Tuesday, January 29, 2013

Short poems


1.
"കണ്ണുനീര്‍ കൊണ്ട് വരച്ചതാണ്
അല്പം വിഷാദച്ഛവിയുമുണ്ട്
എങ്കിലും ചിത്രം രസിച്ചുവെങ്കില്‍
ദൂരെ നിന്നങ്ങനെയാസ്വദിപ്പിന്‍"

2.

"ചങ്ങാതിയാണേലും
അസമയത്തണയുമ്പോള്‍
മഴ പോലുമെന്തൊരു ശല്യം"

3.

"ഇക്കടലില്‍ നിന്നെന്നെ രക്ഷിക്കണേ
ആ ചെകുത്താന്റെ മുന്നിലേക്കെറിയണേ
അഞ്ചുകൊല്ലങ്ങള്‍ തീരുമ്പോഴെന്നെ നീ
വീണ്ടുമിക്കടലില്‍ തന്നെയാഴ്ത്തണേ"

4.

സകല പുഷ്പങ്ങളെയും 
ചുംബിക്കും ശലഭമേ,
ഇനിയും അചുബിതപുഷ്പത്തെ 
തേടുന്നതെന്തിനു നീ ?

5.

സുന്ദരിപ്പൂക്കള്‍ കൊഴിഞ്ഞുപോയി 
പാറും ശലഭങ്ങള്‍ മാഞ്ഞു പോയി 
സസ്യമേ നീയിനിയെത്ര കാലം 
വേവുമീ വേനലില്‍ വാടി നില്‍ക്കും?

Sunday, January 27, 2013

മനസ്സില്ലാഞ്ഞിട്ടോ ?

എന്തുകൊണ്ടാണ് 
റെയില്‍പാളങ്ങള്‍ക്കടുത്ത് 
കരിപുരണ്ടവരും 
വരണ്ട കാല്‍കളില്‍ ചെളിപുരണ്ടവരും 
കരിഞ്ഞ ചിരിയുള്ളവരും മാത്രം 
കറുത്തു കൂനിയ
കൂരകള്‍ പണിയുന്നത് ?

എന്തുകൊണ്ടാണ്
വാഴ്ത്തപ്പെട്ടവര്‍
റെയില്‍പാളങ്ങള്‍ക്കടുത്ത്
കൂറ്റന്‍ വീടുകള്‍ പണിയാത്തത്?

തെറിച്ചുവീഴുന്ന മാംസപിണ്ഡത്തെ
കടിച്ചുകീറുന്ന നശിച്ച കരളുറപ്പിനെ
സഹിച്ചിരിക്കുവാന്‍ കരുത്തു പോരാഞ്ഞോ ?

പല വികാരങ്ങള്‍,
പല വിചാരങ്ങള്‍,
കനത്ത നെഞ്ചിലാണ്ടിരിക്കും ചിന്തകള്‍
ഇതൊക്കെ സഞ്ചിയില്‍ നിറച്ചു പോകുവോര്‍
വമിക്കും കാര്‍ബണില്‍ കലര്‍ന്ന വാതകം
ശ്വസിച്ചു ജീവിക്കാന്‍ മനസ്സില്ലാഞ്ഞിട്ടോ ?

Thursday, January 24, 2013

തുരുത്തുകളിലെ മനുഷ്യര്‍


എണ്ണിക്കിട്ടിയ പണത്തില്‍ നിന്ന്
നിസ്സംഗതയുടെ വീട്ടിലേക്ക്
ദൃഷ്ടികള്‍ താഴോട്ടഴിച്ചിട്ട്
അവര്‍ നടക്കുന്നു.

കേള്‍ക്കാനാരുമില്ലാത്തതിനാല്‍
തുരുത്തുകളിലെ മനുഷ്യര്‍
ചിരി മറക്കുന്നു.

വിയര്‍പ്പില്‍ തീര്‍ത്തതെല്ലാം
ഒന്നെണ്ണി നോക്കുമ്പോഴേക്കും തീര്‍ന്നുപോകുന്നു.

ചിരിക്കാത്തവരുടെ വീട്ടില്‍
അവര്‍ അന്തിയുറങ്ങുന്നു.

ചിരിക്കാനും ചിരിപ്പിക്കാനും ശ്രമിച്ച്
അവരെന്നും തോറ്റുപോകുന്നു.

മറ്റുചിലര്‍ ചിരിക്കുമ്പോള്‍
അവര്‍ വെറും വെറുതെ അസ്വസ്ഥരാകുന്നു.

പലവുരു നോക്കിയിട്ടും ഞാന്‍ കണ്ടിട്ടില്ല
അവരൊന്നുള്ളുതുറന്നു ചിരിക്കുന്നത്.

ഒന്ന് ചിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍
ആ മുഖങ്ങളില്‍ വിടരുന്ന ദയനീയത
നിങ്ങളെ സത്യമായും വേദനിപ്പിക്കും.

നിങ്ങള്‍ പറയുമായിരിക്കും
"ജീവിതം നിങ്ങളെ ഏതൊക്കെ രീതിയില്‍ പരീക്ഷിച്ചാലും
ചിരിക്കാന്‍ പഠിക്കണം" എന്നൊക്കെ.

അല്ലെങ്കിലും ഉപദേശിക്കാന്‍ നമ്മളെല്ലാം
എത്ര മിടുമിടുക്കന്മാരാണ് !

Saturday, January 19, 2013

ഒരു സ്വപ്നമുണ്ടായിരുന്നു...



നീയെനിക്കാരായിരുന്നു 
കിനാവിന്റെ വീഥിയില്‍ കത്തും വിളക്കായി മാറുവാന്‍
നീയെനിക്കാരായിരുന്നു 
നിലാവിന്‍ വെളിച്ചമായ്, സ്വപ്നമായ്, ദുഖമായ് മാറുവാന്‍

നീയെനിക്കാരായിരുന്നു 
എറിഞ്ഞിട്ട മോതിരക്കല്ലിലെ കണ്ണുനീരാകുവാന്‍ 
നീയെനിക്കാരായിരുന്നുവെന്‍ 
പുസ്തകത്താളിലെ മായാത്ത വാക്കായി മാറുവാന്‍

ഞാന്‍ നിനക്കാരായിരുന്നു, 
നിരന്തരം കാലില്‍ കുടുങ്ങും പടര്‍പ്പായി മാറുവാന്‍ 
ഞാന്‍ നിനക്കാരായിരുന്നു, 
നിന്നോര്‍മ്മകള്‍ മങ്ങുമ്പൊളഗ്നിയായ് വീണ്ടുമാളിക്കുവാന്‍ 

ഒരു ദുഖമുണ്ടായിരുന്നു 
കറുപ്പിന്റെ വഴികളില്‍ നീയെന്നെ ഒറ്റയ്ക്കയക്കവേ 
ഒരു ദുഖമുണ്ടായിരുന്നു 
തപിക്കുമെന്‍ ഉള്ളത്തെയറിയാതെ നീയകന്നീടവേ

ഒരു സ്വപ്നമുണ്ടായിരുന്നു 
തിരക്കിന്റെ വീഥിയില്‍ നമ്മെ മറന്നു നാം പോകവേ
ഒരു സ്വപ്നമുണ്ടായിരുന്നുവെന്‍ 
ചാപല്യചിന്തയില്‍, നീയന്നറിഞ്ഞില്ലയെങ്കിലും

ഒരു ദുഖമുണ്ടായിരുന്നു....
നിന്‍ പുഞ്ചിരി എന്നേയ്ക്കുമായത്തില്‍ മങ്ങാതിരിക്കുവാന്‍;

ഒരു സ്വപ്നമുണ്ടായിരുന്നു...
പൊലിഞ്ഞൊരാ സ്വപ്നമായ് നീയും മരിക്കാതിരിക്കുവാന്‍;

ഇരുളിലേക്കലിയുന്നു ഞാന്‍ 
നിന്റെയോര്‍മ്മയില്‍ തെളിയും വെളിച്ചമായ് മാറാതിരിക്കുവാന്‍
ഇരുളിലേക്കലിയുന്നു ഞാന്‍ 
നിന്റെ മോതിരക്കല്ലിലെ വറ്റുന്ന കണ്ണുനീരാകുവാന്‍

Friday, January 18, 2013

Short poems

1.

"അവന്‍ "പര്‍ദേശി" പാടിയ
അതേയോടക്കുഴല്‍ വാങ്ങി
ഞാനിതെന്തപശബ്ദം മുഴക്കുന്നു !"

2.

"കണ്ടില്ല, കുയിലേ, ഞാന്‍
നിന്നെ,യെന്നാകിലും,
നിന്‍ പാട്ടു കേള്‍പ്പു,
ഹാ, ഉയിരോടെയുണ്ടു നീ !"

3.

"ഉണര്‍ന്നെഴുന്നേല്‍ക്കുവതു
നിന്നരികിലാവുമ്പോള്‍
പുലരികളെത്ര സുന്ദരം !"

4.

"വഴിതെറ്റിയെങ്കിലും
ശലഭമൊന്നണയുവാന്‍
പുല്‍ക്കൊടി, പാവം,
കൊതിച്ചുപോയി"

5.

"ആയിരം വര്‍ണത്തിലായിരം പൂക്കളു-
ണ്ടെന്റെയാരാമാത്തിലെന്നു,മെന്നാല്‍
മല്ലികേ, നിന്റെ മുഖത്തു താനെപ്പൊഴും
കണ്ണുടക്കുന്നു, ഞാനെന്തു ചെയ്യാന്‍ ..


6.
"നൂല്‍ പിടിക്കാന്‍
ഒരു കുട്ടിയുണ്ടോ വീട്ടില്‍,
കൂട്ടുപട്ടങ്ങളേ ?"

7.

"ഉപേക്ഷിക്കരുതെന്നെ !
എന്നെയാണ്, നിന്നെയല്ലവര്‍ക്ക് ഭയം...
വെടിയുണ്ട തോക്കിനോട്"

Thursday, January 17, 2013

യാത്രയില്‍ പകര്‍ത്തിവയ്ക്കേണ്ടത്


മൊബൈല്‍ ക്യാമറയുള്ളത് നന്നായി.

മഴയുടെ ചിത്രങ്ങളെടുക്കണം
പുഴയൊഴുകുന്നത് പകര്‍ത്തി വയ്ക്കണം.
കുന്നിന്‍പുറത്തു കയറി നിന്ന്
നാട്ടുവഴിയുടെ ചിത്രമെടുക്കണം.

കാറ്റില്‍ ആമരമീമരം കിന്നരിക്കുന്നതും
ഇണശലഭങ്ങള്‍ കണക്കുവയ്ക്കാതെ ചുംബിക്കുന്നതും
ഒപ്പിയെടുത്തു കളയാതെ സൂക്ഷിക്കണം.

പുല്‍ക്കൊടികളെയും, പുല്‍ച്ചാടികളെയും
ഞാഞ്ഞൂലുളെയും, തേരട്ടകളെയും
ഇനംതിരിച്ചു ചിത്രങ്ങളാക്കണം.

പൊടിപിടിച്ച നിഘണ്ടുവില്‍ നിന്ന്
സ്നേഹവും, സാഹോദര്യവും
തിരഞ്ഞു കണ്ടുപിടിച്ച്
മൊബൈല്‍ ചിത്രമാക്കി
അടിക്കുറിപ്പുകള്‍ നല്‍കി സൂക്ഷിച്ചുവയ്ക്കണം.

നമ്മുടെ പേരക്കുട്ടികള്‍ വലുതാവുമ്പോള്‍
നമുക്ക് വീമ്പിളക്കാമല്ലോ
നിങ്ങളീ ചരിത്രപുസ്തകങ്ങളില്‍ കാണുന്നവ
അപ്പൂപ്പന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന്.

അവരന്നതു ചിരിച്ചു തള്ളുമായിരിക്കും
കാലണയ്ക്ക് ഒരു ചാക്ക് അരി കിട്ടുമായിരുന്നു
എന്ന് നമ്മുടെ മുത്തച്ഛന്‍ പറയാറുള്ളപ്പോള്‍
നാം മുഖം തിരിഞ്ഞുനിന്ന് കളിയാക്കാറുള്ളതു പോലെ !

Saturday, January 12, 2013

പോരടിക്കുക




"ആയുധങ്ങളെടുക്കുക" നിത്യ-
മായിരങ്ങള്‍ പ്രബോധനം ചെയ്‌വൂ
"ആയുധങ്ങളെടുക്കുക" പത്ര-
വാചകങ്ങളുമേറ്റു  വിളിപ്പൂ

"സായുധരവര്‍, നിന്നെയും നിന്റെ
സോദരരെയുമാക്രമിക്കുന്നോര്‍,
വേണ്ട ദാക്ഷിണ്യമേറ്റുമുട്ടുമ്പോള്‍ 
നീണ്ടകാലത്തെ വൈരികള്‍ തമ്മില്‍"

"ശത്രുവാണവന്‍" ചൂണ്ടുവിരല്‍കള്‍ 
എത്ര വേഗമെന്‍ നേര്‍ക്കു നീളുന്നു
അല്ല ! ഞാനുമെന്‍ കൂട്ടരുമിപ്പോള്‍ 
കൈകളങ്ങോട്ടു ചൂണ്ടിനില്‍ക്കുന്നു

"പോരടിക്കുക" ഭൂരിപക്ഷത്തെ
നേരുകാട്ടേണ്ട നായകര്‍ ചൊല്‍വൂ
"കൂടെ നില്‍ക്കുക" ന്യൂനപക്ഷത്തെ 
കൂട്ടിനിര്‍ത്തുവോരാര്‍ത്തു വിളിപ്പൂ.

"കൊന്നൊടുക്കുക, ധര്‍മ്മയുദ്ധത്തിന്‍ 
പേരി,ലീ തര്‍ക്കഭൂമിതന്‍ പേരില്‍ 
ശല്യ,മീ ശാന്തിതന്‍ വെണ്‍പിറാക്കള്‍ 
പെറുവോര്‍ വാതുറപ്പതിന്‍ മുന്നേ."

Friday, January 11, 2013

ചെറുകവിതകള്‍ -4




1.  

"അതേ വൃക്ഷങ്ങള്‍, അതേയിടവഴി; 
എങ്കിലും ഈ പുലരിയില്‍ 
എത്ര വ്യത്യസ്തം !"

2.

"ചിത്രശലഭമേ, 
ഈ കാട്ടുചെടിക്കേതു പൂവിന്‍ 
ജാതകപരാഗം പേറിയെത്തുന്നു നീ ?"

3.

"വിജനവീഥിയില്‍ 
ഇരുള്‍യാത്ര ചെയ്യവേ 
ദൂരെയായൊരാള്‍; 
ഭയവു,മാശ്വാസവും !"

4.

"ഇരുളാണിപ്പോള്‍ ...
വഴികാട്ടുവാന്‍ 
നിന്‍ മിഴിനിലാവ് മാത്രം."

5.

"പിഴുതെറിഞ്ഞ പാഴ്ചെടി
അമ്പോ, വേലിക്കരികിലൊരു 
കുടുംബമായ് പാര്‍ക്കുന്നു"

6.

"പനിനീര്‍ പുഷ്പമേ...
എത്രയാണ്‍ഹൃദയരക്തം
കവര്‍ന്നു ചുവന്നു നീ ?"

Thursday, January 10, 2013

പക



ചിലരോട് പക തോന്നുമ്പോള്‍
എനിക്ക് ഹമീദിനെ ഓര്‍മ്മ വരും.
നാലാം ക്ലാസ്സില്‍ പമ്പരം കൊത്തിക്കളിക്കുമ്പോള്‍
ആരോ റാഞ്ചിയെടുത്തോടിയ
എന്റെ മരപ്പമ്പരം
അവനല്ലേ തിരികെക്കൊണ്ടുവന്നത്,
തോളില്‍ കയ്യും,
ചുണ്ടില്‍ ചിരിയുമായി നിന്നത്.

മറ്റു ചിലരോട് പക തോന്നുമ്പോള്‍
എനിക്ക് പൂനെയിലെ ഫ്രാന്‍സീസിനെ ഓര്‍മ്മ വരും.
"ഹിമ്മത്ത് ഹെ തോ ആജാ സാലേ" എന്നാക്രോശിച്ച്
എനിക്കും മദ്യം മണക്കുന്ന പേരറിയാത്ത
മറാഠികള്‍ക്കുമിടയില്‍
അവനല്ലേ നെഞ്ചുവിരിച്ചു നിന്നത്.

ഇനി ചിലരുടെ സ്നേഹവാക്കുകള്‍ കേള്‍ക്കുമ്പോള്‍
എനിക്ക് ഗോഡ്സേയെ ഓര്‍മ്മ വരും
അവനല്ലേ
രാമരാജ്യത്തിന്റെ പേരില്‍
മരണത്തില്‍ പോലും "ഹേ റാം" വിളിച്ചവനെ
വെറും ഓര്‍മ്മയാക്കി മാറ്റിയത് ?
 

Sunday, January 6, 2013

സദാചാരചന്ദ്രന്‍




പാതിരാവായ്, ചന്ദ്രഗേഹം വെടിഞ്ഞു നീ 
ന്തിനിപ്പാരില്‍ ചരിക്കുന്നു ചന്ദ്രികേ ?
'എന്റെ നീ, നിന്റെ ഞാന്‍' എന്ന മന്ത്രത്തില്‍ നിന്‍ 
നോക്കും, നടപ്പും തളച്ചതില്ലേയവന്‍  ?

നാടുറങ്ങാറായി, നാട്ടുകവലയില്‍ 
എകയായെന്തേയിരിക്കുന്നു ചന്ദ്രികേ ?
ഞാനില്ലയെങ്കില്‍ നീ പോകേണ്ടതില്ലെ-
ന്നൊരിക്കലും നിന്നോടുരച്ചതില്ലേയവന്‍ ?

കാമം നുരയ്ക്കുന്ന ഭീതയാമത്തില്‍ നിന്‍ 
ലോലപാദങ്ങള്‍ ചലിക്കുന്നതെങ്ങനെ ?
കാലം കുറിച്ചിട്ട പാരിന്‍ സദാചാരമൂല്യം 
പ്രഘോഷിച്ചു തന്നതില്ലേയവന്‍?

ചന്ദ്രികേ, ഹാ ! അമാവാസിയിലെങ്കിലും
നീ വീടു പൂകുമെന്നാശ്വസിക്കട്ടെ ഞാന്‍ ?

ഏറെ നാളായെടോ,കാണാന്‍ കൊതിപ്പു ഞാന്‍
കാല്‍വിരലുണ്ണു ന്ന പൈതലാം ചന്ദ്രനെ !

ജാതിച്ചെടി



മുല്ലവള്ളിക്കും 
തേന്‍മാവിനുമിടയില്‍ 
ആരാണീ 
ജാതിച്ചെടി 
നട്ടുപിടിപ്പിച്ചത്?

Friday, January 4, 2013

സമയം




തിരിച്ചറിവിനെക്കുറിച്ചും 
പ്രതിഷേധിക്കേണ്ടതിനെക്കുറിച്ചു
ഉണര്‍ച്ചയെക്കുറിച്ചും 
അവര്‍ അലറിവിളിച്ചുകൊണ്ടിരുന്നു.

റേഷനില്ലായ്മയെക്കുറിച്ചും 
അരിവിലയെക്കുറിച്ചും 
പാചകവാതകത്തെക്കുറിച്ചും 
അവരുടെ തുരുമ്പിച്ച ഉച്ചഭാഷിണി 
നിലവിളിച്ചുകൊണ്ടിരുന്നു.

എനിക്കതൊന്നും കേള്‍ക്കാന്‍ 
സമയമില്ലായിരുന്നു.
സമയമുണ്ടായിരുന്നെങ്കില്‍
എനിക്ക് അരി വാങ്ങാനും 
പറ്റുമായിരുന്നില്ലല്ലോ !

Wednesday, January 2, 2013

ആരിവന്‍ ?



ബുദ്ധനാവുമോ ? 
യാചകനാവുമോ ?
ആധി തീര്‍ക്കുവാന്‍ 
ധ്യാനിപ്പതാവുമോ ?
ബോധിവൃക്ഷച്ചുവട്ടിലായ് 
കോണ്‍തെറ്റി 
ബോധമില്ലാതുറങ്ങുന്നതാരിവന്‍ ?

Tuesday, January 1, 2013

Haiku Poems 3



"കൊഴിഞ്ഞ പൂവിതളില്‍
ഒരു മഞ്ഞുതുള്ളി.
പിരിയുവാനാവാതെ... "






"കലക്കമാണ് ആഴങ്ങളിലെങ്കിലും 
ഒഴുക്കിനെത്ര തെളിച്ചമാണ്...
കണ്ണുനീര്‍ പോലെ ..."






"അമ്മത്തണലില്‍ മുളച്ച വിത്തേ..
അവള്‍ കണ്ട സൂര്യനെ
കണ്ടുവോ നീ ?"







"മഴമേഘങ്ങളേ.. 
ഉറയൂരാന്‍ കാത്തുവെച്ച
വാളുകളെത്രയുണ്ട് കയ്യില്‍ ?"







"തിരികേ പറക്കും കിളികളേ..
നിങ്ങളെണ്ണിയോ, 
എല്ലാരുമുണ്ടോ കൂടെ ?"







"എന്റെയാകാശത്ത് 
മേഘരേഖ രചിപ്പൂ വിമാനം; 
പക്ഷെ, എത്ര നേരത്തേക്ക്‌ ?"







"ചെടിയെങ്ങനെ പറയും..
പൂവിനെ മുറിവേല്‍പ്പിക്കും
മുള്ളൊന്നു തന്നിലുണ്ടെന്ന്.."







"വളര്‍ത്തുമൃഗം. 
തെരുവിന്റെ ഭയത്തെക്കാള്‍
സുഖദമീ പാരതന്ത്ര്യം."








"ഡല്‍ഹിയിലെ രാത്രിമഴ.
പറിച്ചെറിയപ്പെട്ട 
പൂവിന്റെ കണ്ണുനീര്‍."






"വൃശ്ചികക്കാറ്റ്. 
ശാഖികള്‍ തോറും
പൊന്നിലക്കാവിടി"









"മഞ്ഞലിഞ്ഞ മഴ ചോദിപ്പൂ -
"സ്വപ്നമായ് നിദ്രയില്‍
പെയ്തിറങ്ങട്ടെ ഞാന്‍ ? ""