Tuesday, October 30, 2012

തുണിക്കടയില്‍ നിന്ന് ടെക്സ്റ്റൈല്‍ ഷോപ്പിലേക്ക്



രാമേട്ടന്റെ തുണിക്കട
ഷര്‍ട്ടുകള്‍ക്ക് അഞ്ച് കൊല്ലത്തെ മിനിമം ഗ്യാരണ്ടി.
മുന്നൂറു രൂപയ്ക്ക് രണ്ടു ഷര്‍ട്ട്..
ഒരു സഞ്ചി നിറയെ നാട്ടുവര്‍ത്തമാനവും.
ഷര്‍ട്ടിന്റെ കോളറിനു പിന്നില്‍
" ഇന്റിപെന്റന്‍സ് " എന്നെഴുതിയ തുണിയില്‍
രണ്ടക്ഷരം തെറ്റുണ്ടാവുമെങ്കിലും .
"ഈ വിലകൂടിയ ഷര്‍ട്ട് വേണ്ടെങ്കില്‍ 
വേറെയും ഉണ്ടെടാ ഇവിടെ "
എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ കാണും.


" തങ്കാളി കിലേ 14 രൂപ " എന്നെഴുതിയ
ജോണിച്ചേട്ടന്റെ കട.
മുന്തിയ അരി നോക്കിപ്പോയാല്‍
"ഇദ് എടുത്തോ മോനെ ,
വില കുറവാണ്,
പക്ഷെ നല്ല സാധനാ,
എല്ലാരും ഇതാ കൊണ്ടുപോണത് "
എന്നൊരു കാട്ടിത്തരല്‍ കാണും.

പക്ഷെ,
ഈ നഗരത്തില്‍ മാത്രമെന്തേ
" ആയിരം രൂപയുടെ ഷര്‍ട്ടോ ? "
എന്ന ഒരു പാവം ചോദ്യം
തമിഴ്നാട് കോട്ടണ്‍ സാരി ധരിച്ച സെയ്ല്സ് ഗേളില്‍ നിന്ന്
ഒരു അതിശയ നോട്ടമായി,
കോട്ടിട്ട മാനേജരിലെക്കും,
കാഷ് കൌണ്ടറിലെ സുന്ദരിയിലേക്കും പോയി
പിന്നെ, പോയവഴി മടങ്ങി
നമ്മിലേക്ക്‌ തന്നെ വരുന്നത് ?
അതും, പുച്ഛവും പുളിപ്പും ചേര്‍ന്ന് ?

Monday, October 22, 2012

ദൂരക്കാഴ്ച



മേഘങ്ങളോളം ഉയര്‍ന്നു നോക്കുക
ചിതറിത്തെറിച്ച്,
കാഴ്ച മറച്ച്,
അവ മേഘങ്ങളേ അല്ലാതാകും.

മലകളിലേക്കടുത്ത് നോക്കുക.
അപ്പോള്‍ അത്,
വന്‍മരങ്ങളും
പുല്പ്പടര്‍പ്പുകളും
നിഗൂഡതകളുമായിത്തീരും.

കടലിലേക്കായാലോ ?
തിരകള്‍ നിന്നെ വലിച്ചെടുക്കുന്നത്
തിരിച്ചുവരവില്ലാത്ത 
അജ്ഞാത തീരത്തേക്കായിരിക്കും.

ദൂരെ നില്‍ക്കുക..
നിന്റെ കണ്ണിലെ മേഘങ്ങളെ മേഘങ്ങളായും,
നിന്റെ മനസ്സിലെ മലകളെ മലകളായും,
നിന്റെയുള്ളിലെ കടലിനെ കടലായും കാണുക.

Thursday, October 18, 2012

കുപ്പിക്കുള്ളിലെ ഭൂതം




ചില കുപ്പികള്‍ക്കുള്ളില്‍ 
ചോദിക്കുന്നതെല്ലാം തരുന്ന
ഭൂതങ്ങള്‍ കാണുമത്രേ.

എന്നും വാങ്ങുന്നുണ്ട്
ഓരോ കുപ്പി.

എന്നിട്ടും ഒരു ഭൂതവുമെന്തേ
ഈ തലതിരിഞ്ഞ 
ഭൂമിയൊന്നു നേരെയാക്കാത്തത് ?
ഈ ഇഴഞ്ഞുപോകുന്ന 
സൈക്കിളൊന്നു  നേരെയോട്ടാത്തത്‌  ?

എന്തേ വിളക്കുമരച്ചോട്ടില്‍ നിന്ന് 
പൊക്കി വീട്ടുകട്ടിലിലിടാത്തത് ?
പൊന്നുമോളുടെ കല്യാണത്തിന് 
പൊന്ന് തരാഞ്ഞത് ?
ഓര്‍മ്മകള്‍ എന്നേയ്ക്കുമായി
മായ്ച്ചു കളയാത്തത് ?

ശരിയാണ്
കുപ്പിക്കുള്ളില്‍ ഒരു ഭൂതമുണ്ട്
എന്റെ  ഭാവി തിന്ന് കൊഴുത്ത ഒരു ഭൂതം !

Tuesday, October 16, 2012

പുസ്തകങ്ങള്‍




പലതും നീ കാണുന്നതുപോലുമില്ല,
ഞാനും.

എങ്കിലും, 
എന്റെയും നിന്റെയും മുന്‍പില്‍
ഈ ജീവിതം  തുറന്നുവച്ചു തരുന്നത്
എത്ര പുസ്തകങ്ങളെയാണ് ?

തിരിച്ചു പോകാന്‍ ശ്രമിച്ച്
പരാജയപ്പെട്ട വാക്കുകളുള്ള
ചില പുസ്തകങ്ങള്‍..

ചിലതില്‍ ചങ്ങലപ്പൂട്ടുകളാല്‍ 
ബന്ധിക്കപ്പെട്ട ചലനമറ്റ വരികള്‍..

ചില പുസ്തകങ്ങളില്‍ നിന്ന്
സ്നേഹിക്കാനുള്ള ആഹ്വാനം...

ചിലതില്‍ നിന്ന്
ഉപേക്ഷിക്കാനുള്ള അപേക്ഷ.

ചിലതില്‍ 
എഴുതിയവന്‍ പാതിയില്‍ ഉപേക്ഷിച്ച
അപൂര്‍ണാക്ഷരങ്ങള്‍...

ചിലത് കണ്ണോടിക്കുന്തോറും
വളര്‍ന്നു വരുന്നവ...

ഒന്നോര്‍ത്താല്‍
നീയും ഒരു പുസ്തകമല്ലേ ?
മനസ്സിരുത്തി വായിച്ചെത്തും  മുന്‍പേ 
എനിക്ക് കൈമോശം വന്ന ഒരു പുസ്തകം ?

ഞാനോ ?
വായനശാലയില്‍ 
ആയിരം പുസ്തകങ്ങള്‍ക്കിടയില്‍
ആരുടേയും കണ്ണില്‍പെടാതെ 
മറഞ്ഞിരുന്ന ഒരു പുസ്തകം..

ഭരണം




അന്നത്തെ ഭരണമായിരുന്നു ഭരണം.
മക്കളെ, മരുമക്കളെ
പെങ്ങളെ, അനിയന്മാരെ 
അമ്മയെ ഭരിച്ച്
ഏകാധിപത്യപ്പൊന്‍കിരീടം  ചൂടി
ഭരിച്ചു രസിച്ച കാലം.

എങ്കിലും 
എത്ര നന്നായി ഭരിച്ചാലും 
ഭരണകര്‍ത്താവ് എന്നും അടിച്ചമര്‍ത്തുന്നവനും
ഭരിക്കപ്പെടുന്നവന്‍ എന്നും അടിച്ചമര്‍ത്തപ്പെടുന്നവനും തന്നെ.
ഭരണം മോശമാണെങ്കില്‍
പിന്നെ പറയുകയും വേണ്ട !
ഭരണവിരുദ്ധവികാരത്തിന് 
എന്നും കീ കൊടുക്കപ്പെട്ടുകൊണ്ടിരിക്കും.
ഭരണം എത്ര നീളുന്നുവോ
അത്രയും ഊര്‍ജമുണ്ടാവും തിരിച്ചടിക്ക്.

അതുകൊണ്ട്,
പിറുപിറുപ്പായും  
മുറുമുറുപ്പായും  
ആദ്യ എതിര്‍സ്വരമുയര്‍ന്നപ്പോള്‍ 
അവഗണിക്കാനായില്ല.
ഒരു കൂട്ടുകക്ഷിയെക്കൂട്ടി - ഭാര്യ.

തന്ത്രപരമായി
വിട്ടുകൊടുത്തത്  
ഒരേയൊരു 
സ്വയംഭരണപ്രദേശം - അടുക്കള.

അടുക്കളവകുപ്പ് മന്ത്രിയെന്നോ...
അടുക്കള റാണിയെന്നോ...
പോര്‍ട്ട്‌ഫോളിയോ അടുക്കളഭരണമെന്നോ ...
എന്താണ് പറയേണ്ടത് ?

എന്തായാലും,
നൂറു ശതമാനം സ്ത്രീസംവരണം.
മോഹനസുന്ദരം !
" പൂരവും കണ്ടു,
താളിയും ഒടിച്ചു."

പക്ഷെ,
ഈ നശിച്ച സൗജന്യവിദ്യാഭ്യാസം !
ആ പഴയ കാലമൊക്കെ പോയി.
ചിലര്‍ക്കെല്ലാം തിരിച്ചറിവായപ്പോള്‍
ഭരണവുമില്ല, പ്രജകളുമില്ല.

സടകൊഴിഞ്ഞ പഴയ സിംഹങ്ങളിപ്പോള്‍
വഴിയരികില്‍ അടുക്കളകള്‍ ഭരിക്കുകയാണ്
ഭരിക്കപ്പെടുകയും...

Saturday, October 13, 2012

ഒരാണ്‍മാവും, ഒരു പെണ്‍മാവും..



കുന്നിന്‍ പുറത്തുണ്ട് മാവുകള്‍ രണ്ട്,
ഒന്നാണ്, 
മറ്റേതു പെണ്ണും.

ഒന്നിച്ചു കുന്നിന്‍പുറത്തു നില്‍ക്കുമ്പോഴും
രണ്ടിനും കണ്ണ് താഴോട്ട്.

കാറ്റത്തുലഞ്ഞും മഴപ്പെയ്ത്തിലാടിയും
പൊന്‍വെയില്‍ കൊണ്ടാല്‍ ചിരിച്ചും,
താഴെയുണ്ടായിരം മാവുകള്‍
പാതിയും പെണ്ണുങ്ങള്‍,
ബാക്കിയാണുങ്ങള്‍.

ഒരു നാള്‍,
കുന്നിന്‍പുറത്തെയാണ്‍മാവിന്റെ ചിന്തയില്‍
നിന്നുകൊണ്ടാരോ മൊഴിഞ്ഞു -
"എത്രയേകാന്തമീ കുന്നിന്‍പുറം,
എത്ര സുന്ദരം താഴ്വാരഭൂമി.
എത്രയാണ്‍മാവുകള്‍,
എത്ര പെണ്‍മാവുകള്‍
എത്ര വ്യത്യസ്തരൂപങ്ങള്‍
എത്ര മാമ്പൂവുകള്‍,
എത്ര പൂമ്പാറ്റകള്‍
എത്ര വ്യത്യസ്തഭാവങ്ങള്‍. "

പിന്നീട്,
കുന്നിന്‍പുറത്തെയാണ്‍മാവു മാത്രം
മെല്ലെ കുന്നിറങ്ങാന്‍ തുടങ്ങുന്നു.
ആയിരം മാവുകള്‍
പൂത്തുല്ലസിക്കുന്ന
താഴവാരമെത്തി നില്‍ക്കുന്നു.

ഇവിടെ,
ഹാ, എത്ര പെണ്‍മാവുകള്‍
പക്ഷെ, എല്ലാത്തിനും കണ്ണു മുകളിലേക്ക് !
പെണ്‍മാവൊന്നില്‍
ചെമ്മാമ്പഴങ്ങള്‍
ഒന്നിനും പക്ഷെ, മുഴുപ്പില്ല
പിന്നീടൊന്നില്‍
വന്‍മാമ്പഴങ്ങള്‍,
ഒന്നിനുമെന്നാല്‍ മധുരമില്ല
പിന്നൊരു മാവിലോ
തേന്‍മാമ്പഴങ്ങള്‍,
കഷ്ടം, പുഴുവരിക്കുന്നു.

കുന്നിന്റെ താഴെയുണ്ടേറെയാണ്‍മാവുകള്‍
കണ്ണുകളെല്ലാം മേലോട്ട്.
ആയിരം കണ്ണുകള്‍,
കാഴ്ചയോരോന്നിലും
കുന്നിന്‍പുറത്തെ പെണ്‍മാവ് !
ചുറ്റും നടക്കുന്ന
കാര്യങ്ങള്‍ കാണുന്ന
കണ്ണുകള്‍ ഒന്നിനുമില്ലത്രേ !

നേരം പുലര്‍ന്നപ്പോള്‍,
ആണ്‍മാവ് വീണ്ടും
ആ കുന്നിന്‍പുറത്തേയ്ക്ക് പോകുന്നൂ.
ഒറ്റയ്ക്ക് കുന്നിന്‍പുറത്തു നിന്നീടുന്ന
പെണ്‍മാവിനോടൊത്ത് ചേരുന്നു !

Friday, October 12, 2012

ശീലം



കളിക്കണമെന്ന് തോന്നുമ്പോള്‍
മനസ്സിലൊരു കാരണവരിരുന്ന്
വെറ്റില ചവച്ച് മുഖം മുറുക്കുന്നു.

ചോദിക്കണമെന്ന് തോന്നുമ്പോള്‍
മതിയില്‍ ഒരല്‍പജ്ഞാനിയിരുന്ന് 
സ്വയം ഉത്തരങ്ങള്‍ സൃഷ്ടിക്കുന്നു.

പറയണമെന്ന് തോന്നുമ്പോള്‍
അകത്തൊരു ഭീരുവിരുന്ന് 

നിരന്തരം വിലക്കുന്നു.

കരയണമെന്നാവുമ്പോള്‍
ഉള്ളിലൊരു ദുരഭിമാനിയിരുന്ന്
ഗൗരവം പഠിപ്പിക്കുന്നു.

ചോദിക്കാതെ, പറയാതെ
കളിക്കാതെ, കരയാതെയിരുന്ന്
കാഴ്ചകളെല്ലാം
ഇന്നൊരു ശീലമായിരിക്കുന്നു.

സ്വപ്നത്തിലൊരു സ്വപ്നം



പുലരാനല്പമുള്ളപ്പോള്‍ 

സ്വപ്നം കണ്ടുണര്‍ന്നു ഞാന്‍
സുഖദം സ്വപ്നമെങ്കിലും
മുക്കാലുമോര്‍മയില്ലെടോ.

സ്വപ്നത്തിലെന്നെക്കണ്ടൂ ഞാന്‍
സ്വപ്നം കണ്ടിരിപ്പതായ്
ആ സ്വപ്നത്തിലുമെന്നെത്താന്‍ 
സ്വപ്നത്തില്‍ കണ്ടിരിപ്പു ഞാന്‍

ഓര്‍ത്തോര്‍ത്തങ്ങനെ പോകുമ്പോള്‍
ഭൂമിയും സ്വപ്നമാകുന്നു.
ഭൂമിയില്‍ കണ്ട കാര്യങ്ങ-
ളെല്ലാം സ്വപ്നമാകുന്നു

പത്ത് കാശിന്റെ ജോലിക്കായ്
ജീവിതം തളച്ചിട്ടതും
ബില്ലടക്കുവാന്‍ കാശിന്നായ്
തെണ്ടലും സ്വപ്നമാകുന്നു

ടി.പി.യെക്കൊന്ന വാളിന്റെ
മൂര്‍ച്ചയും സ്വപ്നമാകുന്നു
കോടികള്‍ കട്ട നേതാവിന്‍
ആര്‍ത്തിയും സ്വപ്നമാകുന്നു

ചിന്തിച്ചങ്ങനെ നില്‍ക്കുമ്പോള്‍
ടി.പിയും സ്വപ്നമാകുന്നു
അന്തിച്ചങ്ങനെ നില്‍ക്കുമ്പോള്‍
കോടികള്‍ സ്വപ്നമാവുന്നു

പിന്നെയും ചിന്തപോയപ്പോള്‍
ദൈവവും സ്വപ്നമാകുന്നു
നിദ്രയില്‍, ദൈവസ്വപ്നത്തില്‍
നിന്നെ,യെന്നെയും, കാണുന്നു.

ഇപ്പോള്‍, ദൈവസ്വപ്നത്തില്‍
സ്വപ്നവും കണ്ടിരിപ്പൂ ഞാന്‍
എന്റെ സ്വപ്നത്തിലെപ്പോഴോ
ദൈവവും വന്നുകേറുന്നു.

Thursday, October 4, 2012

പ്രണയമുദ്രണം



ഒരു പക്ഷെ, 
പ്രണയകാലത്തിന് തൊട്ടുമുന്‍പ്,
അവരുടെ മനസ്സുകളില്‍
തിളയ്ക്കുന്ന ലോഹമായിരുന്നിരിക്കണം.

തൊട്ടിരുന്നപ്പോള്‍ 
കുളിര്‍ത്തും തണുത്തും
അതൊരു കട്ടിലോഹമായി
ഉറച്ചുപോയതായിരിക്കണം.

അതിനിടയില്‍,
ഉരച്ചാലും മായ്ച്ചാലും പോകാതെ
ഓരോന്നിലുമൊരു
രൂപവും പതിഞ്ഞിരിക്കണം...
അവളുടെതില്‍ ഒരാണിന്റെയും..
അവന്റെതില്‍ ഒരു പെണ്ണിന്റെയും.

അതുകൊണ്ടായിരിക്കും
രണ്ടിലും,
പിന്നീടെത്ര ചേര്‍ക്കാന്‍ നോക്കിയിട്ടും
മുഴുവനായങ്ങ്  ചേരാന്‍ 
മറ്റൊരു രൂപവും 
കൂട്ടാക്കാതെയായത്‌ !

കടല്‍



ബാല്യങ്ങള്‍ക്ക്‌,
മണല്‍ത്തരികളിലൊരു കളിത്തട്ട്.
ചെറുഭയം പകരും ജലസ്പര്‍ശം.

കമിതാക്കള്‍ക്ക്,
ജീവിതപ്രതീക്ഷകളുടെ 
അനന്തചക്രവാളം.
അനുരാഗം പോലെ
തിരയടികളുടെ നൈരന്തര്യം

വ്യഥിതര്‍ക്ക്,
ഹൃദയഭാരമൂതിപ്പറത്താനൊരു
ജലവിശാലത.
കടല്‍ക്കാറ്റിന്‍ സാന്ത്വനം.

എകാകികള്‍ക്ക്
തിരയിരമ്പങ്ങളൊരു കൂട്ട്.
വ്രണിതഹൃത്തിലേക്കൊരു കുളിര്‍മൊഴി.

കടലിനെക്കുറിച്ച് ഇനിയെന്താണ് പറയുക ?

ഹൃദയവികാരങ്ങളുടെ കണ്ണാടിയെന്നോ ?

Wednesday, October 3, 2012

മുറിവുണക്കാന്‍ പുരട്ടുന്ന ലേപനം



കവിതയല്ലെന്റെ ഹൃദയമാണിത്..
നിങ്ങള്‍ ഇനിയിതില്‍ നുള്ളിനോക്കാതിരിക്കുക
ചിതലുതിന്നുന്ന ചിത്രങ്ങളുണ്ടതില്‍
ഒരു കുടച്ചിലില്‍ വീണുപോകാത്തവ.

ഉയിരടഞ്ഞോരിരുള്‍ക്കോട്ടയില്‍ നിന്ന് 
പകലുകാണാന്‍ കൊതിക്കുന്ന ബന്ദിപോല്‍ 
തുടലുപൊട്ടിച്ചൊരുന്മത്ത രൂപമായ്‌
ഉലകമാകെപ്പരക്കുന്ന വാക്കുകള്‍.



ഇതു നിലാവിന്‍ അരത്തുടം വെട്ടത്തില്‍
പകുതിമാത്രം തുടിക്കുന്ന നെഞ്ചകം
ചിറകു കീറിപ്പിടഞ്ഞ സ്വപ്നങ്ങളില്‍
മുറിവുണക്കാന്‍ പുരട്ടുന്ന 
ലേപനം .

ശലഭമല്ലെന്റെ കദനമാണിത്
നിങ്ങള്‍ ചിറകുകള്‍ തൊട്ടുനോക്കാതിരിക്കുക
കരളുനീറ്റുന്ന തീച്ചൂളയുണ്ടിതില്‍ ..
ഒരു വിളിപ്പാടുദൂരെ നിന്നീടുക !