Monday, December 31, 2012

പാറുന്ന തുമ്പികള്‍



പാടത്തു പൊട്ടക്കുളത്തിന്റെയോരത്ത് 
നാലുകാലുള്ളൊരു കൂരയുണ്ടാഗോള-
ഗ്രാമസങ്കല്പക്കൊടുംവേലിയേറ്റത്തി-
ലാകെക്കുഴഞ്ഞവര്‍ മൂന്നു പേരുണ്ടതില്‍.

അച്ഛന്‍, നിരാശാനെരിപ്പോടു പോലൊരാള്‍, 
അമ്മ,യാശങ്കതന്‍ കാട്ടുതീ പേറുവോള്‍,
ഉണ്ണിയുണ്ടൊറ്റയ്ക്ക് താഴെത്തഴപ്പായി- 
ലാരോ പറിച്ചിട്ട പൂ
വായ്‌പ്പൊഴിഞ്ഞവൻ 

നാലു വരകള്‍ കൊണ്ടുണ്ണി വരച്ചതാം
വീടിന്റെയോലമേല്‍ക്കൂര ചോരുന്ന പോല്‍, 
ഇറ്റിറ്റുവീഴും വെളിച്ചത്തരികള്‍ പോല്‍,
പൊട്ടിച്ചിതറിക്കിടപ്പാണു ജീവിതം.

സ്വപ്നഭംഗങ്ങള,മര്‍ഷങ്ങള്‍, ജീവിത-
ദുഃഖങ്ങള്‍, സമ്മര്‍ദ്ദമേറ്റുന്ന ചിന്തകള്‍, 
ഭഗ്നപ്രതീക്ഷക,ളേതുമേയില്ലാതെ 
സ്വച്ഛരായ്, ശാന്തരായ് പാറുന്നു തുമ്പികള്‍ 

തുമ്പികള്‍, പാതാളരാജന്‍ വരുന്നതിന്‍ 
മുന്‍പേ പറക്കുന്ന സന്ദേശവാഹകര്‍ 
തുമ്പികള്‍, കോണ്‍ക്രീറ്റു കാടു പൊന്തുന്നതിന്‍ 
മുന്പേയൊടുങ്ങുന്ന കാലപ്രവാചകര്‍ !

വാ പിളര്‍ന്നൊച്ചയുണ്ടാക്കാതടുക്കുന്ന
നാഗരഭീകരനാഗം ഭുജിക്കാതെ-
യേകനായ് കൂരയ്ക്കടുത്തുതന്‍ നാളെണ്ണി
മേവുന്ന ശാഖിയില്‍ പാടുന്നു പക്ഷികള്‍.

"ഓണം വരുന്നു, ഉണര്‍ന്നെഴുന്നെല്‍ക്കുക !
പാഴ്ക്കിനാവിന്റെയലാറം നിറുത്തുക !
പാണ്ടിദേശത്തു നിന്നെത്തുന്ന ലോറിയില്‍
പൂവിളി കേള്‍ക്കുന്നു, പോയ്‌ വരവേല്‍ക്കുക ! "

" പൂവിളി, സമ്പല്‍സമൃദ്ധിതന്‍ പൂവിളി !
പൂവിളി, ഐശ്വര്യദേവകള്‍ തന്‍ വിളി ! "
അച്ഛന്‍ ചിരിക്കുന്നു - "നാലഞ്ചു തുട്ടുണ്ട്
കീശയില്‍ സമ്പല്‍സമൃദ്ധിതന്‍ നാളിതില്‍. "

അച്ഛന്‍ നടക്കുന്നു - "കണ്ണിന്റെ കണ്ണായ
പെണ്ണിന്റെയുള്ളിലെ കാര്‍മുകില്‍ നീക്കണം 
ഉണ്ണിക്കു പുത്തനുടുപ്പുകള്‍ വാങ്ങണം 
സദ്യവട്ടങ്ങള്‍ക്ക് വേണ്ടതും വാങ്ങണം. "

ചുറ്റുമാഘോഷങ്ങളുന്മാദ വേളകള്‍,
പൂക്കളം, സദ്യകള്‍, ഉത്സവക്കാഴ്ചകള്‍
സ്വന്തമല്ലാത്തൊരീ ലോകത്തിലിന്നു തന്‍
സ്വന്തമിടം തേടി നീങ്ങുകയാണവന്‍.

നോക്കൂ ! നഗരത്തിലിക്കൊച്ചു നാടിന്റെ
ബ്രാന്റുകള്‍ പേറുന്ന ചില്ലുകൊട്ടാരത്തില്‍ 
ശീതീകരിച്ചാലുമാറാത്ത ചൂടുള്ള
ടാഗുകള്‍ കണ്ടു തരിച്ചുനില്പാണവന്‍.

ഉണ്ണി, ഉടുപ്പുകള്‍, പെണ്ണിന്റെ കണ്ണുനീര്‍,
എണ്ണിയാല്‍ തീരാത്ത പയ്യാരവാക്കുകള്‍,
മങ്ങുന്ന ചിന്തയില്‍ മിന്നുന്ന ചിത്രങ്ങ-
ളേകുന്ന ഭാരത്തില്‍ നീറുകയാണവന്‍.

ഇപ്പോള്‍, കിലുങ്ങുന്ന കീശയില്‍ തുട്ടുകള്‍
തൊട്ടുകൊണ്ടെന്തോ പുലമ്പുകയാണവന്‍ 
ഇപ്പൊഴീ ബാറിന്റെ മുറ്റത്ത് കുപ്പിയ്ക്ക്
പങ്കുകാരെത്തേടി നില്‍ക്കുകയാണവന്‍ !

അപ്പൊഴും പൊട്ടക്കുളത്തിന്നടുത്തൊരു 
കൂരയു,ണ്ടുള്ളിലുണ്ടുണ്ണിയുമമ്മയും !
ചുറ്റിലും തുമ്പക്കുടങ്ങളില്‍ തേനുണ്ട്
സ്വച്ഛരായ്, ശാന്തരായ് പാറുന്ന തുമ്പികള്‍ !!

Thursday, December 27, 2012

ചെറിയവരെല്ലാമെവിടെ മറഞ്ഞു ?



അംബരചുംബികള്‍, 
വമ്പന്‍ പേരുകള്‍,
കണ്ണഞ്ചിക്കും വെള്ളിവെളിച്ചം,
വലിയ നിരത്തുകള്‍,
ഹൃദയ വിഹീനത..
ചുറ്റും വലിയവര്‍,
വലിയവര്‍ മാത്രം.
ചെറിയവരെല്ലാമെവിടെ മറഞ്ഞു ?
പഴമകളെല്ലാമെവിടെ മറഞ്ഞു ?

Wednesday, December 26, 2012

നഷ്ടമാകുന്ന നിറങ്ങള്‍



പ്രഭാതസൂര്യാ
ഈ നെല്‍പാടത്ത് 
ഹരിതവര്‍ണങ്ങള്‍ കലര്‍ത്തി
എത്ര സുന്ദരമായ് 
ഒരു ചിത്രം വരയ്ക്കുന്നു നീ...

ഇന്നീ ക്യാന്‍വാസില്‍ നീ വരയ്ക്കുന്ന കര്‍ഷകര്‍...
എത്ര വൃദ്ധരാണവര്‍ ?
എവിടെയാണവരുടെ മക്കള്‍ ?

ഒരുനാള്‍ 
നിനക്ക് ചായം കലര്‍ത്താന്‍ 
ഒരു തരിയും ബാക്കിവയ്ക്കാതെ 
നിന്റെ ചായക്കൂട്ടുകളിലെ 
പച്ചകളെല്ലാം ഇല്ലാതായേക്കാം,
കൂടെ നീയിന്നു വരച്ച വൃദ്ധരും.

പിന്നീടുള്ള പുലരികളില്‍
പാടമുണ്ടായിരുന്നിടത്ത്
വമ്പന്‍ കെട്ടിടങ്ങള്‍ക്ക് സ്വര്‍ണംപൂശുകയല്ലാതെ 
നീയെന്താണ് ചെയ്യുക ?

പിന്നെ 
പച്ചനിറമില്ലാത്ത ചായക്കൂട്ടുകള്‍ കൊണ്ട്
നീയൊരു ചിത്രം വരയ്ക്കാന്‍ 
ശ്രമിക്കുമായിരിക്കും...
കണ്ണുമഞ്ഞളിപ്പിക്കുന്ന സ്വര്‍ണനിറമുള്ളത് !

Tuesday, December 18, 2012

എല്‍.കെ.ജി കുട്ടികള്‍



കുഞ്ഞിത്തെരേസ, മിടുക്കി, കിലുങ്ങി വ-
ന്നമ്മുവിനോട് പറഞ്ഞിടുന്നു
മഞ്ഞക്കളറുള്ള ജീപ്പുണ്ട് വീട്ടില്‍, ഞാ-
നെന്നും കറങ്ങാറുമുണ്ട്, കേട്ടോ.
ഒന്നും പറഞ്ഞീലയമ്മു, അവളെന്തു
ചൊല്ലുവാന്‍ ? വണ്ടികളില്ല വീട്ടില്‍.

കൊച്ചാമിനക്കുട്ടി, മൊഞ്ചത്തി, ചൊല്ലുന്നു
അമ്മുവേ എല്‍.ഇ.ഡി യുണ്ട് വീട്ടില്‍
കാണുമ്പോളൊച്ച കുറയ്ക്കുവാന്‍, കൂട്ടുവാന്‍
ഞെക്കുന്ന യന്ത്രവുമുണ്ടവുമുണ്ട് കൂടെ.
മിണ്ടാതെ നില്‍ക്കയാണമ്മു, അവള്‍ 
ടി.വി. കാണുന്നതങ്ങേലെ വീട്ടിലല്ലേ ?

ശ്രീരഞ്ജിനിക്കൊച്ചു കൊഞ്ചുന്നു, കൂട്ടരേ
ഏ.സിയുണ്ടല്ലോ എനിക്കു വീട്ടില്‍. 
ചൂടില്‍ തണുപ്പും, തണുപ്പത്തു ചൂടുമേ-
റ്റങ്ങനെയെന്നുമുറങ്ങുമല്ലോ.
അമ്മുവിന്‍ നാസികത്തുമ്പിലൊരിത്തിരി
ദേഷ്യം തിളച്ചു തുളുമ്പി വന്നു.

തെല്ലുനേരം കഴിഞ്ഞിങ്ങനെയോതിനാള്‍
"ജീപ്പില്ല, ടിവിയുമില്ല വീട്ടില്‍,
എങ്കിലും വീടിന്റെ മച്ചിലൊരായിരം
വമ്പന്‍ ചിതലുക
ളുണ്ട്, പെണ്ണേ."

ഒറ്റച്ചിതല്‍പ്പുറ്റുമില്ലാത്ത വീട്ടിലെ
കുഞ്ഞുങ്ങളൊക്കെയും മൌനമായി.
കുഞ്ഞിത്തെരേസയും, ശ്രീരഞ്ജിനിക്കൊച്ചു,
മാമിനക്കുഞ്ഞും നിശ്ശബ്ദരായി !

Thursday, December 13, 2012

മടക്കം



ആരു പറഞ്ഞു 
നമ്മളാരും
പ്രകൃതിയിലേക്ക് മടങ്ങുന്നില്ലെന്ന് ?


ചിലരിപ്പോഴും
ചിലന്തികളേപ്പോലെയും ,
തേളുകളേപ്പോലെയും
ഇണയെ തീര്‍ത്തുകളയുന്നുണ്ട്.

ഇണയ്ക്കു വേണ്ടി
ആനകളെപ്പോലെ കൊമ്പുകോര്‍ക്കുകയും
ചെന്നായ്ക്കളെപ്പോലെ കടിച്ചുകീറുകയും
ചെയ്യുന്നുണ്ട്.

എങ്കിലും ഒന്നുണ്ട്...
മറ്റൊരു മൃഗവും
ചിരിയില്‍ വിഷം കലര്‍ത്തി
ഇണയെ ചതിച്ചുകൊല്ലാറില്ല.


പുറത്തല്ലേ
കാടുകള്‍ നശിക്കുന്നത് ?
അകത്തെന്നും
ഒരു ഇരുള്‍വനം വളരുന്നുണ്ട്‌.
പൊന്തകള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന്
ചില തിളങ്ങും കണ്ണുകള്‍
വെളിമ്പ്രദേശങ്ങളിലെ
ഇരകളെ നോട്ടമിടുന്നുമുണ്ട്
ഇണകളെയും !

Monday, December 10, 2012

ചിന്തുപാട്ടുകാരന്‍



പിണ്ടികള്‍ കൊണ്ട് 
തീര്‍ത്തതാം കോവിലില്‍ 
അയ്യരയ്യന്‍ വിളങ്ങുന്നു,
നിന്റെ പാട്ടില്‍ ദീപങ്ങളാടുന്നു.

ശുദ്ധനീര്‍ പോല്‍ 
തെളിഞ്ഞ സ്വരത്തിനാല്‍
തൊണ്ടപൊട്ടി നീ പാടുന്നു,

കാണികള്‍ 

പൊന്‍കുരുത്തോല പോലെയും
പൂമരം കാറ്റിലാടുന്ന പോലെയും
നില്‍ക്കുന്നു.

നാട്ടുപൊന്തയില്‍
കൂട്ടം പിരിഞ്ഞവര്‍
നിന്റെ പാട്ടിന്റെയീണ
വുമൊത്തിതാ 
കോമരം പോലുറഞ്ഞു തുള്ളുന്നു

പന്തലില്‍
കുറ്റിബീഡി മണക്കുന്നു.
നിന്റെ പാട്ട് പിന്നെയും മുറുകുന്നു.

മുക്തി നേടാനോ,
ഭക്തികൊണ്ടോ,
അതോ രണ്ടു നേരത്തെ വറ്റിനോ,
തൊണ്ടപൊട്ടി നീ പാടുന്നു ?

ഉള്ളുടുക്കിന്റെ താളത്തില്‍
ഞങ്ങളെ നൃത്തമാടിച്ച
കൂട്ടുകാരാ..
വാടകച്ചിന്തുപാട്ടുകാരാ..

Monday, December 3, 2012

ഒരു കാത്തിരിപ്പ്‌



തിരികെയിറങ്ങി വരുമ്പോളവളുടെ 
മിന്നും പല്ലുകളെല്ലാമെണ്ണാം 
ചെന്നിറമോലും കവിളുകള്‍
അവയില്‍
കുഞ്ഞു നുണക്കുഴി കാണാം 
രണ്ടും 
മിന്നിമറഞ്ഞു കളിപ്പതു കാണാം,
കണ്ണില്‍ സൂര്യനുദിച്ചതു കാണാം.

കോര്‍ത്തുപിടിച്ച പരുക്കന്‍ കൈയില്‍ 
നെഞ്ചിലെയെതോ 
താളമുതിര്‍ന്നതു,മവളുടെയുദരത്തുടിയും ചേര്‍ന്നത് 
പൊന്‍വെയിലായി മുഖത്ത് നിറച്ചവര്‍
ഗര്‍വിലിറങ്ങി വരുന്നത് കാണാം

കാലിടറാതെ കൈകള്‍ വിടാതെ
രണ്ടു മനസ്സുകളൊന്നായ്ച്ചേര്‍ന്നൊരു 
സുന്ദരസ്വപ്നം പൊലിയും 
പോലപ്പടിയും താണ്ടി മറഞ്ഞത് കാണാം.

ഇനിയൊരുവള്‍, 
അവള്‍ കയറിപ്പോകെ 
കണ്ണില്‍ ചെറുമഴ പെയ് വതു കാണാം
അവളെത്താങ്ങും കൈകളിലവനുടെ 
ചങ്കിലെ വിറയല്‍ പടര്‍ന്നതുമറിയാം 
ഉള്ളില്‍ ചെന്നാല്‍ ചോദിക്കാനായ് 
ഓര്‍ത്തു നടക്കും ചോദ്യങ്ങള്‍ തന്‍
ഭാരമുറഞ്ഞ മുഖങ്ങള്‍ കാണാം.

ഞങ്ങളുമന്നീ മുറിയിലിരുന്നൂ 
ഗൈനക്കോളജി ഡോക്ടറകത്തും
എന്നാല്‍ ഞങ്ങടെ ചിന്ത പകര്‍ത്താന്‍
കണ്ടില്ലാ, ഒരു കവിയെപ്പോലും.