പാടത്തു പൊട്ടക്കുളത്തിന്റെയോരത്ത്
നാലുകാലുള്ളൊരു കൂരയുണ്ടാഗോള-
ഗ്രാമസങ്കല്പക്കൊടുംവേലിയേറ്റത്തി-
ലാകെക്കുഴഞ്ഞവര്‍ മൂന്നു പേരുണ്ടതില്‍.
അച്ഛന്, നിരാശാനെരിപ്പോടു പോലൊരാള്‍,
അമ്മ,യാശങ്കതന്‍ കാട്ടുതീ പേറുവോള്‍,
ഉണ്ണിയുണ്ടൊറ്റയ്ക്ക് താഴെത്തഴപ്പായി-
ലാരോ പറിച്ചിട്ട പൂവായ്പ്പൊഴിഞ്ഞവൻ
നാലു വരകള്‍ കൊണ്ടുണ്ണി വരച്ചതാം
വീടിന്റെയോലമേല്‍ക്കൂര ചോരുന്ന പോല്‍,
ഇറ്റിറ്റുവീഴും വെളിച്ചത്തരികള്‍ പോല്‍,
പൊട്ടിച്ചിതറിക്കിടപ്പാണു ജീവിതം.
സ്വപ്നഭംഗങ്ങള,മര്‍ഷങ്ങള്‍, ജീവിത-
ദുഃഖങ്ങള്‍, സമ്മര്‍ദ്ദമേറ്റുന്ന ചിന്തകള്‍,
ഭഗ്നപ്രതീക്ഷക,ളേതുമേയില്ലാതെ
സ്വച്ഛരായ്, ശാന്തരായ് പാറുന്നു തുമ്പികള്‍
തുമ്പികള്‍, പാതാളരാജന്‍ വരുന്നതിന്
മുന്‍പേ പറക്കുന്ന സന്ദേശവാഹകര്‍
തുമ്പികള്‍, കോണ്‍ക്രീറ്റു കാടു പൊന്തുന്നതിന്
മുന്പേയൊടുങ്ങുന്ന കാലപ്രവാചകര്‍ !
വാ പിളര്‍ന്നൊച്ചയുണ്ടാക്കാതടുക്കുന്ന
നാഗരഭീകരനാഗം ഭുജിക്കാതെ-
യേകനായ് കൂരയ്ക്കടുത്തുതന്‍ നാളെണ്ണി
മേവുന്ന ശാഖിയില്‍ പാടുന്നു പക്ഷികള്‍.
"ഓണം വരുന്നു, ഉണര്ന്നെഴുന്നെല്ക്കുക !
പാഴ്ക്കിനാവിന്റെയലാറം നിറുത്തുക !
പാണ്ടിദേശത്തു നിന്നെത്തുന്ന ലോറിയില്‍
പൂവിളി കേള്‍ക്കുന്നു, പോയ് വരവേല്‍ക്കുക ! "
" പൂവിളി, സമ്പല്‍സമൃദ്ധിതന്‍ പൂവിളി !
പൂവിളി, ഐശ്വര്യദേവകള്‍ തന് വിളി ! "
അച്ഛന് ചിരിക്കുന്നു - "നാലഞ്ചു തുട്ടുണ്ട്
കീശയില്‍ സമ്പല്‍സമൃദ്ധിതന്‍ നാളിതില്‍. "
അച്ഛന് നടക്കുന്നു - "കണ്ണിന്റെ കണ്ണായ
പെണ്ണിന്റെയുള്ളിലെ കാര്‍മുകില്‍ നീക്കണം
ഉണ്ണിക്കു പുത്തനുടുപ്പുകള്‍ വാങ്ങണം
സദ്യവട്ടങ്ങള്‍ക്ക് വേണ്ടതും വാങ്ങണം. "
ചുറ്റുമാഘോഷങ്ങളുന്മാദ വേളകള്‍,
പൂക്കളം, സദ്യകള്‍, ഉത്സവക്കാഴ്ചകള്‍
സ്വന്തമല്ലാത്തൊരീ ലോകത്തിലിന്നു തന്
സ്വന്തമിടം തേടി നീങ്ങുകയാണവന്‍.
നോക്കൂ ! നഗരത്തിലിക്കൊച്ചു നാടിന്റെ
ബ്രാന്റുകള്‍ പേറുന്ന ചില്ലുകൊട്ടാരത്തില്‍
ശീതീകരിച്ചാലുമാറാത്ത ചൂടുള്ള
ടാഗുകള്‍ കണ്ടു തരിച്ചുനില്പാണവന്‍.
ഉണ്ണി, ഉടുപ്പുകള്‍, പെണ്ണിന്റെ കണ്ണുനീര്,
എണ്ണിയാല്‍ തീരാത്ത പയ്യാരവാക്കുകള്‍,
മങ്ങുന്ന ചിന്തയില്‍ മിന്നുന്ന ചിത്രങ്ങ-
ളേകുന്ന ഭാരത്തില്‍ നീറുകയാണവന്‍.
ഇപ്പോള്‍, കിലുങ്ങുന്ന കീശയില്‍ തുട്ടുകള്‍
തൊട്ടുകൊണ്ടെന്തോ പുലമ്പുകയാണവന്‍
ഇപ്പൊഴീ ബാറിന്റെ മുറ്റത്ത് കുപ്പിയ്ക്ക്
പങ്കുകാരെത്തേടി നില്ക്കുകയാണവന് !
അപ്പൊഴും പൊട്ടക്കുളത്തിന്നടുത്തൊരു
കൂരയു,ണ്ടുള്ളിലുണ്ടുണ്ണിയുമമ്മയും !
ചുറ്റിലും തുമ്പക്കുടങ്ങളില്‍ തേനുണ്ട്
സ്വച്ഛരായ്, ശാന്തരായ് പാറുന്ന തുമ്പികള്‍ !!
ഇപ്പോള്‍, കിലുങ്ങുന്ന കീശയില്‍ തുട്ടുകള്‍
ReplyDeleteതൊട്ടുകൊണ്ടെന്തോ പുലമ്പുകയാണവന്‍
ഇപ്പൊഴീ ബാറിന്റെ മുറ്റത്ത് കുപ്പിയ്ക്ക്
പങ്കുകാരെത്തേടി നില്ക്കുകയാണവന് !
ഇന്നെങ്ങും കാണുന്ന കാഴ്ചകളാണ്,ഈ ദുരന്തത്തിലേക്ക്
പട്ടിണിപ്പാവങ്ങള്‍....,...........
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
ഏറെയിഷ്ടപ്പെട്ടു
ReplyDeleteതുമ്പികള്ക്കിങ്ങനെയൊരു ദൂതുമുണ്ടോ?
(ഉണ്ണിയുണ്ടൊറ്റയ്ക്ക് താഴെത്തഴപ്പായി-
ലാരോ പറിച്ചിട്ട പൂവുപോല്‍, നിഷ്കളന്‍ !)
ഇതിലെ നിഷ്കളന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വരിയ്ക്ക് ചേര്‍ച്ചയുള്ളതാണോ? സംശയമുണ്ട്