മീറന്‍ തലോടലായെത്തുന്ന മാരുതന്‍
നേര്‍ത്തൊരിരമ്പല്‍ ഞാന്‍ കേള്‍ക്കുന്നു, മാരി തന്‍
കൈകളീ ഭൂമിയെ പുല്‍കുന്ന നേരമായ്
ഒട്ടും നിനയ്ക്കാതെ പെയ്ത മഴയില്‍ ഞാ-
നൊട്ടു നനഞ്ഞു കുതിര്‍ന്നുവെന്നാകിലും
പണ്ഡിതര്‍, പാമരര്‍, മര്‍ദിതര്‍, മര്‍ദക-
രെല്ലാം നനഞ്ഞതു കണ്ടു നടന്നു ഞാന്‍
കാറ്റിലുലഞ്ഞോരിലഞ്ഞി മരത്തിന്റെ
ശാഖയിലാടുന്ന കൂടും കിളികളും
കൂട്ടിലെക്കുഞ്ഞിക്കിളിയെക്കുറി ച്ചോര്‍ത്തു
കേഴുന്നോരമ്മതന്‍ ദൈന്യവും കണ്ടു ഞാന്‍
ചോരുന്ന കൂരയിലുണ്ണിയെക്കൈകളില്‍
വാരിപ്പുണര്‍ന്നിരിയ്ക്കുന്ന നാടോടികള്‍
ചാറ്റല്‍മഴയില്‍ക്കുതിര്‍ന്ന വരാന്തയില്‍
അന്തി കഴിയ്ക്കുവാനെത്തുന്ന യാചകര്‍
ചേറില്‍ പുതഞ്ഞുമിടയ്ക്കൊന്നു തെന്നിയും
കാല്‍പ്പന്തു തട്ടിക്കളിയ്ക്കുന്ന യൌവനം
വെള്ളം നിറഞ്ഞു കവിഞ്ഞ പാടങ്ങളില്‍
കൊച്ചു കളിവള്ളമേറുന്ന കുട്ടികള്‍
വേവുന്ന വേനലിലാകെത്തളര്‍ന്ന പ-
തംഗങ്ങള്‍ കൂട്ടിലിരിപ്പാണു ശാന്തരായ്
വേനലിന്‍ ചൂടും വറുതിയുമോര്‍ത്തവര്‍
തൂവലും ചിക്കിയിരിപ്പാണു മൂകരായ്
മാരിയിലുണ്ടൊരു ചിത്രകാരന്‍, അവന്‍
ചിത്രം വരച്ചപോലീ ജനല്‍ച്ചില്ലുകള്‍
മാരിയിലുണ്ടൊരു വാദ്യഘോഷം, അതിന്‍
താളം മുഴങ്ങുന്നിതെന്റെ മേല്‍ക്കൂരയില്‍
ആദ്യമൊരു തുള്ളി, പിന്നെച്ചെറുമഴ
പിന്നെയൊരു പെരുംമാരിയാകുന്നതും
ചാലുകള്‍, തോടുക,ളാറുകളേറിയീ
സാഗരത്തിങ്കലലിഞ്ഞതുമീ മഴ
നൂറു മരങ്ങള്‍ കടപുഴക്കാന്‍ പോരു-
മായുധമേകിയീ കാറ്റിനെ വിട്ടതും
പൊള്ളുന്ന ചൂടില്‍ തളര്‍ന്നു മയങ്ങിയ
വിത്തുകള്‍ പുല്‍കി മുളപ്പിച്ചതും മഴ
വറ്റി വരളുന്ന പാടങ്ങളിലിളം
പച്ചപ്പുതപ്പു വിരിയ്ക്കുന്നതീ മഴ
കൊറ്റി തന്‍ കണ്ണില്‍ പുളയ്ക്കുന്ന മീനിട്ടു
കൊച്ചു തടാകങ്ങള്‍ തീര്‍ക്കുന്നതും മഴ
പോയി വരാമെന്നു ചൊല്ലിക്കളിപ്പിച്ചു
പോയി വരാഞ്ഞൊരു കാമുകനീ മഴ
ഒട്ടും നിനയ്ക്കാതിരിയ്ക്കുന്ന നേരത്തു
കിട്ടും അവന്റെയെഴുത്തു പോലീമഴ
കാമുകി തന്‍ മിഴി ക്കോണിലുറവാര്‍ന്നു
തൂകും മിഴിനീര്‍ക്കണങ്ങള്‍ പോലീമഴ
നഷ്ടസ്വപ്നത്തിന്റെ കൈത്തണ്ടയില്‍ നിന്നു
മുറ്റത്തു വീഴും വളപ്പൊട്ടുകള്‍, മഴ
കാണാത്ത സ്വര്‍ഗീയവീഥികള്‍ കാട്ടുവാ-
നാരോ തുറന്നിട്ട വാതിലാണീ മഴ
തീരാത്ത നോവിന്റെ കാരാഗൃഹങ്ങളില്‍
തോരാതെ പെയ്യും പ്രതീക്ഷയാണീ മഴ
രാജ്യം പകുത്തു ഭരിച്ചവര്‍ നമ്മുടെ
റോഡില്‍ വരച്ചതും മായ്ക്കുന്നതീ മഴ
ഏതോ കുടിപ്പക വെട്ടിവീഴ്ത്തും പ്രാണ-
തോഴന്റെ രക്തവും മായ്ക്കുന്നതീ മഴ
തീരാത്ത കള്ളക്കുറുമ്പുകള്‍ കാട്ടുമെന്‍
കുഞ്ഞിന്റെ കണ്ണിലെ കൌതുകമീ മഴ
മാറാത്ത രോഗക്കിടക്കയില്‍ ചായുന്നൊ-
രച്ഛന്റെയോര്‍മയില്‍ യൌവനമീ മഴ
ജീവന്റെയേഴു നിറങ്ങളുമുള്‍ക്കൊണ്ട്
പീലിവിടര്‍ത്തും മയില്‍പ്പൂവനീ മഴ
ഭൂമിതന്‍ നൊമ്പരച്ചൂടിന്റെ നാടക-
വേദിയില്‍ വീഴും തിരശ്ശീലയീ മഴ
എത്ര വര്‍ണിച്ചാലുമത്രയും ബാക്കിയാ-
ണത്രയുമത്ഭുതമീ മഴക്കാഴ്ച്ചകള്‍
എത്ര വായിച്ചാലും, അത്രയും ബാക്കിയാ-
ണത്രയുമത്ഭുത കാവ്യമാണീ മഴ
എത്ര നുകര്‍ന്നാലും തേന്‍ ചുരത്തീടുന്ന
പുത്തന്‍വധുവിന്‍ ചൊടികള്‍ പോലീമഴ
എന്നുമെന്‍ ഓര്‍മതന്‍ താളില്‍ പിറക്കുന്ന
കൊച്ചുകടലാസുതോണിയാണീ മഴ !