Friday, July 6, 2012

പക്ഷെ

അന്ന്,
ഞാന്‍ അവളോട്‌ പറഞ്ഞു
"ഇഷ്ടമാണ്, പക്ഷെ..."
അപ്പോള്‍,
വാകമരച്ചില്ലകള്‍ക്കിടയിലൂടെ
എന്റെ ഇഷ്ടം
പറന്നു മറഞ്ഞു പോയി.

ഇന്നലെ,
ആ നിറവയറിലേക്ക് നോക്കി
ഞാന്‍ പറഞ്ഞു.
"പെണ്ണായിരിക്കണം എന്നാണ് ആഗ്രഹം, പക്ഷെ ..."
ഉടനെ,
ഒരു കുഞ്ഞിപ്പെണ്ണ്
ചിണുങ്ങി ഇറങ്ങിപ്പോയതിന്റെ
പാദസര കിലുക്കം
ഞാന്‍ കേട്ടു.

ഇന്ന്,
ഞാനൊരു ലേഖനമെഴുതി.
"കൊലപാതകത്തെ ഞാന്‍ അപലപിക്കുന്നു, പക്ഷെ..."
ആ നിമിഷം,
ലേഖനത്തില്‍ നിന്ന്
ഒരു വെളുത്ത പ്രാവ് പറന്നു പോയി.
ചോരക്കണ്ണുള്ള ഒരു കഴുകന്‍
ഞാനെഴുതിയ വാക്കുകളില്‍
ചിറകുവിടര്‍ത്തി വട്ടമിട്ടു പറന്നു !!

3 comments:

Please do post your comments here, friends !