Tuesday, July 2, 2013

വേസ്റ്റ് മാനേജ്മെന്റ്റ്

മഴയിക്കുന്നിന്‍ചെരുവിലെ വഴിയില്‍
ഇഴമുറിയാതെപ്പെയ്തു നിറഞ്ഞു
മഴ ഞാന്‍ പണ്ടു വെടിഞ്ഞവയെല്ലാം
കഴുകിയെടുത്തിത്തോട്ടില്‍ നിറച്ചു.

വെട്ടമണഞ്ഞൊരു ബള്‍ബൊ,രു പൊട്ടിയ
സ്ലേറ്റിന്‍ തുണ്ടൊ,രു കുറ്റിപ്പെന്‍സില്‍
വക്കുമുറിഞ്ഞൊരു കോപ്പ,യെഴുത്തു
മുഷിഞ്ഞു തുടങ്ങിയ പഴയൊരു കത്ത്.

കണ്ടുമുരഞ്ഞും തീര്‍ന്നൊരു സീഡി
പഴയൊരു ഫ്ലോപ്പി, കാലിക്കുപ്പി
മങ്ങിയ മിഠായിക്കവര്‍, ബില്ലുകള്‍
പാതി വലിച്ചൊരു ബീഡിക്കുറ്റി

അറിയാതൂര്‍ന്നൊരു നാണയം, എന്നോ
പനി വന്നപ്പോള്‍ വാങ്ങിയ ഗുളിക,
കല്യാണക്കുറി, സഞ്ചയനക്കുറി-
യങ്ങനെ കണ്ടു മടുത്തവയെല്ലാം

മഴയിക്കുന്നിന്‍ചെരുവിലെ തോട്ടില്‍
പണ്ടു കളഞ്ഞവയൊക്കെയൊഴുക്കി
മഴയിത്താഴ്വാരങ്ങളിലങ്ങനെ
കാണാക്കാഴ്ചകളേറെയൊരുക്കി.

No comments:

Post a Comment

Please do post your comments here, friends !