പുതിയ മേച്ചില്‍പ്പുറം തേടിയലയുമ്പോളീ
നാടെനിയ്ക്കന്യമാകുന്നൂ
നീയെനിയ്ക്കന്യയാകുന്നൂ
എന്റെ നോവെനിയ്ക്കന്നമാകുന്നൂ
ഒരു നാളിലന്യാശ്രയത്തിലീ ഭൂമിയില്‍
പണിത മേല്‍ക്കൂരയ്ക്ക് കീഴില്‍
ശിലയായി ശിലപോലുമലിയുന്നൊരറിവിന്റെ
തെളിദീപമായ് നീ വിളങ്ങി
ഒരു കാറ്റില്‍ നിന്നുമൊരു പേമാരിയില്‍ നിന്നു-
മാദീപമണയാതെ കാക്കാന്‍
ഇരു കൈകള്‍ മറയാക്കിയൊരു യുഗം മുഴുവന-
ത്തിരി കാത്തു കാത്തു ഞാന്‍ നിന്നു
പുതു മഴയിലുയിരാര്‍ന്ന പുതു നാമ്പിലൊളിമിന്നി
ഒരു പുതിയ സൂര്യനാം ബിംബം
ഒരു നിശാഗാന്ധി തന്‍ ഗാന്ധമേറ്റൊഴുകി വ-
ന്നെത്രയോ ചന്ദ്രകല്ലോലം
ന്നെത്രയോ ചന്ദ്രകല്ലോലം
ദാഹജലമല്ലിന്‍ മഹാതാപമേറ്റിന്നു
തിളപൊന്തി വറ്റിയൊഴിയുന്നു
മോഹ ജലധിയ്ക്കകത്തൊരു കോടിയോളങ്ങള്‍
കരപറ്റി വീണ്ടുമകലുന്നു
അറിവിന്റെയുറവിടം വറ്റുന്നു മറവിയാം
മറ വീണു ശാന്തി മറയുന്നു
നെറിവിന്റെ നിലവിളക്കെണ്ണയില്‍ കുതിരാത്ത
തിരിപോയിയിരുളിലാഴുന്നു
ഇനി വയ്യ, ഈ ഭൂവിലൊരു മാത്രയിനി വയ്യ,
വിട ചൊല്ലി യാത്രയാകുന്നു
പുതിയ മേച്ചില്‍പ്പുറം തേടിയലയുമ്പോളീ
ഗാനമൊരു കുളിരായിടുന്നു