സ്നേഹിതാ,
ഈ മുഴങ്ങിക്കേള്‍ക്കുന്ന
കാതടപ്പിക്കും ശബ്ദമാണോ
നിനക്ക് ആഘോഷം ?
ഈ വെടിമരുന്നിന്റെ ഗന്ധത്തിന്റെ
ശ്വാസം മുട്ടലും,
കാഴ്ചയുടെ മങ്ങലും ?
വെടിമരുന്നുപുരകളില്‍
വിശപ്പാറ്റലിന്റെ
ത്രികോണങ്ങളും, ഗോളങ്ങളും, രേഖകളും
വരച്ചു പഠിക്കുന്ന
ഉണ്ണികളെ കണ്ടിട്ടുണ്ടോ ?
ഇവിടെ വരൂ
ശിവകാശിയില്‍ ..
ഇവിടെയുമുണ്ട് കുറെയുണ്ണികള്‍..
അഞ്ചു വയസ്സിന്റെ
കൈവഴക്കവും, വിരല്‍ചെറുപ്പവും
കടലാസു ചുരുളുകളിലും
ഓലച്ചീന്തുകളിലും
നിറച്ചു ജീവിക്കുന്നവര്‍.
നിന്റെ ഉണ്ണിയെ ശാസം മുട്ടിച്ച അതേ ഗന്ധം
അന്നത്തിന്റെ ഗന്ധമായി കരുതുന്നവര്‍.
സംരക്ഷണമെന്നാല്‍ ഇവര്‍ക്ക്,
വെടിമരുന്നുശാലയിലെ
ജോലിക്കിടയിലെ
മിന്നല്‍ ഇടവേളകളില്‍
വാരിവലിച്ചു കഴിക്കുന്ന
തൈരുസാദത്തിനു
മാത്രം തികയുന്ന തുട്ടുകള്‍.
സമ്പാദ്യമെന്നാല്‍
കത്തിത്തീര്‍ന്ന
ഒരു പൂത്തിരി
ജീവിതമെന്നാല്‍
ആരോ മുറുക്കാതെ കെട്ടിയ
ഓലച്ചീന്തുകള്‍ ചിതറി
വെറുതെ ചീറ്റിപ്പോയ
ഒരു ശിവകാശിപ്പടക്കം.
സ്നേഹിതാ
നീ നിന്റെ ഉണ്ണിക്ക്
എത്രാമത്തെ വയസ്സിലാണ്
പൊട്ടിക്കാന്‍ ഏറുപടക്കം കൊടുത്തത് ?
പത്ത് ? പന്ത്രണ്ട് ? പതിനഞ്ച് ?
ദയനീയതയുടെ അഘോഷങ്ങൾ- കവിതയെന്നതിനപ്പുറമൊരു വേദന നൽകിയത്-
ReplyDelete