Monday, September 8, 2014

ശരണാലയത്തിലെ പെണ്‍ശലഭങ്ങൾ



രാവിലെ
ചിത്രശലഭങ്ങളുടെ
ശരണാലയത്തിൽനിന്ന്
മൂന്ന് പെണ്‍ശലഭങ്ങൾ
ഒളിച്ചുപറന്നുപോകുന്നു.
ഒന്നിനെ പിന്നീട് നമ്മൾ
സർക്കാർ സ്കൂളിനും
ഫാൻസി സ്റ്റോറിനുമിടയിലുള്ള
ഇടവഴിയിൽവച്ച്
വേഗത കുറച്ച നേരം നോക്കി
വലയിലാക്കുന്നു.
ഒന്നിനെ
ഒരു വടക്കേയിന്ത്യൻ
മൈലാഞ്ചിപ്പയ്യന്റെ
വഴിയോരത്തട്ടുകൾക്കടുത്ത്
വലംചിറക് വിടർത്തിയ നേരം
പിടിയിലാക്കുന്നു.
ഇനിയൊന്നിനെ
സന്ധ്യക്ക്‌
സർക്കാർ ബസ് സ്റ്റാന്റിൽ വച്ച്
കൊത്തിക്കീറാനടുത്ത
രാപ്പക്ഷികളിൽ നിന്ന്
കഷ്ടിച്ച് രക്ഷപ്പെടുത്തുന്നു.
ശരണാലയത്തിൽ നിന്ന്
എന്തിന് ഒളിച്ചുപറന്നു
എന്നുപോലും ചോദിക്കാതെ
നാമവയെ
സുരക്ഷിതരായി
സുരക്ഷിതരായി
തിരിച്ചെത്തിക്കുന്നു!

3 comments:

  1. എന്തിന് ഒളിച്ചുപറന്നു
    എന്നുപോലും ചോദിക്കാതെ
    നാമവയെ
    സുരക്ഷിതരായി
    സുരക്ഷിതരായി
    തിരിച്ചെത്തിക്കുന്നു!

    അതെ ഇങ്ങനെ ഒരു ചോദ്യം ബാക്കിയാവുന്നു ഇപ്പോഴും...
    നന്നായ് അവതരിപ്പിച്ചു .
    ഇഷ്ടപ്പെട്ടു

    ReplyDelete
  2. ഇനിയും സുരക്ഷിതരാണോ അവര്‍?
    ആശംസകള്‍

    ReplyDelete
  3. ഇത് പുതിയ കാലം ...ചോദ്യങ്ങള്‍ക്ക് പ്രസക്തി തീരെ ഇല്ല

    ReplyDelete

Please do post your comments here, friends !