ക്യാമറ.


രഹസ്യക്കാഴ്ചയിലെ
ആദ്യത്തെ ചൂടന്‍ ഇനം 
തൂവല്‍ ചീന്തപ്പെട്ട ഒരു വാലാട്ടിക്കിളി, 
കൂടെ ഒരു കിഴവന്‍ മൂങ്ങ.


പക്ഷെ ഇപ്പോള്‍,
ഞാന്‍ പടമെടുക്കുന്നതിന്റെ
പടമെടുത്തവരുടെ 
പടമെടുത്തവരും
അവരുടെ പടമെടുത്ത 
മൂങ്ങയും, വാലാട്ടിയും
എന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നു.

Thursday, July 12, 2012

പറഞ്ഞിട്ടെന്താണ്..


നിനക്ക് മുന്‍പേ അവള്‍ക്ക്
ചങ്ക് പറിച്ചു കൊടുത്തവരോട്
നിന്റെയുള്ളിലെ മുറിവിനെക്കുറിച്ച് 
എന്തു പറയാനാണ്...

ആത്മാവില്‍ കാട്ടുതീ പേറുന്നവരോട്
നിന്റെ നെഞ്ചിലെ തീയിനെക്കുറിച്ച് 
എന്തു പറയാനാണ്...

ഉരുകിത്തീരുന്ന
മെഴുകുതിരികളോട്
ചൂടില്‍ വിയര്‍ക്കുന്ന
നിന്റെ ശരീരത്തെക്കുറിച്ച്
പറഞ്ഞിട്ടെന്താണ്..

പണ്ടേ പറച്ചിലിന്റെ

നിരര്‍ത്ഥകതയറിഞ്ഞത് കൊണ്ടാവാം 
ചിലരെങ്കിലും എല്ലാം പറയാതെ പറയുന്നത്.

Sunday, July 8, 2012

ഒരിക്കലെങ്കിലും



കാത്തിരുന്ന സന്ദേശം
അല്പം താമസിച്ചാല്‍
ആശങ്കപ്പെട്ടിട്ടുണ്ടോ
എപ്പോഴെങ്കിലും ?

ആ സാമീപ്യമില്ലെങ്കില്‍
എന്തര്‍ത്ഥം ജീവിതത്തിന്
എന്ന് സംശയിച്ചിട്ടുണ്ടോ
ഒരിക്കലെങ്കിലും ?

അപ്രധാനമായ എന്തോ ഒന്ന്
ഒരു നിധി പോലെ
സൂക്ഷിച്ചിട്ടുണ്ടോ
ഒരുപാടു കാലം ?

ഒരിക്കലെങ്കിലും
ഒരാള്‍ക്ക് വേണ്ടി
കണ്ണീരൊഴുക്കിയിട്ടുണ്ടോ
ഒരു രാത്രി മുഴുവന്‍ ?

തിരിച്ചറിഞ്ഞിട്ടുണ്ടോ
പ്രണയവേദനയ്ക്ക്
എത്ര മധുരമാണെന്ന് ?

Friday, July 6, 2012

പക്ഷെ

അന്ന്,
ഞാന്‍ അവളോട്‌ പറഞ്ഞു
"ഇഷ്ടമാണ്, പക്ഷെ..."
അപ്പോള്‍,
വാകമരച്ചില്ലകള്‍ക്കിടയിലൂടെ
എന്റെ ഇഷ്ടം
പറന്നു മറഞ്ഞു പോയി.

ഇന്നലെ,
ആ നിറവയറിലേക്ക് നോക്കി
ഞാന്‍ പറഞ്ഞു.
"പെണ്ണായിരിക്കണം എന്നാണ് ആഗ്രഹം, പക്ഷെ ..."
ഉടനെ,
ഒരു കുഞ്ഞിപ്പെണ്ണ്
ചിണുങ്ങി ഇറങ്ങിപ്പോയതിന്റെ
പാദസര കിലുക്കം
ഞാന്‍ കേട്ടു.

ഇന്ന്,
ഞാനൊരു ലേഖനമെഴുതി.
"കൊലപാതകത്തെ ഞാന്‍ അപലപിക്കുന്നു, പക്ഷെ..."
ആ നിമിഷം,
ലേഖനത്തില്‍ നിന്ന്
ഒരു വെളുത്ത പ്രാവ് പറന്നു പോയി.
ചോരക്കണ്ണുള്ള ഒരു കഴുകന്‍
ഞാനെഴുതിയ വാക്കുകളില്‍
ചിറകുവിടര്‍ത്തി വട്ടമിട്ടു പറന്നു !!

Thursday, July 5, 2012

ഗ്രന്ഥശാലാ സൂക്ഷിപ്പുകാരന്‍

ചട്ട കീറിയ പുസ്തകത്തില്‍
ചിറകൊടിഞ്ഞ ശാരന്ഗപ്പക്ഷികള്‍...
തടവറയിലെ ഞെരുക്കം
നാ
റാണത്ത് ഭ്രാന്തനെ
കൂടുതല്‍ ഭ്രാന്തനാക്കിയിരിക്കുന്നു...
അഴീക്കോടും, വിജയന്‍ മാഷും, പെരുമ്പടവവും
പിന്നെയുമാരോക്കെയോ
പൊടിപിടിച്ച താളുകളില്‍

വാ മൂടിയിരിക്കുന്നു...
പൊക്കമില്ലാത്ത മാഷിന്റെ
നാലുവരി ബോംബുകള്‍

പൊട്ടാതെ കിടക്കുന്നു...
ഗാന്ധിജിയും, അംബേദ്‌കറും, ഭഗത് സിങ്ങും, നെഹ്രുവും

ആരോ എഴുതി വച്ച സ്വന്തം കഥകള്‍
പറയാനാവാതെ വീര്‍പ്പുമുട്ടുന്നു...
ഇതിനിടയില്‍,
പൊടി ശ്വസിച്ച് ജലദോഷം പിടിച്ച
ഗ്രന്ഥശാലാ സൂക്ഷിപ്പുകാരന്‍
മറിച്ചു നോക്കുന്ന നാനയുടെ താളുകള്‍
മടക്കി വച്ച് പറയുന്നു -
"രണ്ടു പുസ്തകമോ ?

ചേട്ടന് ഇഷ്ടമുള്ളത്ര എടുത്തോ...
ഇവിടെ വേറാരും വരാറില്ല."