Friday, September 21, 2012

ജീവിതസായാഹ്നചിന്തകള്‍




അന്ന് ഞാന്‍ നഗരത്തിലെന്തിനോ പോകെ കണ്ടു
നന്മയെ, വയോധികനാമൊരു പിതാവിനെ...
കാലുകള്‍ തളര്‍ന്ന തന്‍ പുത്രനെയിരുത്തിക്കൊ-
ണ്ടൊരു 'വീല്‍ചെയര്‍' തള്ളി നടക്കും ദൈന്യത്തിനെ !

ആ മകന്‍ ചെറുപ്പമല്ലവനും കാണും, മദ്ധ്യ-
വയസ്സോടടുതൊരു പ്രായ,മാ രൂപം കണ്ടാല്‍. 

വേഷങ്ങള്‍ മുഷിഞ്ഞതാണെങ്കിലും മിഴികളില്‍
ശാന്തിയായിരുന്നു, ഞാനോര്‍ക്കുന്നു നിസ്സംശയം.

എങ്കിലും ജരാനരപടര്‍ന്ന ശരീരത്തില്‍
അമ്പലം കണ്ടു, പള്ളിമണിതന്‍ മുഴക്കവും !
ഏതു നാട്ടുകാരവര്‍? എന്തിനീ നഗരത്തില്‍
വന്നു ? ഞാനോര്‍ത്തീടവേ അവരും മറഞ്ഞു പോയ്‌.

കാലമേ യുവത്വത്തിന്‍ ആതുരതകള്‍ മാറ്റും
തൈലമേ, മഹോന്നത വാര്‍ധക്യ നിവാരിണീ !
പുത്രവാത്സല്യത്തിന്റെ ശക്തിയില്‍ ഗമിക്കുവാന്‍
എത്ര മാത്രകള്‍ കൂടി നല്‍കുമീ പിതാവിന് ?

അച്ഛനാണവന്‍, കാലമെത്രമേല്‍ ശ്രമിച്ചാലു-
മാകുമോ പിതൃസ്നേഹജ്ജ്വാലയെ ഹനിക്കുവാന്‍ ?
എത്ര നാണ്യങ്ങള്‍ ചൊരിഞ്ഞുയര്‍ത്താനാവും രക്ത-
ബന്ധത്തിന്‍ തുലാസിലെ സ്നേഹത്തെ, വാത്സല്യത്തെ ?

ജീവിതജ്ഞാനത്തിന്റെ വെള്ളിനൂലുകളാവാം
പാവമാ പിതാവിന്റെ രോമരാജികള്‍ പോലും
പുത്രനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവന്‍, സ്വയ-
മെത്രയോ മനോഹര സ്വപ്‌നങ്ങള്‍ ത്യജിച്ചവന്‍ !

ഓര്‍ത്തു പോകുന്നു വൃദ്ധഗേഹങ്ങള്‍ നിറച്ചു നാം
ചാര്‍ത്തിയൊരനാഥത്വ മുദ്രകള്‍ പേറുന്നോരെ..
എത്രയച്ഛന്മാരെത്രയമ്മമാരുണ്ടാമതില്‍
എത്ര സ്നേഹമുണ്ടാകാം, എത്ര നൊമ്പരങ്ങളും

സ്വപ്‌നങ്ങള്‍ ഭ്രമിപ്പിച്ച വേളയില്‍ പിതാവിന്റെ
തപ്തമാനസത്തിന്റെ രോദനമാരോര്‍ക്കുവാന്‍ ?
സ്വത്തുക്കള്‍ പകുക്കുന്ന വേളയില്‍, ഉദരത്തില്‍
പത്തുമാസങ്ങള്‍ പകുത്തോളെയുമാരോര്‍ക്കുവാന്‍ ?

* * *

സോദരാ, സായന്തനശ്ശോണവീഥിയില്‍ പോയ-
കാലത്തെ നിനച്ചാരോ ഏകനായ് നടക്കുന്നു !
നിന്റെ ശബ്ദമാണയാള്‍, നിന്റെ രൂപമാണയാള്‍,
നിന്റെ സ്വപ്‌നങ്ങള്‍ പാറിനടന്ന ചിറകയാള്‍ !

ഒരുനാളവന്‍ തന്ന സ്നേഹപുസ്തകത്തിന്റെ-
യേടുകള്‍ പകര്‍ത്തി നീയവനും കൊടുക്കുക
ജീവിതസ്വപ്‌നങ്ങള്‍തന്‍ ഭ്രാന്തവേഗങ്ങള്‍ വെടി-
ഞ്ഞാകരം പിടിച്ചെന്നും കൂടെ നീ നടക്കുക

1 comment:

  1. അച്ഛനാണവന്‍, കാലമെത്രമേല്‍ ശ്രമിച്ചാലു-
    മാകുമോ പിതൃസ്നേഹജ്ജ്വാലയെ ഹനിക്കുവാന്‍ ?
    എത്ര നാണ്യങ്ങള്‍ ചൊരിഞ്ഞുയര്‍ത്താനാവും രക്ത-
    ബന്ധത്തിന്‍ തുലാസിലെ സ്നേഹത്തെ, വാത്സല്യത്തെ ?

    പുതു തലമുറ മറന്നു കൊണ്ടിരിക്കുന്നു ഇതൊക്കെ......... :(

    ReplyDelete

Please do post your comments here, friends !