Friday, July 12, 2013

"ബോറടിക്കുന്നൂന്ന് പറഞ്ഞാല്‍ എന്താ അച്ഛാ
ബോളടിക്കുന്ന പോലെയാണോ"

"അല്ല മോനേ, ബോറടിച്ചൂന്ന് വെച്ചാല്‍ മടുത്തൂന്ന്"

"മടുത്തൂന്ന് പറഞ്ഞാല്‍ എന്താ?

"........."

"ഭൂമീന്ന് പറഞ്ഞാല്‍ എന്താ അച്ഛാ"

"മോനേ,
നമ്മുടെ ഈ മുറിയില്ലേ,
ഉം
അത് ഈ വീട്ടിലല്ലേ?
ഉം
ഈ വീട് ഇരിഞ്ഞാലക്കുടയിലല്ലേ?
ഉം
ഇരിഞ്ഞാലക്കുട കേരളത്തിലല്ലേ
ഉം
കേരളം ഇന്ത്യയിലല്ലേ
ഉം
അങ്ങനെ ഒരുപാട് ഇന്ത്യ ചേര്‍ന്ന
വലിയ ഒരു ബോളാണ് ഭൂമി"

"അച്ഛനേക്കാള്‍ വലിയതാണോ ?"

"........"
അവര്‍ ആ മണ്ണില്‍ 
അര്‍ബുദത്തിന്റെ 
വിത്തുകള്‍ വിതച്ചു.

വായുവില്‍ 
മൃതശരീരങ്ങളുടെ ദുര്‍ഗന്ധം പടര്‍ത്തി. 

പുഴയിലെ അമൃതം ഭുജിച്ച്
കാകോളം തുപ്പി.

കുടിവെള്ളത്തില്‍
തരിതരിയായി വിഷം കലര്‍ത്തി.

കുഞ്ഞുങ്ങളുടെ
ജന്മരാശികളില്‍
മാറാവ്യാധിയുടെ നക്ഷത്രങ്ങള്‍ വരച്ചു.

മൃഗങ്ങളുടെ ശവശരീരങ്ങളില്‍ നിന്ന്
മനുഷ്യരുടെ ശവകുടീരങ്ങളുണ്ടാക്കി.

പോരാട്ടം നയിച്ചവരെ
തീവ്രവാദികളെന്നു മുദ്രകുത്തി.

ഉച്ചത്തിലുയര്‍ന്നേക്കാവുന്ന
പ്രതിഷേധസ്വരങ്ങളെ
ഒറ്റുകാശില്‍ കുളിപ്പിച്ചു കിടത്തി.

പലവര്‍ണ്ണക്കൊടികളെ
ഒന്നൊഴിയാതെ നിര്‍വീര്യമാക്കി.

ഇനിയിവര്‍ക്കു പോരാടാതെ വയ്യ.
മരിയ്ക്കാന്‍ വിടാനാകില്ല...
കാതിക്കുടത്തെ പുഴയെ
മണ്ണിനെ, ജലത്തെ,
ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ !
ഗ്രീഷ്മമാകുമ്പോള്‍ മഴ-
പ്പൊട്ടുകള്‍ തിരയുന്നൂ 
വര്‍ഷകാലത്തില്‍ വെയില്‍-
ത്തിരികള്‍ തിരയുന്നു 
പുളിപ്പും ചവര്‍പ്പുമായ്-
ക്കുഴയും വാഴ്വിന്‍ ദുഗ്ധ-
പാത്രത്തില്‍ മധുരത്തിന്‍ 
തരികള്‍ തിരയുന്നൂ.
'മറക്കില്ല, മറക്കില്ല'യെന്ന് 
കേട്ടു മനം നിറഞ്ഞ് 
യാത്രയായവരാണ് അവരെല്ലാം.

കണ്‍വെട്ടത്തില്ലാതായ
ആ നിമിഷം മുതല്‍ 
നമ്മളവരെ മറന്നു തുടങ്ങി.

'മറന്നു പോയി, അല്ലേടാ' 
എന്നു ചോദിക്കാന്‍ 
അവര്‍ ഇനി വരില്ലെന്നുറപ്പുള്ളതിനാല്‍

ഓര്‍മ്മിപ്പിക്കാന്‍ ആരെങ്കിലും വരും വരെ
അല്ലെങ്കില്‍
എന്തെങ്കിലും ഉണ്ടാവുന്നതു വരെ

നാമവരെ ഉള്ളിലെയേതോ കോണില്‍
ഇനിയും
മറന്നുവച്ചുകൊണ്ടേയിരിക്കും
ദയയില്ലാതെ

Tuesday, July 2, 2013

വേസ്റ്റ് മാനേജ്മെന്റ്റ്

മഴയിക്കുന്നിന്‍ചെരുവിലെ വഴിയില്‍
ഇഴമുറിയാതെപ്പെയ്തു നിറഞ്ഞു
മഴ ഞാന്‍ പണ്ടു വെടിഞ്ഞവയെല്ലാം
കഴുകിയെടുത്തിത്തോട്ടില്‍ നിറച്ചു.

വെട്ടമണഞ്ഞൊരു ബള്‍ബൊ,രു പൊട്ടിയ
സ്ലേറ്റിന്‍ തുണ്ടൊ,രു കുറ്റിപ്പെന്‍സില്‍
വക്കുമുറിഞ്ഞൊരു കോപ്പ,യെഴുത്തു
മുഷിഞ്ഞു തുടങ്ങിയ പഴയൊരു കത്ത്.

കണ്ടുമുരഞ്ഞും തീര്‍ന്നൊരു സീഡി
പഴയൊരു ഫ്ലോപ്പി, കാലിക്കുപ്പി
മങ്ങിയ മിഠായിക്കവര്‍, ബില്ലുകള്‍
പാതി വലിച്ചൊരു ബീഡിക്കുറ്റി

അറിയാതൂര്‍ന്നൊരു നാണയം, എന്നോ
പനി വന്നപ്പോള്‍ വാങ്ങിയ ഗുളിക,
കല്യാണക്കുറി, സഞ്ചയനക്കുറി-
യങ്ങനെ കണ്ടു മടുത്തവയെല്ലാം

മഴയിക്കുന്നിന്‍ചെരുവിലെ തോട്ടില്‍
പണ്ടു കളഞ്ഞവയൊക്കെയൊഴുക്കി
മഴയിത്താഴ്വാരങ്ങളിലങ്ങനെ
കാണാക്കാഴ്ചകളേറെയൊരുക്കി.

ഇനി പേടിക്കാനില്ല


ഒന്നും ഭയക്കുവാനില്ല
കാര്‍ത്ത്യായാനിക്കിന്നുതൊട്ടങ്ങോട്ടു തെല്ലും
ഒറ്റ മഴയ്ക്കിവള്‍ക്കുണ്ടായിരുന്നതാം
പേടികളെല്ലാമലിഞ്ഞു.

കുമ്മായമെല്ലാമടര്‍ന്ന ചുവരുകള്‍
വെള്ളപൂശീടേണ്ടതില്ല
ചോര്‍ച്ചയടയ്ക്കുവാന്‍ കാശിനായ്
ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല.

വീണുപോയേക്കുമെന്നാധി പിടിച്ചു
കഴുക്കോലു മാറ്റേണ്ടതില്ല
ഒറ്റയ്ക്കിരുന്നിട്ടതിയാനെയോര്‍ത്തിനി
ഒട്ടും നെടുവീര്‍പ്പിടേണ്ട.

ഏതു മഴയിലുമിത്ര നാള്‍
വീടകമിത്ര നനഞ്ഞിട്ടുമില്ല
ഇങ്ങനെയേതു കാറ്റത്തുമവളുടെ
വാതിലടഞ്ഞിട്ടുമില്ല.

മേച്ചിലോടോരോന്നടര്‍ന്ന നാള്‍
കാണായൊരിത്തിരിയാകാശമിപ്പോള്‍
എത്ര വിശാലം !
ഇവള്‍ നെയ്തു തോറ്റൊരു സ്വപ്നനീലപ്പട്ടു പോലെ.

ഒന്നും ഭയക്കുവാനില്ല
കാര്‍ത്ത്യായാനിക്കിന്നുതൊട്ടങ്ങോട്ടു തെല്ലും
ഒറ്റ മഴയിവളിത്രനാള്‍ പേടിച്ച-
തൊക്കെയൊഴുക്കിക്കളഞ്ഞു.

പൂക്കളില്‍

ചുവന്ന പൂക്കളില്‍ 
പച്ചവെളിച്ചം വീഴാഞ്ഞിട്ടല്ല 
തളിരിലകളില്‍ 
നീലവെളിച്ചം വീഴാഞ്ഞിട്ടല്ല.

തിരസ്കാരത്തിന്റെയും
ഉപേക്ഷയുടെയും 
കാഴ്ചകളില്‍
നിറങ്ങളെല്ലാം അദൃശ്യമാവുകയാണ്.

ടച്ച് സ്ക്രീന്‍തൊട്ടു നോക്കൂ
വാടാനിരിക്കുന്ന തൊട്ടാവാടിയെ,
വൃത്തങ്ങളുതിര്‍ക്കും മുന്‍പ് മഴവെള്ളത്തെ.

തൊട്ടു നോക്കൂ
വീഴാനിരിക്കുന്ന നിറം മങ്ങിയ പൂക്കളെ
പിടിതരാതെ പൂവിലിരിക്കുന്ന ശലഭത്തെ 

തൊട്ടു നോക്കൂ
ഉണക്കയിലകള്‍കൊണ്ട് അഗ്നിയെ
പുല്‍ക്കൊടിത്തുമ്പു കൊണ്ട് കാറ്റിനെ
കാച്ചിയ ലോഹംകൊണ്ട് മണ്ണിനെ

തൊട്ടു നോക്കൂ
ഹൃദയംകൊണ്ട് ഇണയെ
മനസ്സുകൊണ്ട് സഹജീവികളെ.

ചെന്നു തൊട്ടാലേ അറിയൂ
ആരുടെയുമല്ലാത്ത,
ഏറ്റവും വലിയ
ഭൂമിയെന്ന
ഈ ടച്ച് സ്ക്രീനിനെ.