Monday, April 29, 2013

"അപകടം" എന്നെഴുതിവെച്ച 
വൈദ്യുതി ടവറുകളും,

"എന്റേത്, നിന്റേത്, അവരുടേത്"
എന്നെല്ലാം പറയാതെ പറയുന്ന 
കോണ്‍ക്രീറ്റ് കാലുകളും
വരുന്നതിനു വളരെ മുന്‍പ്;

ആര്‍ത്തി വിതച്ച്
പതിരു കൊയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ്,
നമ്മുടെ ഈ തരിശുഭൂമി
ഒരു വനമായിരുന്നിരിക്കണം.

അതിരുകള്‍ തിരിക്കപ്പെടാത്ത വനഭൂമിയില്‍
എല്ലാത്തിനെയും ഭയന്നു ജീവിച്ച
വെറും കാട്ടുമൃഗങ്ങളായിരുന്നിരിക്കണം
നീയും ഞാനും.

ഭയം വേണം !
അതില്ലാത്തതു കൊണ്ടല്ലേ
എല്ലാം കരിഞ്ഞില്ലാതായിട്ടും
നമുക്കൊരു കുലുക്കവുമില്ലാത്തത്?

Thursday, April 25, 2013

"എല്ലാം ഉണങ്ങിപ്പോയല്ലോ"
"പച്ചച്ചു നിന്നിട്ടെന്തിനാ?"

"കിഴക്കേത്തൊടിയിലെ മാവെവിടെ?"
" മുറ്റത്ത് ടൈലിടാന്‍ നേരം വിറ്റു. "

"ചായ്ച്ചിറക്കിലിരുന്ന തൂമ്പായും കൊത്തിയും? "
" തുരുമ്പെടുത്തപ്പോള്‍ ഇരുമ്പുവിലയ്ക്ക് കൊടുത്തു. "

"വടക്കേമൂലയിലെ കുളമെവിടെ?"
" മണ്ണിട്ടു മൂടി 5 സെന്റ്‌ പ്ലോട്ടാക്കി. "

"കുളത്തിലേക്കുള്ള കൈത്തോടെവിടെ?"
" അവിടെയല്ലേ മതിലു നില്‍ക്കുന്നത് ?"

"ഇപ്പൊഴീ തേന്‍വരിക്കയെന്തിനാ വെട്ടിയത്?"
" എന്തൊരു ചൂടാ മാഷേ, ഹൌ, ഒരു എ. സി. വാങ്ങണം. "

Tuesday, April 16, 2013

വെയിലേറ്റു കരിയുമീ ക്യാന്‍വാസു മാറ്റി നാം 
പുതിയ ചിത്രത്തിന്നൊരുക്കം തുടങ്ങണം 
കരിനീലമഷികൊണ്ടു മേഘം വരയ്ക്കണം 
മരുഭൂമി മായ്ച്ചിതില്‍ മലകള്‍ വരയ്ക്കണം
ഒരു കോണില്‍ നിന്നും പുറപ്പെട്ടു വറ്റാതെ 
മറുകോണിലെത്തുന്ന പുഴകള്‍ വരയ്ക്കണം
പലനിറം കൊണ്ടിതില്‍ പൂക്കള്‍ വരയ്ക്കണം 
തെളിനീരു വറ്റാത്ത കിണറും വരയ്ക്കണം
ചെറുകാറ്റിലാടുന്ന കതിരുകള്‍ നിറയുന്ന 
മണിനെല്ലു വിളയുന്ന പാടം വരയ്ക്കണം.
"ചിത്രശലഭമേ... 
നീയെന്തിനാണെപ്പോഴും 
എന്നെ മാത്രമിങ്ങനെ 
വലം വയ്ക്കുന്നത് ?"

സൂനമേ,
ഇനിയും വസന്തമുണ്ടാകും
ആയിരം പൂക്കള്‍ വിരിയും. 

പക്ഷെ അന്നൊരുപക്ഷേ 
നീയും ഞാനും 
ഉണ്ടായിരിക്കുമെന്നാരു കണ്ടു?

നമ്മുടേതായ ഒരേയൊരു വസന്തമാണിത്. 
നീയും ഞാനുമുള്ള വസന്തം !

Thursday, April 11, 2013

എത്ര വിയര്‍ത്തിട്ടും 
തള്ളി നീക്കാനാവുന്നില്ലല്ലോ 
ഈ വേനല്‍ക്കാലത്തെ !

സ്മൃതിപുഷ്പങ്ങള്‍

പോയകാലത്തിന്‍ 
സ്മൃതിപുഷ്പങ്ങള്‍ പേറുന്നതാം
ശാഖിയൊന്നെന്നാത്മാവിന്‍ വാടിയിലിതുവരെ 
കാത്തുസൂക്ഷിച്ചൂ,
വേനല്‍ ചൂടിലും കരിയാതെ
ഏതു കാറ്റിലും 
മഴപ്പെയ്ത്തിലും കൊഴിയാതെ...

ചിലപ്പോള്‍ നിനക്കു മനസ്സിലായേക്കും


അറിയാനാവുന്നില്ലേ?
ഈ ഉള്‍ക്കടലില്‍ 
ഒരു കൊടുങ്കാറ്റു വീശുന്നുണ്ട്. 

കരയെ ചുംബിച്ചു മടങ്ങിപ്പോകുന്ന 
തിരകളിലൊന്നില്‍
ഞാന്‍ നിനക്കൊരു 
സന്ദേശം കൊടുത്തയക്കുന്നു... 
ചുവന്ന സൂര്യനെ ചുറ്റിപ്പറക്കുന്ന
കടല്‍പ്പക്ഷികള്‍ കാണാതെ...

സാന്ധ്യശോണിമയും കടല്‍നീലിമയും
കറുപ്പിലലിയുന്നതിനു മുന്‍പ്
നീ മറുകരയിലെത്തൂ.

വൈകിയില്ലെങ്കില്‍,
നിന്റെ പാദങ്ങളില്‍
സ്പര്‍ശിക്കുന്ന തിരകളിലൊന്ന്
ഞാനയച്ചതായിരിക്കും.

ഉള്‍ക്കടലിലെ അശാന്തമായ
കാറ്റിനെക്കുറിച്ച്
അപ്പോള്‍ നിനക്കു മനസ്സിലായേക്കും.