Monday, December 3, 2012

ഒരു കാത്തിരിപ്പ്‌



തിരികെയിറങ്ങി വരുമ്പോളവളുടെ 
മിന്നും പല്ലുകളെല്ലാമെണ്ണാം 
ചെന്നിറമോലും കവിളുകള്‍
അവയില്‍
കുഞ്ഞു നുണക്കുഴി കാണാം 
രണ്ടും 
മിന്നിമറഞ്ഞു കളിപ്പതു കാണാം,
കണ്ണില്‍ സൂര്യനുദിച്ചതു കാണാം.

കോര്‍ത്തുപിടിച്ച പരുക്കന്‍ കൈയില്‍ 
നെഞ്ചിലെയെതോ 
താളമുതിര്‍ന്നതു,മവളുടെയുദരത്തുടിയും ചേര്‍ന്നത് 
പൊന്‍വെയിലായി മുഖത്ത് നിറച്ചവര്‍
ഗര്‍വിലിറങ്ങി വരുന്നത് കാണാം

കാലിടറാതെ കൈകള്‍ വിടാതെ
രണ്ടു മനസ്സുകളൊന്നായ്ച്ചേര്‍ന്നൊരു 
സുന്ദരസ്വപ്നം പൊലിയും 
പോലപ്പടിയും താണ്ടി മറഞ്ഞത് കാണാം.

ഇനിയൊരുവള്‍, 
അവള്‍ കയറിപ്പോകെ 
കണ്ണില്‍ ചെറുമഴ പെയ് വതു കാണാം
അവളെത്താങ്ങും കൈകളിലവനുടെ 
ചങ്കിലെ വിറയല്‍ പടര്‍ന്നതുമറിയാം 
ഉള്ളില്‍ ചെന്നാല്‍ ചോദിക്കാനായ് 
ഓര്‍ത്തു നടക്കും ചോദ്യങ്ങള്‍ തന്‍
ഭാരമുറഞ്ഞ മുഖങ്ങള്‍ കാണാം.

ഞങ്ങളുമന്നീ മുറിയിലിരുന്നൂ 
ഗൈനക്കോളജി ഡോക്ടറകത്തും
എന്നാല്‍ ഞങ്ങടെ ചിന്ത പകര്‍ത്താന്‍
കണ്ടില്ലാ, ഒരു കവിയെപ്പോലും.

8 comments:

  1. ചിന്തപകര്‍ത്താന്‍ കണ്ടില്ലാ ഒരു കവിയെപ്പോലും

    അരുണിന്റെ കവിതയെഴുത്ത് വളരെ നല്ലരീതിയില്‍ പുരോഗമിച്ചിരിക്കുന്നുവെന്ന് പറയാന്‍ സന്തോഷമുണ്ട്

    ReplyDelete
    Replies
    1. നല്ല വാക്കിനു നന്ദി ...

      Delete
  2. നന്നായിട്ടുണ്ട് അരുണ്‍....

    ReplyDelete
  3. വായിക്കാനൊരു താളമുണ്ട് ..പല്ര്‍ക്കുമില്ലാത്തതും ....ആശംസകള്‍

    ReplyDelete

Please do post your comments here, friends !