Saturday, April 21, 2012

ഭൂതക്കണ്ണാടി (1998 കാലിക്കറ്റ്‌ University Interzone തലത്തില്‍ സമ്മാനാര്‍ഹമായ കവിത)

മിഴിയ്ക്കദൃശ്യമായതും
സ്വയം മൊഴിഞ്ഞ കണ്ണട
എടുത്തണിഞ്ഞിടട്ടെ  ഞാന്‍
സുഖം തരുന്ന കണ്ണട

ഉടഞ്ഞ മൌനമുദ്രകള്‍
പൊടിഞ്ഞ തുണ്ടിലെയ്ക്കു ഞാന്‍
പതുക്കെയൊന്നു നോക്കവേ
പിടഞ്ഞു പോയി മാനസം

പിടഞ്ഞു പോയി മാനസം
തുടങ്ങി ദുഃഖ നാടകം
അറിഞ്ഞിടുന്നുവോ സഖേ
മരിച്ചിടുന്നു ഭാരതം !

അടഞ്ഞ കെട്ടിനുള്ളിലെ
ശിലാ വിഭൂത ദേവതേ
അറിഞ്ഞിടുന്നുവോ സഖീ
മരിച്ചിടുന്നു ഭാരതം !

സഹസ്ര ശൈശവങ്ങളീ
മഹാവിബുദ്ധ ഭൂമിയില്‍
സ്വ ജീവരക്തധാരയാല്‍  
ഉതിര്‍ത്ത വേര്‍പ്പുകായലില്‍

കടത്തു തോണിയേറിടും
കൊഴുത്ത ദുഷ്ടജാതിയെ
മനുഷ്യരെന്നു ചൊല്ലുവാന്‍
മടിച്ചിടുന്നു ഞാന്‍ സഖേ

ഇവര്‍ തടിച്ചു തിങ്ങവേ
മെലിഞ്ഞിടുന്നു ഭാരതം
അറിഞ്ഞിടുന്നു ഞാന്‍ സഖേ
മരിച്ചിടുന്നു ഭാരതം

കുരുന്നു ണ്ണുനീര്‍ക്കണം
പതിച്ച മണ്ണിലിന്നിനി  
നവാഗതര്‍ക്ക് വേണ്ടി നാം
നവീന ഭൂമി തീര്‍ക്കുമോ?

*    *    * 
അഴിഞ്ഞുലഞ്ഞ ചേലയും
കൊഴിഞ്ഞ മോഹസൂനവും 
ചുവന്ന വീഥിയില്‍ പൊഴിഞ്ഞ
കണ്ണുനീര്‍ക്കങ്ങളും 

പറഞ്ഞു തന്ന കഥയിലെ
ദുരന്ത നായികയ്ക്കിനി
മനസ്സില്‍ ബാക്കി നില്‍ക്കയാ-
നന്തമശ്രുധാരകള്‍ 

അവള്‍ക്കു ചുറ്റുമിന്നു വ-
ട്ടമിട്ടു ചുറ്റിടുന്നൊരാ 
പരുന്തുകള്‍ പരക്കവേ
ചരിപ്പതെങ്ങു ഭാരതം ?

ചുവന്ന വീഥിയില്‍ പദം
പതിച്ചവര്‍ തഴയ്ക്കവേ
അറിഞ്ഞിടുന്നു ഞാന്‍ സഖേ 
മരിച്ചിടുന്നു ഭാരതം

ഹിതം മറന്ന കശ്മലര്‍
കിരാത നൃത്തമാടവേ
അബോധ യൌവനം തളര്‍-
ന്നടിഞ്ഞ സൂര്യനെല്ലിയില്‍

മനുഷ്യരാണ് വാസമെ-
ന്നറിഞ്ഞിടുന്നുവോ സഖേ
അറിഞ്ഞിടുന്നു ഞാന്‍ സഖേ
മരിച്ചിടുന്നു ഭാരതം

വിടന്റെ കാലിലദ്ദിനം  
പടര്‍ന്ന കയ്യിലന്നു ഞാന്‍
തെളിഞ്ഞു കണ്ടതാണവര്‍ 
ചവച്ചെറിഞ്ഞ  ഭാരതം

*     *    *
ജനത്തെ സേവ ചെയ്യുവാന്‍
തെരഞ്ഞെടുത്ത കൂട്ടരീ
ജനങ്ങള്‍ തന്റെ ജീവരക്ത
മൂറ്റി വിറ്റ ഭൂമിയില്‍

ജനിയ്ക്കുമോ വിശുദ്ധത
മരിച്ചിടുന്നു ശാന്തത
അറിഞ്ഞിടുന്നു ഞാന്‍ സഖേ
മരിച്ചിടുന്നു ഭാരതം

ഇവന്‍ പറഞ്ഞ സത്യമാ-
സത്യമെന്നതറിയുക   
ഇവന്റെ വാഗ്വിലാസമേ 
വിനാശ മാര്‍ഗമോര്‍ക്കുക 

നിണം പുരണ്ട വാളുകള്‍
കഴുത്തിലെ കൊലക്കയര്‍
ഉയര്‍ന്ന ഹസ്തലക്ഷവും
പറഞ്ഞതാണ് വിപ്ലവം

ഒഴിഞ്ഞൊരാവനാഴികള്‍ 
വെളുത്ത വസ്ത്ര ധാരികള്‍
അഹിംസയെന്തറിഞ്ഞിടാത്ത
ശുദ്ധരാണ് ഗാന്ധിയര്‍

അഖണ്ടമെന്റെ  ഭൂമിയെ
അരിഞ്ഞു തുണ്ടമാക്കുവാന്‍
കൊടും കഠാര പേറുവോര്‍
ഉറഞ്ഞു തുള്ളി നില്‍ക്കവേ

അകത്തു ശാന്തി കത്തി രോ-
ഷമഗ്നിയായ്  ജ്വലിയ്ക്കവേ
തിളച്ച രക്തമാറ്റുവാന്‍   
ശ്രമിക്കയാണ് ഞാന്‍ സഖേ !

*    *    *
മരിച്ചിടുന്നു ഭാരതം
മരിച്ചിടുന്നു ഭാരതം
ജനങ്ങള്‍ നിന്ന് കേഴവേ
നടുങ്ങിടും ജഗത്രയം

ജനം പകര്‍ന്ന ഭാമൊ-
ട്ടസഹ്യമായ് കഴിഞ്ഞുവോ
തളര്‍ന്നുവോ കരങ്ങള്‍, നീ
കുഴഞ്ഞു വീണടിഞ്ഞുവോ

നിനക്കൊരിറ്റു സാന്ത്വന-
ക്കുളിര്‍ ജലം പകര്‍ത്തുവാന്‍
കരള്‍ പിഴിഞ്ഞെടുത്തു ഞാ- 
നിതാ കുടിച്ചു കൊള്ളുക

നിനക്ക് ശാന്തി നല്‍കിടും
വിലാപ ഗാനമാകുവാന്‍
കൊഴുത്ത രക്തമൊന്നിനാല്‍
നിറച്ചിതെന്റെ തൂലിക

അടഞ്ഞ കെട്ടിനുള്ളിലെ
ശിലാ വിഭൂത ദേവതേ
കനിഞ്ഞു നീയിങ്ങുമോ  
മനുഷ ഹൃത്തിലെയ്ക്കിനി

തെളിയ്ക്കുമോ പ്രകാശമീ
യിരുള്‍ നിറഞ്ഞ ഭൂമിയില്‍
ജനിയ്ക്കുമോ അശാന്തികള്‍
മരിച്ച നവ്യഭാരതം

ഉടഞ്ഞ മൌനമുദ്രകള്‍
പൊടിഞ്ഞ തുണ്ടില്‍ നിന്ന് ഞാന്‍  
അരിച്ചെടുത്ത കീര്‍ത്തനം 
ഇതാറിഞ്ഞു  കൊള്ളുക  

മിഴിയ്ക്കദൃശ്യമായതും 
സ്വയം മൊഴിഞ്ഞ കണ്ണട
നിലത്തു വച്ചിടുന്നു ഞാന്‍
ഭയം തരുന്ന കണ്ണട !

No comments:

Post a Comment

Please do post your comments here, friends !