Saturday, June 30, 2012

നരകം



ആകാശഗംഗയില്‍
എവിടെയോ ആണെന്നറിയാം.
എത്തിയത് എങ്ങനെയാണ് 
എന്നറിയാത്തത്‌ കൊണ്ട്
വഴി പറയാനറിയില്ല.
കയറുന്നതിനു മുന്‍പ് കണ്ടു...
ആര്‍ക്കും രക്ഷപ്പെടാനാവാത്ത
ഒരു പാട് കോട്ടകളുണ്ടിവിടെ .
അതിലൊന്നില്‍
കാവിക്കൊടി പാറുന്നു,
പിന്നൊന്നില്‍ പച്ചക്കൊടി,
ഒന്നില്‍ വെള്ളക്കൊടിയും..
പിന്നെയുമുണ്ട് കുറെ.
അവയിലെല്ലാം
ലോകത്തുള്ള എല്ലാ ലിപികളിലും
"നരകം" എന്ന്
വലിയ അക്ഷരത്തില്‍
ബോര്‍ഡുകളും ഉണ്ട്.
കൃത്യമായി
ഈ കാവിക്കൊടിക്കോട്ടയില്‍
എന്നെ ആരെത്തിച്ചു
എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍
കടുക് പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ടു....
പരമകാരുണികനായ
ഞങ്ങളുടെ ദൈവം
നരകത്തീയില്‍ ഇട്ട് ആരെയോ
ഉപ്പേരി വറുക്കുന്നത്‌ പോലെ വറുക്കുന്നു !

Thursday, June 28, 2012

ഉണങ്ങാത്ത തെങ്ങ്


ചുവരില്‍
ബംഗാളിയുടെ കണ്ണില്‍പ്പെടാത്ത
വിടവുകള്‍...
ഷര്‍ട്ടില്‍
മിഴന്റെ കയ്യെത്താത്ത ചുളിവുകള്‍...
അരിയില്‍ 
ആന്ധ്രാക്കല്ലുകള്‍...
പഴയ ചായ്ച്ചിറക്കില്‍
ഒരു തുരുമ്പിച്ച കൈക്കോട്ട്...
പറമ്പില്‍,
മുല്ലപ്പെരിയാര്‍ പ്രശ്നം തൊട്ട്
ളര്‍ന്ന പുല്ല് മുട്ടോളം...
പച്ചക്കറി നട്ടിരുന്നിടത്ത്
ചില ഉണങ്ങിയ പത്തലുകള്‍...
എങ്കിലും,
മുത്തച്ഛന്‍ ഉറങ്ങുന്നിടത്ത് മാത്രം
ഒരു ഉണങ്ങാത്ത തെങ്ങുണ്ട് !
ആരാണാവോ അതിന് വെള്ളം കൊടുക്കുന്നത് ?

Tuesday, June 19, 2012

ചെറുകവിതകള്‍-2



പുതിയ വീടിന്
പൊളിച്ച തറവാടിന്റെ
അവയവദാനം

***


"സസ്യാഹാരം കഴിക്കൂ, തടി കുറയ്ക്കൂ"
ആന ചോദിച്ചു -
"എന്തോ ?"

***


അവന്‍ കെട്ടിയ വേലിയ്ക്കപ്പുറത്ത് 
അവളുടെ സ്നേഹം
ചിണുങ്ങി നില്‍ക്കുന്നു

***

കോളേജ് ഗ്രൂപ്പ്‌ഫോട്ടോ
കണ്ണുകള്‍ തെരയുന്നത്
ഒരു മുഖത്തെ മാത്രം

***

നിഴലുകള്‍
സമയമറിയാവുന്നവരുടെ 
ദിശാസൂചികള്‍

***

ചരട് വിടാതെ
ആരോ പറത്തിയ വെള്ളിബലൂണ്‍
ചന്ദ്രന്‍

***

രാത്രിയിലെ എന്റെ കുളി
ചൂടുവെള്ളത്തില്‍ .
ഈ മരങ്ങള്‍ക്ക് തണുക്കുന്നുണ്ടാകുമോ ?

***

ഒരു വന്മരം വീണു
ചരിത്രപുസ്തകത്തിലെ 
ഒരേട്‌ കൂടി അടര്‍ന്നു

***

മെഴുകുതിരി കെടുത്താനും
കനല്‍ തീയാക്കാനും
ഒരേ കാറ്റ്, ഒരേ ഊത്ത്

***

തരുനിരകളില്‍ 
മഴനൂലുകള്‍ ചലിപ്പിച്ച് 
മേഘങ്ങളുടെ പാവക്കൂത്ത്

***

സിനിമാറ്റിക് ഡാന്‍സ് ഉള്ളത് കൊണ്ട്
മാറ്റിവയ്ക്കേണ്ടി വന്നു 
കവിസമ്മേളനം

***

ഈ പര്‍വ്വതനിരകള്‍ 
ഭൂമിയെ ഉരുട്ടിയെടുത്തവന്റെ 
കൈരേഖകള്‍.

***

നദി ഒഴുകിക്കൊണ്ടേയിരുന്നു. 
ചില പഴഞ്ചന്‍ ശിലകള്‍ മാത്രം
ഒഴുകാതെ അടിത്തട്ടില്‍ തന്നെ കിടന്നു.

***

ഈ നശിച്ച ഉച്ചക്കാറ്റില്‍ 

കൊടിയുടെ നിഴല്‍
കൊടുവാള്‍ പോലെ

Tuesday, June 12, 2012

ഇടവഴി

ഈ ഇടവഴിയില്‍
എനിയ്ക്ക് മാത്രം
തിരിച്ചറിയാവുന്ന
അവളുടെ കാല്പ്പാടുകളുണ്ട്. 

അവള്‍ ചവിട്ടിയരച്ച
പ്രണയപുഷ്പത്തിന്റെ  തേങ്ങലുണ്ട് .

പ്രണയമല്ല ജീവിതം
എന്ന് പഠിച്ച ഒരു കാറ്റ്
പുതുകാമുകരെത്തേടി 
അതിന്റെ ജീവചരിത്രപുസ്തകവുമായി
ഇവിടെ അലഞ്ഞു നടക്കുന്നുണ്ട്.

മണല്‍ത്തരികള്‍ക്കിടയില്‍
പൊക്കിള്‍ക്കൊടിയറ്റ
ഒരു കവിതയുടെ മാതൃരക്തവും 
ആദ്യവിലാപവുമുണ്ട്.

വഴിപിരിയുന്ന അങ്ങേത്തലയ്ക്കല്‍ 
എതിര്‍ദിശയില്‍ നടന്നവരുടെ
പദനിസ്വനങ്ങളുണ്ട് !

Friday, June 8, 2012

ജനസേവനം

എന്റെ അതിര് കയ്യേറിയവന്റെ
ഹുങ്ക് മാറ്റാനാണ്
ഞാന്‍ അവനെ സമീപിച്ചത്.
നമ്മുടെ ആളാണല്ലോ അവന്‍.
അരക്കൊല്ലത്തെ ശമ്പളം
അവന്റെ അണ്ണാക്കിലേയ്ക്ക് .
ബാക്കി അവന്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും,..
അവര്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും
***
അന്ന് പണം വാങ്ങിപ്പോയ അവനെ
പിന്നെ കാണുമ്പോള്‍
അയ്യപ്പന്‍റെ കള്ളുഷാപ്പില്‍
കയ്യേറ്റക്കാരനും അവനും
"ആളെ മയക്കണ കുപ്പി.." എന്ന് പാടി
താളംപിടിച്ച്
എന്നെയും നോക്കി
കൊഞ്ഞനം കുത്തുന്നു.

***
ആ കലിയാണ്,
ഒരു മൃഗം ആയി വളര്‍ന്ന്
എന്നെ ഇവന്റെ അടുത്ത് എത്തിച്ചത്,
ഈ മനുഷ്യസ്നേഹിയുടെ.
ശത്രുവിന്റെ ശത്രു, മിത്രം

***
ഇപ്പൊ തീരും
മറ്റവന്മാരുടെ രണ്ടുപേരുടെയും ഹുങ്ക്
എന്നായപ്പോളാണ് അതുണ്ടായത്‌...

അങ്ങ് മുകളില്‍ നിന്ന്
ഒരശരീരി :
"ഓന്‍ മറ്റേ പാര്‍ട്ടിയാ"

***

പിന്നെ ഒരു സ്ഫോടനം,
ഒരു കട്ടിലോഹത്തിന്റെ മിന്നല്‍.

അറ്റുവീണ വലതുകണ്ണിലൂടെ കണ്ടത്
എണ്ണിയാല്‍ തീരാത്ത
ഇറച്ചിത്തുണ്ടങ്ങള്‍.
അതിനു മുകളില്‍
എന്റെ ചോരപുരണ്ട ഇടതുകണ്ണ്.
കലിയടങ്ങാത്ത എന്റെ ചങ്ക്
അതില്‍ കാണാനില്ലായിരുന്നു !

മഴക്കാഴ്ച്ചകള്‍



Click on the thumbnail above to listen to the poem.





കലാകേരളം ഓണ്‍ ലൈന്‍ മാസിക ( Page 79 )
മേഘങ്ങള്‍ തിങ്ങുന്ന വാനം, വിലോലമാ-
മീറന്‍ തലോടലായെത്തുന്ന മാരുതന്‍
നേര്‍ത്തൊരിരമ്പല്‍ ഞാന്‍ കേള്‍ക്കുന്നു, മാരി തന്‍
കൈകളീ ഭൂമിയെ പുല്‍കുന്ന നേരമായ്

ഒട്ടും നിനയ്ക്കാതെ പെയ്ത മഴയില്‍ ഞാ-
നൊട്ടു  നനഞ്ഞു കുതിര്‍ന്നുവെന്നാകിലും 
പണ്ഡിതര്‍, പാമരര്‍, മര്‍ദിതര്‍, മര്‍ദക-
രെല്ലാം നനഞ്ഞതു കണ്ടു നടന്നു ഞാന്‍

കാറ്റിലുലഞ്ഞോരിലഞ്ഞി മരത്തിന്റെ   
ശാഖയിലാടുന്ന  കൂടും കിളികളും
കൂട്ടിലെക്കുഞ്ഞിക്കിളിയെക്കുറി ച്ചോര്‍ത്തു
കേഴുന്നോരമ്മതന്‍ ദൈന്യവും കണ്ടു ഞാന്‍

ചോരുന്ന കൂരയിലുണ്ണിയെക്കൈകളില്‍ 
വാരിപ്പുണര്‍ന്നിരിയ്ക്കുന്ന നാടോടികള്‍ 
ചാറ്റല്‍മഴയില്‍ക്കുതിര്‍ന്ന വരാന്തയില്‍
അന്തി കഴിയ്ക്കുവാനെത്തുന്ന യാചകര്‍ 

ചേറില്‍ പുതഞ്ഞുമിടയ്ക്കൊന്നു തെന്നിയും
കാല്‍പ്പന്തു തട്ടിക്കളിയ്ക്കുന്ന യൌവനം
വെള്ളം നിറഞ്ഞു കവിഞ്ഞ പാടങ്ങളില്‍
കൊച്ചു കളിവള്ളമേറുന്ന  കുട്ടികള്‍ 

വേവുന്ന വേനലിലാകെത്തളര്‍ന്ന പ-
തംഗങ്ങള്‍ കൂട്ടിലിരിപ്പാണു  ശാന്തരായ്
വേനലിന്‍ ചൂടും വറുതിയുമോര്‍ത്തവര്‍ 
തൂവലും ചിക്കിയിരിപ്പാണു മൂകരായ്‌

മാരിയിലുണ്ടൊരു ചിത്രകാരന്‍, അവന്‍
ചിത്രം വരച്ചപോലീ ജനല്‍ച്ചില്ലുകള്‍
മാരിയിലുണ്ടൊരു വാദ്യഘോഷം, അതിന്‍
താളം മുഴങ്ങുന്നിതെന്റെ  മേല്‍ക്കൂരയില്‍

ആദ്യമൊരു തുള്ളി, പിന്നെച്ചെറുമഴ
പിന്നെയൊരു പെരുംമാരിയാകുന്നതും 
ചാലുകള്‍, തോടുക,ളാറുകളേറിയീ    
സാഗരത്തിങ്കലലിഞ്ഞതുമീ മഴ 

നൂറു മരങ്ങള്‍ കടപുഴക്കാന്‍ പോരു-
മായുധമേകിയീ കാറ്റിനെ വിട്ടതും
പൊള്ളുന്ന ചൂടില്‍ തളര്‍ന്നു മയങ്ങിയ
വിത്തുകള്‍ പുല്‍കി മുളപ്പിച്ചതും മഴ

വറ്റി വരളുന്ന പാടങ്ങളിലിളം 
പച്ചപ്പുതപ്പു വിരിയ്ക്കുന്നതീ മഴ 
കൊറ്റി തന്‍ കണ്ണില്‍ പുളയ്ക്കുന്ന മീനിട്ടു
കൊച്ചു തടാകങ്ങള്‍ തീര്‍ക്കുന്നതും മഴ

പോയി വരാമെന്നു ചൊല്ലിക്കളിപ്പിച്ചു 
പോയി വരാഞ്ഞൊരു കാമുകനീ മഴ
ഒട്ടും നിനയ്ക്കാതിരിയ്ക്കുന്ന നേരത്തു
കിട്ടും അവന്റെയെഴുത്തു  പോലീമഴ

കാമുകി തന്‍ മിഴി ക്കോണിലുറവാര്‍ന്നു 
തൂകും മിഴിനീര്‍ക്കണങ്ങള്‍ പോലീമഴ
നഷ്ടസ്വപ്നത്തിന്റെ കൈത്തണ്ടയില്‍ നിന്നു
മുറ്റത്തു വീഴും വളപ്പൊട്ടുകള്‍, മഴ

കാണാത്ത സ്വര്‍ഗീയവീഥികള്‍ കാട്ടുവാ-
നാരോ തുറന്നിട്ട വാതിലാണീ മഴ
തീരാത്ത നോവിന്റെ കാരാഗൃഹങ്ങളില്‍ 
തോരാതെ പെയ്യും പ്രതീക്ഷയാണീ മഴ

രാജ്യം പകുത്തു ഭരിച്ചവര്‍ നമ്മുടെ
റോഡില്‍ വരച്ചതും മായ്ക്കുന്നതീ മഴ
ഏതോ കുടിപ്പക വെട്ടിവീഴ്ത്തും പ്രാണ-
തോഴന്റെ രക്തവും മായ്ക്കുന്നതീ മഴ

തീരാത്ത കള്ളക്കുറുമ്പുകള്‍ കാട്ടുമെന്‍
കുഞ്ഞിന്റെ കണ്ണിലെ കൌതുകമീ മഴ
മാറാത്ത രോഗക്കിടക്കയില്‍  ചായുന്നൊ-
രച്ഛന്റെയോര്‍മയില്‍ യൌവനമീ മഴ 

ജീവന്റെയേഴു നിറങ്ങളുമുള്‍ക്കൊണ്ട് 
പീലിവിടര്‍ത്തും മയില്‍പ്പൂവനീ മഴ 
ഭൂമിതന്‍ നൊമ്പരച്ചൂടിന്റെ നാടക-
വേദിയില്‍ വീഴും തിരശ്ശീലയീ മഴ 

എത്ര വര്‍ണിച്ചാലുമത്രയും ബാക്കിയാ-
ത്രയുമത്ഭുതമീ മഴക്കാഴ്ച്ചകള്‍ 
എത്ര വായിച്ചാലും, അത്രയും ബാക്കിയാ-
ത്രയുമത്ഭുത  കാവ്യമാണീ മഴ

എത്ര നുകര്‍ന്നാലും തേന്‍ ചുരത്തീടുന്ന
പുത്തന്‍വധുവിന്‍ ചൊടികള്‍ പോലീമഴ  
എന്നുമെന്‍ ഓര്‍മതന്‍ താളില്‍ പിറക്കുന്ന
കൊച്ചുകടലാസുതോണിയാണീ  മഴ !

Thursday, June 7, 2012

ഈ കവിതകള്‍ സമര്‍പ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു..

ഈ കവിതകള്‍ സമര്‍പ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു..

കാമിനിയുടെ വിവാഹ നിശ്ചയനാളില്‍
ഒടുങ്ങിയ കൌമാരപ്രേമത്തിന്

കാണായതിലെല്ലാം കവിത ഒരുക്കി
അതിശയിപ്പിച്ച പ്രകൃതിയ്ക്ക്

രോഗക്കിടക്കയെയും
മരുന്നുകളെയും തനിച്ചാക്കിപ്പോയ
വേണ്ടപ്പെട്ടവര്‍ക്ക്.

നെഞ്ചിലെ വിങ്ങലുകളും ക്രോധവും
വിളിച്ചു പറയാന്‍
നാവുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്.

പിടിച്ചിടപ്പെട്ട തടവറകളുടെ
അസഹ്യമായ പുഴുക്കങ്ങളില്‍
പ്രതീക്ഷയുടെ മഴ കാത്തിരിയ്ക്കുന്നവര്‍ക്ക് .

കോണ്‍ക്രീറ്റ് കാടുകളില്‍
എറിയപ്പെട്ട് വേരുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്.

പിന്നെ കണ്ണീരില്‍ വാക്കുകള്‍ കുതിര്‍ന്ന്
യാത്രയയച്ച ജീവിതസഖിയ്ക്ക്‌,
അവളുടെ കാത്തിരിപ്പിന്
മനസ്സിനെ തിരിച്ചു വലിയ്ക്കുന്ന അവളുടെ സ്നേഹത്തിന്.

Wednesday, June 6, 2012

കാവ്യപ്രചോദനം

വിശന്നു വലഞ്ഞ് 
നിലവിളിച്ച്
ചെളിപുരണ്ടു കറുത്ത
കണ്ണീര്‍ച്ചാലുകള്‍ ഒഴുക്കി
മൂക്കൊലിപ്പിച്ച് 
കീറിയ ബനിയനുമിട്ട് 
ഒറ്റയ്ക്ക് വന്ന ഒരു ബാലന്‍
ചില്ലറയ്ക്ക് വേണ്ടി 
എന്റെ മുന്‍പില്‍ കൈനീട്ടുന്നു 

ഏകാന്തതയുടെയും
പട്ടിണിയുടെയും
കഷ്ടപ്പാടിന്റെയും
ദുരിതത്തിന്റെയും
അരക്ഷിതാവസ്തയുടെയും പ്രതീകം.

"പോടാ ചെക്കാ "
ഉടനെ ആട്ടിയോടിച്ചു ഞാന്‍.

പട്ടിണി മാറിയാല്‍
പിന്നെ അവന്‍
ഒരു കാവ്യപ്രചോദനമേ അല്ലാതാകും.

Tuesday, June 5, 2012

അപരാധി


ലകഷ്യമില്ലാതെക്കിതച്ചു നീങ്ങുന്നൊരെന്‍  
തോഴരേ ഞാന്‍ ചെയ്ത തെറ്റെന്ത്, ചൊല്ലുമോ ?

എന്തിനെന്നോരാതെ മന്നില്‍ പിറന്നതോ, 
കണ്ണീരൊഴുക്കിക്കവിള്‍ള്‍ കുതിര്‍ത്തതോ,
ആദിവെണ്‍വെട്ടമെന്‍ കണ്ണിലേയ്ക്കിറ്റിയ്ക്കു-
മാദിത്യനോടും പിണങ്ങിക്കരഞ്ഞതോ ?

തൊട്ടിലില്‍ മെല്ലെച്ചിണുങ്ങിക്കരഞ്ഞു കൊ-
ണ്ടമ്മയെ താരാട്ടുപാട്ടു പാടിച്ചതോ, 
ആദ്യാക്ഷരങ്ങളെന്‍ നാവില്‍ പിറക്കവേ
ആചാര്യഹസ്തം രസിച്ചു നുകര്‍ന്നതോ  ?

അക്കങ്ങളെണ്ണിപ്പഠിക്കാതെയക്കര-
പ്പച്ചയ്ക്കു വേണ്ടി ഞാനെങ്ങോ തെരഞ്ഞതോ,
അര്‍ത്ഥങ്ങളെല്ലാമനര്‍ത്ഥമാകുന്നതോ 
അക്ഷരം പാഥേയമാക്കിയുണ്ണുന്നതോ ?

സ്നേഹത്തിനര്‍ത്ഥം തിരിച്ചറിയാഞ്ഞതോ   
മോഹങ്ങള്‍ ഹോമിച്ചു ജീവന്‍ പടുത്തതോ,
പുഞ്ചിരി പോലും മുഖത്തുയ്ക്കാത്തതോ
സങ്കടം പങ്കിടാനാരുമില്ലാത്തതോ ?

ആദ്യാനുരാഗത്തിലന്ധനായ് ഞാനെന്റെ
തോഴിയ്ക്കു ഹൃത്തകം പാതി കൊടുത്തതോ,
മാംസം ഭുജിയ്ക്കും കഴുകിനെക്കൊന്നതോ 
നഗ്നസത്യങ്ങള്‍ ഉറക്കെപ്പഞ്ഞതോ   ?


ലകഷ്യമില്ലാതെക്കിതച്ചു നീങ്ങുന്നൊരെന്‍  
തോഴരേ ഞാന്‍ ചെയ്ത തെറ്റെന്ത്, ചൊല്ലുമോ ?

Saturday, June 2, 2012

ഒറ്റയാന്‍

ചിലര്‍ക്ക് വിപ്ലവകാരിയെന്ന ആരാധന.
ചിലര്‍ക്ക് അക്രമകാരിയെന്ന ഭയം.
ചിലര്‍ക്ക് എകാകിയെന്ന സഹതാപം

മുന്നില്‍ കണ്ടതെല്ലാം
തച്ചുതകര്‍ത്തും, ഒടിച്ചെറിഞ്ഞും
വരുന്നുണ്ട് അവന്‍.

ഒറ്റയാനായത് കൊണ്ട്
ആരും അടുക്കില്ലെന്ന് അവര്‍.
അടുക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട്
ഒറ്റയാനായെന്ന് അവന്‍.

എങ്കിലും കല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ
വ്യത്യസ്തമായ ഒരു കല്ല്‌
കൂട്ടം വിട്ട്
പ്രദര്‍ശനമുറികളില്‍ ചേക്കേറുന്നത്
തളര്‍ന്നുറങ്ങുമ്പോള്‍ അവന്‍ സ്വപ്നം കാണാറുണ്ട്.


Another version




സ്നേഹിക്കുവാനാരുമില്ലാതിരിക്കയാല്‍
ഒറ്റയാനായി ഞാന്‍ തീര്‍ന്നതാണെന്നവന്‍
ഒറ്റയാനായിത്തകര്‍ത്തു നടപ്പോന്
സ്നേഹം കൊടുക്കുന്നതെങ്ങനെയെന്നവള്‍
ആരോ പറഞ്ഞു പോല്‍, വിപ്ലവത്തിന്‍ രക്ത-
പുഷ്പങ്ങളേകുന്നൊരാരാധ്യനാണവന്‍
ആരോ തിരുത്തി പോല്‍, അക്രമത്തിന്‍ ശോണ-
ബീജങ്ങള്‍ പാകുന്ന ഭീകരനാണവന്‍
വേറൊരാളോതുന്നു, പാവമാ,ണൊറ്റയ്ക്കു
നോവുന്ന നെഞ്ചുമായ് പോകുവോനാണവന്‍
ഒറ്റയാന്‍ ! എല്ലാമൊടിച്ചും, തകര്‍ത്തും,
മദിച്ചും, തിളച്ചും നടക്കുകയാണവന്‍"