നീയെനിക്കാരായിരുന്നു
കിനാവിന്റെ വീഥിയില്‍ കത്തും വിളക്കായി മാറുവാന്‍
നീയെനിക്കാരായിരുന്നു
നിലാവിന്‍ വെളിച്ചമായ്, സ്വപ്നമായ്, ദുഖമായ് മാറുവാന്‍
നീയെനിക്കാരായിരുന്നു
എറിഞ്ഞിട്ട മോതിരക്കല്ലിലെ കണ്ണുനീരാകുവാന്‍
നീയെനിക്കാരായിരുന്നുവെന്‍
പുസ്തകത്താളിലെ മായാത്ത വാക്കായി മാറുവാന്‍
ഞാന്‍ നിനക്കാരായിരുന്നു,
നിരന്തരം കാലില്‍ കുടുങ്ങും പടര്‍പ്പായി മാറുവാന്‍
ഞാന്‍ നിനക്കാരായിരുന്നു,
നിന്നോര്‍മ്മകള്‍ മങ്ങുമ്പൊളഗ്നിയായ് വീണ്ടുമാളിക്കുവാന്‍
ഒരു ദുഖമുണ്ടായിരുന്നു
കറുപ്പിന്റെ വഴികളില്‍ നീയെന്നെ ഒറ്റയ്ക്കയക്കവേ
ഒരു ദുഖമുണ്ടായിരുന്നു
തപിക്കുമെന്‍ ഉള്ളത്തെയറിയാതെ നീയകന്നീടവേ
ഒരു സ്വപ്നമുണ്ടായിരുന്നു
തിരക്കിന്റെ വീഥിയില്‍ നമ്മെ മറന്നു നാം പോകവേ
ഒരു സ്വപ്നമുണ്ടായിരുന്നുവെന്‍
ചാപല്യചിന്തയില്‍, നീയന്നറിഞ്ഞില്ലയെങ്കിലും
ഒരു ദുഖമുണ്ടായിരുന്നു....
നിന്‍ പുഞ്ചിരി എന്നേയ്ക്കുമായത്തില്‍ മങ്ങാതിരിക്കുവാന്‍;
ഒരു സ്വപ്നമുണ്ടായിരുന്നു...
പൊലിഞ്ഞൊരാ സ്വപ്നമായ് നീയും മരിക്കാതിരിക്കുവാന്‍;
ഇരുളിലേക്കലിയുന്നു ഞാന്‍
നിന്റെയോര്‍മ്മയില്‍ തെളിയും വെളിച്ചമായ് മാറാതിരിക്കുവാന്‍
ഇരുളിലേക്കലിയുന്നു ഞാന്‍
നിന്റെ മോതിരക്കല്ലിലെ വറ്റുന്ന കണ്ണുനീരാകുവാന്‍
ഇരുളിലേയ്ക്കലിയുന്നു
ReplyDelete