Thursday, August 30, 2012

ഓണം കഴിഞ്ഞ്..



ഓണം കഴിഞ്ഞു..
ബാക്കിയായത് 
കുറെ തലയില്ലാത്ത തുമ്പച്ചെടികള്‍..

വാങ്ങാന്‍ വന്നവന്‍ കണ്ണുവച്ച
വൈറ്റ് ലെഗോണ്‍ കോഴിയെപ്പോലെ
ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും
പറിച്ചെടുക്കപ്പെട്ടു പൂക്കള്‍.

ഓണം ബോണസ്സായി

വിരിഞ്ഞ പൂക്കളും,
പണ്ട് വിരിഞ്ഞതില്‍
ബാക്കിയുണ്ടായിരുന്നവയും
ഒറ്റ ദിവസത്തെ ആഘോഷത്തിന്
പിള്ളേര് കൊണ്ടുപോയി.

ഇനിയിപ്പോള്‍
ഒന്നേന്നു തുടങ്ങണം
ഈ പൂക്കലും വിരിയലും...
ഈ മാസമൊന്നു കഴിഞ്ഞോട്ടെ.

സര്‍പ്പം




മാളത്തിനും സെവെന്‍സീസ് ബാറിനും 
ഇടയിലുള്ള നാറുന്ന തോടുകളിലൊന്നില്‍ കിടന്നാണ്
നാട്ടിലെ ചില തലമൂത്ത ആണ്‍സര്‍പ്പങ്ങളിലൊരുവന്‍
വ്യര്‍ത്ഥജീവിതത്തെക്കുറിച്ച് 
തത്വശാസ്ത്രങ്ങള്‍ രചിക്കുക.

അവിടെത്തന്നെയാണ് 
ചെളിയില്‍ തലപൂഴ്ത്തി 
അവന്‍ അന്തിയുറങ്ങുക .

അവന്റെ സ്വന്തം ചോരയില്‍ കുരുത്ത
കുഞ്ഞുസര്‍പ്പത്തിന്റെ കണ്ണുകളില്‍
കാട്ടുതീയായി ഒരു പക പടരുന്നത്‌
മാളത്തിലെ പെണ്‍സര്‍പ്പത്തിന് മാത്രം കാണാം.

അവന്‍ എന്നോ വാങ്ങിക്കൊടുത്ത
പുകയില്ലാത്ത അടുപ്പില്‍
ഇന്നിപ്പോള്‍ തീയുമില്ലെന്നു
പരിഭവിച്ചു കാത്തിരിക്കുകയായിരിക്കും
പല ദിവസങ്ങളിലും അവള്‍.

കുഞ്ഞുവരകള്‍



ഒരേയൊരു വര കൊണ്ട് 
ഒരു സൂര്യന്‍,
ഒരു വണ്ടി,
ഒരു നായ്ക്കുട്ടി.

കടലാസിന്‍ അതിരുകള്‍ കടന്ന്
നിലത്തേയ്ക്കും
ചുവരിലേക്കും

വെള്ളക്കിടക്കവിരികളിലേക്കും
കയറിപ്പോകുന്ന
പേരില്ലാമരങ്ങള്‍,
പലനിറപ്പൂവുകള്‍,
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ !

ഓരോ വരയിലും
ഒരു പുതിയ അറിവ്,
ഒരു പുതിയ കൌതുകം.
ഒരു പാല്‍പ്പുഞ്ചിരി..

കുഞ്ഞുവരകള്‍,
അതിലെത്ര ലോകങ്ങള്‍ !

മോഹങ്ങള്‍



ഒരു നാളെങ്കിലും 
എനിക്കീ തണലില്ലാത്ത വഴികളില്‍ 
താങ്ങില്ലാതെ നടക്കണം...
നിമിഷസൂചിയുടെ 
ഒരു മാത്രയെങ്കിലും എന്റെതാക്കണം...
ഒരു കാറ്റിനെങ്കിലും 
സുഗന്ധം പകര്‍ന്നു കൊടുക്കണം...
ഒരു മുളംകാടിന്റെയെങ്കിലും
സംഗീതമാവണം...
ഒരു ശിലയ്ക്കെങ്കിലും 

ശാപമോക്ഷം കൊടുക്കണം...

പിന്നെ,
ഒരു സ്വപ്നത്തിനെങ്കിലും
ചിറകുകള്‍ പിടിപ്പിച്ചുകൊടുത്ത്,
ഉടഞ്ഞുപോയ ചില മോഹങ്ങളേ
വിളക്കിച്ചേര്‍ത്ത്‌,
ചില ഇടനെഞ്ചുകളില്‍ നിന്നെങ്കിലും
തേങ്ങല്‍ വലിച്ചു പുറത്തിട്ട്,
കാലത്തിന്റെ കടല്‍ത്തീരത്ത്‌
ഒരു കാല്പാടെങ്കിലും അവശേഷിപ്പിച്ച്
എനിക്ക് വിടചൊല്ലണം !

അണക്കെട്ട്



ഈ അണക്കെട്ടിനു പിന്നില്‍
ഒരു പ്രളയം 
പതിയിരിക്കുന്നുണ്ട്...
പ്രക്ഷുബ്ധ മനസ്സിന്റെ
അപ്രവചനീയത പോലെ !

ജലം
ഈ തടയണയില്‍ 
കണ്ണില്‍ പെടാത്ത
വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്...

അപകടകാരിയായ
ഒരു തടവുപുള്ളിയെപ്പോലെ.

പ്രളയത്തെയും വരള്‍ച്ചയേയും
വേര്‍തിരിക്കുന്ന
ഈ നേര്‍ത്ത അതിരിന്റെ
ഒരു വശത്ത്
അഗാധമായ ശാന്തിയാണ്...
ആസന്നമായ വിസ്ഫോടനത്തിന്
മുന്നൊരുക്കം നടത്തുന്ന

ജ്വാലാമുഖിയെപ്പോലെ

ദേവി



ശല്യപ്പെടുത്തരുത്.
അവളിപ്പോള്‍
അഗതികളുടെ ആശുപത്രിക്കൌണ്ടറില്‍ 
ഇന്നത്തെ വരവെണ്ണിനോക്കുകയാണ്.

ശബ്ദമുയര്‍ത്തരുത് ..
അവളിപ്പോള്‍
വിദ്യാലയത്തിന്റെ ശീതീകരിച്ച മുറിയിരുന്ന്
ഭക്തരുടെ മുഷിഞ്ഞ പണസ്സഞ്ചിയില്‍ 
പരതിനോക്കുകയാണ് 


ചോദ്യം ചെയ്യരുത് ..
സംശയിക്കരുത്‌ ..
നിന്റെ ദേവി
എല്ലാം കേള്‍ക്കുന്നുണ്ട്.
കാണുന്നുണ്ട്..
അറിയുന്നുണ്ട്..

വിശ്വസിക്കുക.
അവളുടെ ആശ്ലേഷത്തിന്‍
പരമാനന്ദമുണ്ണുക.

ജീവന്റെ കോടാനുകോടി
സ്ഫുലിംഗങ്ങള്‍ തെളിയിച്ചവള്‍ക്ക്
അവയെല്ലാം കെടുത്താനും
കഴിയുമെന്ന് മറക്കരുത്.

കളി, ജീവിതം, ഒരല്‍പം കാര്യവും

കളിയായിരുന്നു അവനെല്ലാം.

സ്കൂളിലാണ് തുടങ്ങിയത്.
ഇന്‍സ്ട്രുമെന്റ് ബോക്സില്‍
സഹപാഠികള്‍ സൂക്ഷിച്ചുവച്ച 
ചില്ലറ മോഷ്ടിച്ച് ഗോട്ടി വാങ്ങിക്കല്‍ .

പിന്നെ, ഹെഡ് മാസ്റ്ററുടെ ഷര്‍ട്ടില്‍
മഷികൊണ്ട് ആഫ്രിക്കന്‍ ഭൂപടം.

കോളേജില്‍,
സയന്‍സ് ലാബിലെ തവളകള്‍ക്ക്
പെണ്‍പിള്ളേരുടെ ചോറ്റുപാത്രത്തില്‍
വീടെത്തുംവരെ കഠിനതടവ്‌.

ആദ്യജോലിയും ഒരു കളിയായിരുന്നു.
ഫൌളുകള്‍ കൂടി വന്നപ്പോളാണ്
മുതലാളി ചുവപ്പ് കാര്‍ഡ് കാണിച്ചത്.

ഏറ്റവും രസമുള്ള കളിയായിരുന്നു
വിവാഹജീവിതം.
പകല്‍ മുഴുവന്‍
ഷാപ്പിലെ പാട്ടും കളികളും.
വൈകുന്നേരം മൈതാനത്ത്
ചീട്ടുകളി.
വൈകീട്ട് ഭാര്യയുടെ പുറത്തു തായമ്പക.

കടം കൊണ്ട് മുടിഞ്ഞിട്ടും
അവന്‍ കളി നിര്‍ത്തിയില്ല.

കാണുന്നില്ലേ,
ഇപ്പോഴുമിതാ
കുന്നിന്‍പുറത്തെ മാവിന്‍കൊമ്പില്‍
നാവെല്ലാം പുറത്തിട്ട്
കണ്ണും തുറിപ്പിച്ച്‌
ഊഞ്ഞാലാടിക്കളിക്കുന്നു !

Friday, August 17, 2012

വിഷം




ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്..
വിഷമാണെന്നറിഞ്ഞിട്ടും
നാമത് വാങ്ങിവയ്ക്കും 
കുടിക്കും, പങ്കുവയ്ക്കും..

ഒരിക്കല്‍ രുചിനോക്കിയാല്‍
പിന്നീട് കുതറിമാറാന്‍ നോക്കിയാലും
എന്നും അത് കൂടെക്കാണും, 
ഉപദേശിച്ചും, ഭീഷണിപ്പെടുത്തിയും.

ഒരേ വിഷം കുടിക്കുന്നവരുടെ 
സംഘടനയുണ്ടാക്കി 
മറ്റു വിഷങ്ങള്‍ കുടിക്കുന്നവരെ
പുലഭ്യം പറയും.

വിഷപാനികളുടെ അംഗബലത്തില്‍ 
വിഷവിരോധികളെ നാം മുക്കിക്കളയും.

കുടിച്ച വിഷത്തിന്റെ
ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടാന്‍
ഗായകരെ പോറ്റിവളര്‍ത്തും.

നീലിച്ച ഞരമ്പുകള്‍ 
മരണം വരെയും മറച്ചു വയ്ക്കും.

എന്നിട്ട്,
ഒസ്യത്തില്‍ ഒരു പങ്ക്
വരും തലമുറയ്ക്ക് 
വിഷം വാങ്ങാനായി മാറ്റി വയ്ക്കും