Thursday, April 19, 2012

ദൈവീകം

കാഴ്ചയ്ക്കും ചിന്തകള്‍ക്കും അപ്പുറത്ത്
തെറ്റുകാരെ ശിക്ഷിയ്ക്കാനും, നല്ലവര്‍ക്കു സ്വര്‍ഗം കൊടുക്കാനും
തക്കം പാര്‍ത്തിരിയ്ക്കുന്ന 
ദൈവത്തില്‍ ഞാന്‍ വിശ്വസിയ്ക്കുന്നില്ല

എങ്കിലും, പൊരിയുന്ന ചൂടില്‍ വേനല്‍മഴ ആയി,
വസന്തം വരെ കാത്തിരുന്ന പൂക്കളെ വിരിയിച്ച്,
ഓണത്തിന് തുമ്പപ്പൂവും, വിഷുവിനു കൊന്നയും വിടര്‍ത്തുന്ന
അത്ഭുതത്തെയാണ് ദൈവമെന്നു ഞാന്‍ വിളിയ്ക്കുന്നത്

അപകടങ്ങളില്‍ രക്ഷപ്പെടുത്തുകയും
പരീക്ഷണങ്ങളില്‍ തളരാതെ കാക്കുകയും
ഉറ്റവരെ ചേര്‍ത്ത് നിറുത്തുകയും ചെയ്യുന്ന
രക്ഷകരും എനിയ്ക്ക് ദൈവങ്ങളാണ്

ഒരു ചെറു പുഞ്ചിരിയില്‍
ദുഃഖങ്ങള്‍ അലിയിയ്ക്കുന്ന കുഞ്ഞുങ്ങളിലും
അനുഭവ പാഠങ്ങള്‍ പകര്‍ന്നു തന്ന
മുതിര്‍ന്നവരിലും ദൈവീകത ഉണ്ട്

സഹനത്തിലൂടെ അമ്മയും
സംരക്ഷണത്തിലൂടെ അച്ഛനും
വിദ്യയിലൂടെ ഗുരുക്കളും
എനിയ്ക്ക് ദൈവങ്ങളായി

ആശ്രയിയ്ക്കാനും, ആരാധിയ്ക്കാനും അനേകം ദൈവങ്ങള്‍...
ഒരു പക്ഷെ, അത് കൊണ്ട് തന്നയായിരിയ്ക്കണം
എനിയ്ക്ക് മുന്‍പേ വന്നവര്‍
ഏക ദൈവത്തില്‍ വിശ്വസിയ്ക്കാതിരുന്നത്

________________
കാഴ്ച്ചകള്‍ക്കപ്പുറം, ചിന്തക്കുമപ്പുറം
വാഴുന്ന മിത്തല്ല ദൈവം.
നന്മയ്ക്ക് സ്വര്‍ഗ്ഗവും, തിന്മയ്ക്കു നാശവും

നല്‍കും കരുത്തല്ല ദൈവം.

മന്നില്‍ പിറക്കുവോരൊക്കെയും മക്കളാ-
ണെങ്കില്‍ വെറുക്കുമോ ദൈവം ?
കത്തും നരകാഗ്നിതന്നില്‍ ദഹിപ്പിച്ചു
കൊല്ലാതെ കൊല്ലുമോ ദൈവം ?

പൊള്ളുന്ന വേനലില്‍ മാരിയായ് പെയ്യുന്നൊ-
രജ്ഞാത കാരുണ്യമാവാം
തെറ്റാതെയെന്നും വസന്തത്തില്‍ പൂക്കള്‍
നിറയ്ക്കുന്നൊരത്ഭുതമാവാം

തുമ്പക്കുടങ്ങള്‍ കൊണ്ടോണത്തിനെപ്പോഴും
അമ്പരപ്പിച്ചവനാവാം
പൊന്‍കണിയായി വിടര്‍ന്നുല്ലസിക്കുന്ന
കൊന്നകളേകുവോനാവാം

ഓര്‍ക്കാപ്പുറത്തെയപകടസന്ധിയില്
കാത്തുരക്ഷിച്ചവനാവാം
എന്നും പരീക്ഷണവേളയിലെന്‍ ശക്തി
ചോരാതെ കാത്തവനാവാം

വേര്‍പിരിഞ്ഞീടുവാനാവാത്ത കണ്ണിപോല്‍
സ്നേഹം പടുത്തവനാവാം .
എല്ലാം മറക്കുവാന്‍ പുഞ്ചിരിയായെന്റെ
കുഞ്ഞില്‍ നിറഞ്ഞവനാവാം

ജീവിതപാഠങ്ങളെന്നെ പഠിപ്പിക്കു-
മെല്ലാ മുതിര്‍ന്നോരുമാവാം
അക്ഷരക്കൂട്ടങ്ങളക്കങ്ങളെല്ലാം
പഠിപ്പിച്ചു തന്നവരാവാം

ഭൂമിയേക്കാളും ക്ഷമിക്കുവാന്‍ ശീലിച്ചോ-
രമ്മയില്‍ ദൈവമുണ്ടാവാം
ഊനം വരാതെന്നെ കാത്തുപാലിച്ചോരെ-
ന്നച്ഛനില്‍ ദൈവമുണ്ടാവാം.

ആശ്രയിക്കാനപേക്ഷിക്കാനൊരായിരം
ദൈവങ്ങളുണ്ടെന്റെ ചുറ്റും.
അല്ല, ദൈവത്തിന്‍ മുഖച്ഛായ പേറുന്ന
ജന്മങ്ങളുണ്ടെന്റെ ചുറ്റും

4 comments:

  1. 'ആശ്രയിക്കാനപേക്ഷിക്കാനൊരായിരം
    ദൈവങ്ങളുണ്ടെന്റെ ചുറ്റും.
    അല്ല, ദൈവത്തിന്‍ മുഖച്ഛായ പേറുന്ന
    ജന്മങ്ങളുണ്ടെന്റെ ചുറ്റും'

    മനുഷ്യന്റെ മുഖഛായയാണ് ദൈവത്തിനെന്ന് ആരാ പറഞ്ഞെ...?
    അതും ഒരു വിശ്വാസം....
    വിശ്വാസം അതല്ലെ എല്ലാം...!!
    നന്നായിരിക്കുന്നു കവിത...
    ആശംസകൾ...

    ReplyDelete

Please do post your comments here, friends !