Sunday, September 14, 2014

വരയ്ക്കണം...











വെയിലേറ്റു കരിയുമീ
ക്യാന്‍വാസു മാറ്റി നാം

 പുതിയ ചിത്രത്തി-

ന്നൊരുക്കം തുടങ്ങണം

കരിനീലമഷികൊണ്ടു
മേഘം വരയ്ക്കണം 
മരുഭൂമി മായ്ച്ചിതില്‍
മലകള്‍ വരയ്ക്കണം

ഒരു കോണില്‍ നിന്നും
പുറപ്പെട്ടു വറ്റാതെ 
മറുകോണിലെത്തുന്ന
പുഴകള്‍ വരയ്ക്കണം

പലനിറം കൊണ്ടിതില്‍
പൂക്കള്‍ വരയ്ക്കണം 
തെളിനീരു വറ്റാത്ത
കിണറും വരയ്ക്കണം

ചെറുകാറ്റിലാടുന്ന
കതിരുകള്‍ നിറയുന്ന 
മണിനെല്ലു വിളയുന്ന
പാടം വരയ്ക്കണം.

Monday, September 8, 2014

ശരണാലയത്തിലെ പെണ്‍ശലഭങ്ങൾ



രാവിലെ
ചിത്രശലഭങ്ങളുടെ
ശരണാലയത്തിൽനിന്ന്
മൂന്ന് പെണ്‍ശലഭങ്ങൾ
ഒളിച്ചുപറന്നുപോകുന്നു.
ഒന്നിനെ പിന്നീട് നമ്മൾ
സർക്കാർ സ്കൂളിനും
ഫാൻസി സ്റ്റോറിനുമിടയിലുള്ള
ഇടവഴിയിൽവച്ച്
വേഗത കുറച്ച നേരം നോക്കി
വലയിലാക്കുന്നു.
ഒന്നിനെ
ഒരു വടക്കേയിന്ത്യൻ
മൈലാഞ്ചിപ്പയ്യന്റെ
വഴിയോരത്തട്ടുകൾക്കടുത്ത്
വലംചിറക് വിടർത്തിയ നേരം
പിടിയിലാക്കുന്നു.
ഇനിയൊന്നിനെ
സന്ധ്യക്ക്‌
സർക്കാർ ബസ് സ്റ്റാന്റിൽ വച്ച്
കൊത്തിക്കീറാനടുത്ത
രാപ്പക്ഷികളിൽ നിന്ന്
കഷ്ടിച്ച് രക്ഷപ്പെടുത്തുന്നു.
ശരണാലയത്തിൽ നിന്ന്
എന്തിന് ഒളിച്ചുപറന്നു
എന്നുപോലും ചോദിക്കാതെ
നാമവയെ
സുരക്ഷിതരായി
സുരക്ഷിതരായി
തിരിച്ചെത്തിക്കുന്നു!

മഴയുള്ള ഹർത്താൽ ദിനത്തിൽ തനിച്ചു വണ്ടിയോടിക്കുമ്പോൾ


മഴ തോരാത്ത ഹർത്താൽ ദിനത്തിൽ
കല്ലുകൾ ഉണരുന്നതിനുമുൻപ്,
ജോലിസ്ഥലത്തേക്ക്
തനിച്ചു വണ്ടിയോടിക്കുന്നു.
ഒരു പെട്ടിവണ്ടിയിലേക്കുള്ള സാധനങ്ങൾ
കാരിയറിൽ കെട്ടിവച്ച്
ഹെഡ് ലൈറ്റിട്ട ബൈക്കിൽ
മഴക്കോട്ടിട്ട ഒരാൾ
എങ്ങോട്ടോ നനഞ്ഞു പോകുന്നു.
റോഡിലെ മഴ കാണിച്ചുതരുന്നു,
എല്ലാ ചതിക്കുഴികളെയും
സമതലങ്ങളാക്കുന്ന ജാലവിദ്യ.
വിമാനത്താവളം, ആശുപത്രി
എന്നെല്ലാം എഴുതിവച്ച വണ്ടികളിൽ
ചിലർ ഭാഗ്യം പരീക്ഷിക്കുന്നു.
ഇൻഫോപാർക്കിലെ
തൂപ്പുകാരിയുടെ വേഷം ധരിച്ച ഒരുവൾ
കാറ്റുപിടിച്ച കുടയുമായി
വരാനിടയില്ലാത്ത വണ്ടിക്കായി
അക്ഷമയായി വഴിയരികിൽ കാത്തുനില്ക്കുന്നു.
ടൈയും ഷൂസും ധരിച്ച ചെറുപ്പക്കാർ
വണ്ടി കണ്ട് ലിഫ്റ്റ്‌ ചോദിക്കുന്നു.
ഷട്ടർ പകുതി മാത്രം തുറന്നുവച്ച
ഒരു പെട്ടിക്കടയിലിരുന്ന്
ഒരാൾ ചില്ലുഭരണികൾ
തുടച്ചുവയ്ക്കുന്നു,
വരുന്ന ഓരോ അപരിചിതനേയും
ഭയം കലർന്ന സംശയത്തോടെ നോക്കുന്നു.
മഴയുള്ള ഹർത്താൽ ദിനത്തിൽ
തനിച്ചു വണ്ടിയോടിക്കുമ്പോൾ മാത്രമറിയുന്നു
സംഭവിച്ചേക്കാവുന്ന അപകടത്തെക്കാൾ,
സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തോടുള്ള
ഒതുക്കിവയ്ക്കാനാവാത്ത ഭയം.