Thursday, August 1, 2013

കയ്യൊഴിഞ്ഞപ്പോള്‍ 
പഴയ പുസ്തകം 
കുറെ പാഴ്ക്കടലാസുകളായി.
വെട്ടി സൂക്ഷിക്കാന്‍ പോലും മടിച്ച് 
കാത്തുവെച്ച ഇഷ്ടതാളുകളെല്ലാം 
കടലവണ്ടികളിലും മീങ്കൊട്ടകളിലും കയറി
മഴ നനഞ്ഞ് പലവഴി പിരിഞ്ഞിട്ടുണ്ടാകും .

ഒഴിവാക്കിയപ്പോള്‍ 
പഴയ പേന വെറും പ്ലാസ്റ്റിക്കായി.
മഷി വറ്റിയിട്ടും
മുനയൊടിഞ്ഞിട്ടും കളയാതിരുന്നതിപ്പോള്‍
ഏതൊക്കെ രൂപത്തില്‍
എവിടെയെല്ലാം എത്തി
ആര്‍ക്കെല്ലാം വേണ്ടി
എന്തെല്ലാം ചെയ്യുന്നുണ്ടാകും?

ഉപേക്ഷിച്ചപ്പോള്‍
പഴയ കാര്‍ഡ് അടുപ്പിനിന്ധനമായി.
വാരിക്കളഞ്ഞ ചാരത്തില്‍
പാതികത്തിക്കണ്ട കാര്‍ഡില്‍
'മറക്കില്ല' എന്ന വാക്ക് മാത്രം
മുഴുവന്‍ കത്തിപ്പോയിരുന്നു.

കൈവിടാനൊരുങ്ങിയപ്പോള്‍
പുഴയൊരു പാവം പെണ്ണായി.
അടിമണ്ണൂറ്റിയും
കരയിടിച്ചും
മലിനപ്പെടുത്തിയും
അതിനെയുമാരെങ്കിലും
തീര്‍ത്തുകളയുമെന്ന ഭയത്താല്‍
ഉപേക്ഷിക്കാന്‍ മനസ്സുവന്നിട്ടില്ലതിനെ
ഇത്രയായിട്ടും...

No comments:

Post a Comment

Please do post your comments here, friends !