Saturday, April 28, 2012

പ്രാര്‍ത്ഥന (1997)

രക്ഷിയ്ക്കുമോ ദേവ, രക്ഷിയ്ക്കുമോ മനം
ലകഷ്യമില്ലാതെയലഞ്ഞു നീങ്ങുമ്പോള്‍ നീ ?  
ഞാനാദ്യമായേറ്റു  പാടിയ പ്രാര്‍ഥനാ-
ഗാനമതിന്നും മുഴങ്ങുന്നു പ്രാണനില്‍ 

ദേവ, നിന്‍ സ്നേഹമാം മാധുര്യമുണ്ണുവാന്‍
കാരുണ്യമാകും പ്രസാദമര്‍ത്ഥിയ്ക്കുവാന്‍ 
നീ വസിയ്ക്കുന്നോരീ ദേവാലയത്തിന്റെ
തൃപ്പടിവാതില്ക്കലെന്നുമെത്തുന്നു ഞാന്‍

നെയ്ത്തിരി നാളം പരത്തിയ വെട്ടത്തി-
ലെന്നെയും നോക്കി നീ പുഞ്ചിരിയ്ക്കുന്നുവോ
എന്റെ വിശ്വാസങ്ങള്‍ കൈ കൂപ്പി നില്‍ക്കവേ
നിന്റെ പാല്‍പുഞ്ചിരിയ്ക്കുള്ളിലലിഞ്ഞു ഞാന്‍

ചേതനയറ്റതാമിശ്ശിലാ ഖണ്ഡത്തില്‍
എന്തിനായ് നിന്നെ തളച്ചിട്ടു മാനവര്‍ ?
നിന്‍ രൂപ ദര്‍ശനം നേടുവാനീ ശിലാ-
ശില്പങ്ങളോടൊത്തു  ശില്പമായ് നിന്നു ഞാന്‍

എന്റെ കാല്‍ക്കീഴിലെക്കല്പ്പാളി തെന്നുമ്പോ-
ളെന്നും തുണയ്ക്കുന്ന നിന്‍ കരം കാണുവാന്‍
അഷ്ടദിഗ്ദേവകള്‍ക്കര്‍ച്ചനയേകിയീ
ചുറ്റമ്പലത്തെ പ്രദക്ഷിണം വച്ചു ഞാന്‍

ചെമ്പട്ടു ചുറ്റിപ്പുതച്ച നിന്‍ മേനിയും
ചെന്താമരപ്പൂ കൊരുത്ത മാല്യങ്ങളും
ചുണ്ടിലെപ്പുഞ്ചിരിയ്ക്കുള്ളിലലയ്ക്കുന്ന
ചാരിതാര്‍ഥ്യക്കടലോവും കണ്ടു ഞാന്‍ 

എന്നു നീയെന്റെയീ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
എന്നു കാരുണ്യ പ്രസാദങ്ങള്‍ നല്‍കുവാന്‍
എന്നു നീയെന്നുള്ളില്‍ മുന്നെയണഞ്ഞോരാ
ശാന്തി തന്‍ ദീപത്തെ വീണ്ടും തെളിയ്ക്കുവാന്‍ ?

രക്ഷിയ്ക്കുമോ ദേവ, രക്ഷിയ്ക്കുമോ മനം
ലകഷ്യമില്ലാതെയലഞ്ഞു നീങ്ങുമ്പോള്‍ നീ ?
ഞാനാദ്യമായേറ്റു  പാടിയ പ്രാര്‍ഥനാ-
ഗാനമതിന്നും പതുക്കെ മന്ത്രിപ്പു ഞാന്‍ !!

4 comments:

  1. ലകഷ്യമില്ലാതെയലഞ്ഞു നീങ്ങുമ്പോള്‍......

    ReplyDelete
  2. A heart rending surrender,an entreaty, a self’s selfless reflection that goes on and on invoking the hidden One, a purifying lamentation;I was with you through out the recital and could feel and experience the pathos and urgency of the longing for merger.Loved the pleas,the wishes and the invocation and above all the attitude.Now I feel I missed the lines,I was between them all through.

    ReplyDelete

Please do post your comments here, friends !