Thursday, August 1, 2013

ലോട്ടറിയെടുക്കുന്നതിനും 
ഫലം വരുന്നതിനുമിടയിലുള്ള ചിന്തകളെ 
ഡൌണ്‍ലോഡ് ചെയ്തെടുത്താലറിയാം
എത്ര പേര്‍ 
ഈ ഉലകത്തില്‍
അവനവന്‍ ചെയ്യുന്ന ജോലിയിലും
ഇരിക്കുന്ന സ്ഥാനത്തിലും
തൃപ്തരാണ് എന്നുള്ളതിന്റെ 
ഞെട്ടിപ്പിക്കുന്ന 
സ്ഥിതിവിവരക്കണക്ക്
പതിറ്റാണ്ടുകളുടെ 
പണിപ്പെടലിനു ശേഷം 
വെളിവാകുന്ന ദൈവകണമല്ല;

ഒരു പണിയുമില്ലാതെയിരിക്കുമ്പോള്‍
തലയില്‍ വന്നു വീഴുന്ന 
ആ ആപ്പിളാണ് കവിത.
കയ്യൊഴിഞ്ഞപ്പോള്‍ 
പഴയ പുസ്തകം 
കുറെ പാഴ്ക്കടലാസുകളായി.
വെട്ടി സൂക്ഷിക്കാന്‍ പോലും മടിച്ച് 
കാത്തുവെച്ച ഇഷ്ടതാളുകളെല്ലാം 
കടലവണ്ടികളിലും മീങ്കൊട്ടകളിലും കയറി
മഴ നനഞ്ഞ് പലവഴി പിരിഞ്ഞിട്ടുണ്ടാകും .

ഒഴിവാക്കിയപ്പോള്‍ 
പഴയ പേന വെറും പ്ലാസ്റ്റിക്കായി.
മഷി വറ്റിയിട്ടും
മുനയൊടിഞ്ഞിട്ടും കളയാതിരുന്നതിപ്പോള്‍
ഏതൊക്കെ രൂപത്തില്‍
എവിടെയെല്ലാം എത്തി
ആര്‍ക്കെല്ലാം വേണ്ടി
എന്തെല്ലാം ചെയ്യുന്നുണ്ടാകും?

ഉപേക്ഷിച്ചപ്പോള്‍
പഴയ കാര്‍ഡ് അടുപ്പിനിന്ധനമായി.
വാരിക്കളഞ്ഞ ചാരത്തില്‍
പാതികത്തിക്കണ്ട കാര്‍ഡില്‍
'മറക്കില്ല' എന്ന വാക്ക് മാത്രം
മുഴുവന്‍ കത്തിപ്പോയിരുന്നു.

കൈവിടാനൊരുങ്ങിയപ്പോള്‍
പുഴയൊരു പാവം പെണ്ണായി.
അടിമണ്ണൂറ്റിയും
കരയിടിച്ചും
മലിനപ്പെടുത്തിയും
അതിനെയുമാരെങ്കിലും
തീര്‍ത്തുകളയുമെന്ന ഭയത്താല്‍
ഉപേക്ഷിക്കാന്‍ മനസ്സുവന്നിട്ടില്ലതിനെ
ഇത്രയായിട്ടും...
* കവിത തുന്നിപ്പിടിപ്പിച്ച കമ്പളം *

തിരി കെടുത്താന്‍ തുനിഞ്ഞാലുമായിരം 
തിരികളായിജ്ജ്വലിക്കുന്ന ചിന്തകള്‍
ഒരു കടുംകെട്ടഴിച്ചാലബോധത്തില്‍ 
തെരുതെരുന്നനെച്ചുറ്റും കുരുക്കുകള്‍

ഇരവിലെന്നുമീ വാനത്തു കണ്ടു ഞാന്‍
കനിവു പെയ്യാത്ത വെണ്‍മേഘമാലകള്‍
മിഴിയടച്ചാലുറക്കാതെ വിഭ്രമ-
ച്ചുഴിയിലങ്ങനെയാഴുന്ന ചിന്തകള്‍

പഴുതു പരതുവാനുള്ളിലെത്തടയണ-
ച്ചുവരിലെന്നുമലയ്ക്കുന്ന നോവുകള്‍
ഒരു കൊടുക്കലില്‍ തീരേണ്ട ബാദ്ധ്യത
ഒരു പറച്ചിലില്‍ തീരേണ്ട വാക്കുകള്‍

ഇതു കുറിക്കുമ്പൊളറിയുന്നു കണ്‍കളില്‍
സുഖദനിദ്രതന്നാദ്യ മഞ്ഞിന്‍കണം
തണുവകറ്റാനെനിക്കുണ്ടു നീയെന്ന
കവിത തുന്നിപ്പിടിപ്പിച്ച കമ്പളം