Tuesday, October 15, 2013

നമ്മുടെ ഒരു കൂട്ടുകാരന്റെ കഥ . പേരു പറഞ്ഞാല്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ഭയത്താല്‍ ശരിക്കുള്ള പേരു പറയുന്നില്ല. കഥയില്‍ നമുക്കവനെ രാജു എന്നു വിളിക്കാം. 

കമ്പനിയുടെ വാര്‍ഷിക ദിനം. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മദ്യ സല്ക്കാരമുണ്ട്. ഓരോരുത്തരും കുടിക്കുന്ന അളവ് ശ്രദ്ധിക്കാനും, കൂടുതല്‍ കുടിക്കുന്നവരെ പിന്തിരിപ്പിക്കാനും, ആവശ്യത്തിനു മാത്രം എല്ലാവര്‍ക്കും ഒഴിച്ചു കൊടുക്കാനും അന്നത്തേക്ക്‌ രാജുവിനു ചുമതല നല്കപ്പെട്ടു. അതു കഴിഞ്ഞാല്‍ വിവിധയിനം പാമ്പുകളെ വീടുകളില്‍ കൊണ്ടുവിടേണ്ട ചുമതലയും കമ്പനി രാജുവിനെ ഏല്പ്പിച്ചു. നമ്മുടെ രാജു ഉത്തരവാദിത്വത്തോടെ എല്ലാ ചുമതലകളും ഏറ്റു.

പക്ഷേ വെള്ളമടിപ്പാര്‍ട്ടി തുടങ്ങിയതും അവനെല്ലാം മറന്നു. ഒഴിച്ചുകൊടുക്കുന്ന രണ്ടു പെഗ്ഗിന് ഒരു പെഗ് എന്ന നിലയില്‍ പുള്ളി നിന്നു വീശി. അവസാനം പാര്‍ട്ടി കഴിഞ്ഞ് ചേരകളെയും, നീര്‍ക്കോലികളെയും കയറ്റി നമ്മുടെ കഥാനായകനായ രാജുവെമ്പാല വണ്ടിയെടുത്തു. ആരുടെയോ ഭാഗ്യം കൊണ്ട് ചെറുപാമ്പുകളെ എല്ലാവരെയും കൃത്യമായി വീടെത്തിച്ചു.

അവസാനത്തെ വീടിന്റെയങ്ങോട്ട് ഒരു ചെറിയ ഒരിടവഴിയാണ്. അവസാനത്തെയാളെ വീടിന്റെയടുത്ത് ഇറക്കി. തിരിച്ചുവരാന്‍ വണ്ടി തിരിക്കണം. മുന്നോട്ട് ഒരു 10 മീറ്റര്‍ പോയാല്‍ വണ്ടി തിരിക്കാം. പിന്നോട്ടാണെങ്കില്‍ ഒരു 100 മീറ്ററോളം പോരണം. പക്ഷേ അകത്തു കിടക്കുന്ന സാധനം (അടിപ്പന്‍ കോക്ക്ടൈല്‍) പിന്നോട്ട് പോകാനാണ് ജിപിഎസ് മെസ്സേജ് കൊടുത്തത്.

പിന്നെ ഒന്നും ചിന്തിച്ചില്ല. വണ്ടി റിവേഴ്സ് എടുത്തു. പോരുന്ന വഴിയിലുള്ള എല്ലാ പോസ്റ്റുകളിലും, അവിടെ വഴിയില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന ഒരു ആള്‍ട്ടോ കാറിലും വണ്ടി തട്ടിയതൊന്നും ജി പി എസ്സില്‍ തെളിഞ്ഞില്ല. അഞ്ചിഞ്ചു കനമുള്ള ഒരു കട്ടിയിരുമ്പ് ക്രാഷ്ഗാര്ഡ് ഉണ്ടായിരുന്നു ആ പഴയ സിയറ കാറിന്.

നടന്നതൊന്നുമറിയാതെ നമ്മുടെ രാജു പാര്‍ട്ടിസ്ഥലത്തേക്ക് തിരിച്ചെത്തി. വണ്ടിയുടെ വരവില്‍ പന്തികേട്‌ തോന്നിയ ആരോ ചെന്ന് വണ്ടി പരിശോധിച്ചു. ഒന്നു തൊട്ടപ്പോളേക്കും ഇടികൊണ്ട്‌ മുറിഞ്ഞ ക്രാഷ്ഗാര്‍ഡ് ഊരി പരിശോധകന്റെ കയ്യില്‍പ്പോന്നു.

രാജു ചാടിയിറങ്ങി അലറി.

"ഏതു മറ്റവനാടാ ക്രാഷ്ഗാര്‍ഡ് ഒടിച്ചെടുത്തത് ? ഞാന്‍ പോയെന്നു കരുതി ബോധംകെടും വരെ വെള്ളമടിച്ചോടാ?

അഞ്ചിഞ്ചു കനമുള്ള ആ ഇരുമ്പു ക്രാഷ്ഗാര്‍ഡുമായി നമ്മുടെ പാവം പരിശോധകന്‍ സ്വന്തം ബൈസെപ്സിലേക്ക് നോക്കി വിശ്വാസം വരാതെ നിന്നു !

Thursday, October 3, 2013

ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞിരുന്നതിനാല്‍ അവരവളെ അനാഥയെന്നു വിളിച്ചു. കയ്യില്‍ കാശില്ലെങ്കിലും തിന്നാനൊന്നുമില്ലെങ്കിലും അല്പം ജീവന്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ ആരുമവളെ അനാഥശവമെന്നു വിളിച്ചില്ല. 

മരിച്ചപ്പോള്‍ തീരെ വയ്യായിരുന്നെങ്കിലും അവളുടെയാത്മാവിന് 
എവിടെയ്ക്കെങ്കിലും പോകണമായിരുന്നല്ലോ. 

മുകളിലേക്കാണോ താഴേക്കാണോ പോകേണ്ടത് എന്നു തീരുമാനിക്കാന്‍ ഒരു നിമിഷം അതവിടെത്തന്നെ നിന്നു. ഇപ്പോള്‍ ശരിക്കും ആരുമില്ലാതായ പാവപ്പെട്ട അവളുടെ ശരീരത്തെ അവളുടെ ആത്മാവ് അനാഥശവമെന്നു തന്നെ വിളിച്ചു.

അപ്പോളത് പക്ഷേ ഒട്ടും അനാഥമല്ലായിരുന്നു. വിറകുകൂട്ടിയാണോ വൈദ്യുതിയടിപ്പിച്ചാണോ
കത്തിക്കേണ്ടത് എന്ന ചര്‍ച്ചക്ക് മാത്രമുണ്ടായിരുന്നു ഒരു നൂറു പേരെങ്കിലും.

"കഞ്ഞി കുടിക്കാന്‍ കാശ് തരാഞ്ഞ പിശാചുക്കളേ,
നിങ്ങളാ ശവത്തെ എന്തു പണ്ടാരമെങ്കിലും ആക്ക്" എന്നായിരുന്നു പോകുന്ന പോക്കിലെ ആത്മാവിന്റെ ഒടുക്കത്തെ മൊഴി.

ചര്‍ച്ച കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായതിനാല്‍ ആരും അതു കേട്ടില്ല.
ഒരു പക്ഷേ അയാള്‍ക്ക്
നിങ്ങളുടെ മുത്തച്ഛന്റെ
പ്രായമുണ്ടാകും.

എജന്സി നല്കിയ ലാത്തി
ഊന്നുവടിയാക്കി
അയാളിപ്പോള്‍
എ.ടി.എമ്മിനരികില്‍
ഉലാത്തുകയായിരിക്കും.

പിന്നിത്തുടങ്ങിയ നീല ഷര്‍ട്ടും
ഇറക്കം കൂടിയതിനാല്‍
മടക്കിവയ്ക്കപ്പെട്ട കറുത്ത പാന്റും
നിങ്ങളുടെ മുത്തച്ഛനെന്ന പോലെ
അയാള്‍ക്കും തീരെ ചേരുന്നില്ല.

പാതിരാവിലെപ്പോഴെങ്കിലും
ഏതെങ്കിലും ഒരു പതിനഞ്ചുകാരന്‍
മനസ്സറിഞ്ഞു കയര്‍ത്താല്‍
പാവം നിങ്ങളുടെ മുത്തച്ഛനെന്ന പോലെ
അയാളും ബോധമറ്റു വീണുപോയേക്കാം.

എന്നിട്ടുമയാളെ നിങ്ങള്‍
മുഴുവന്‍ പണത്തിന്റെയും
കാവല്‍ക്കാരനെന്നു കരുതുന്നു.

സ്വിച്ചിട്ടാല്‍ രാത്രി മുഴുവന്‍ കത്തി നില്‍ക്കുന്ന
അയാളുടെ ഒരേയൊരു കൂട്ടുകാരനായ
ഈ തെരുവു വിളക്കെന്ന പോലെ
അയാള്‍ ഒരു രാത്രിയിലും ഉറങ്ങിപ്പോകില്ലെന്ന്
നിങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

അയാള്‍ക്കൊരു വീടുണ്ടെങ്കില്‍
അതിനീ രാത്രിയില്‍
ഒരു കാവല്‍ക്കാരനുണ്ടാകുമോ
എന്നൊരിക്കലും ചിന്തിക്കാറില്ലെങ്കിലും.
അക്ഷരഭൂമി'യുടെ കവിതാമത്സരത്തില്‍ സമ്മാനം നേടിയ കവിത)

നാലുചുറ്റും നഗരം വളര്‍ത്തുന്ന 
കല്‍ച്ചെടിത്തണല്‍ മാത്രമാണെങ്കിലും
നാളുതെറ്റി വിരിഞ്ഞ പൂ പോലെന്റെ 
ഗ്രാമമെത്തിടാറുണ്ടിള്ളിലിപ്പൊഴും

മഞ്ഞണിഞ്ഞ പുലരിയില്‍, സൂര്യന്റെ 
മഞ്ഞവെട്ടം തെളിച്ച മുക്കുറ്റിയില്‍, 
ഓണമായെന്നുണര്‍ത്തുന്ന തുമ്പയില്‍ 
ഉള്ളിലെക്കുഞ്ഞു പോകലുണ്ടിപ്പൊഴും

പാതിവേനലില്‍ ആദ്യമായ് പെയ്തിടും
മാരിയില്‍ തോടുണര്‍ന്നപ്പൊളൊക്കെയും
എങ്ങു നിന്നോ വരുന്നതാം വെള്ളിമീന്‍
കുഞ്ഞുകൂട്ടങ്ങള്‍ പോലെയാണോര്‍മ്മകള്‍.

നാട്ടിടവഴിപ്പാതിയില്‍ നോവിന്റെ
ആദ്യ റോസാദളത്തിന്റെ ശോണിമ
നാട്ടുമാവിന്റെ ചില്ലയിലിപ്പൊഴും
കാണും ഊഞ്ഞാല്‍ വരഞ്ഞതിന്‍ പാടുകള്‍

പിന്നെയുണ്ടൊരു ചെമ്പകപ്പൂമണം,
പൂവിരുന്ന മുടിയിഴ, സൈക്കിളിന്‍
ബെല്ലടിക്കുന്ന ശബ്ദം, പ്രതീക്ഷകള്‍,
പിന്നെ വായനാശാല തന്‍ മൂകത.

Thursday, September 19, 2013

മരിച്ചാല്‍ 
കത്തിച്ചു കളയപ്പെടുന്നവരുടെ 
സ്വര്‍ഗ്ഗത്തില്‍
നീയുണ്ടാകില്ല.

മരിച്ചാല്‍ 
പെട്ടിയിലടയ്ക്കപ്പെടുന്നവരുടെ 
സ്വര്‍ഗ്ഗത്തിലും 
നീയുണ്ടാകില്ല.

അതുകൊണ്ട് തന്നെ
സുഹൃത്തേ,
പരലോകത്തിലെ സുഖത്തില്‍
എനിക്കുള്ള പ്രതീക്ഷ
എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.

|||||||||||||||||||||||||||||||||||||||||||||||||||

***ഇങ്ങനെയൊരോണക്കാലത്ത് ***
(ഇതളുകള്‍ ഇ-മാഗസിന്‍ സെപ്റ്റംബര്‍ 2013)
_________________________________

"ഇവരെല്ലാം തേനീച്ചകളെപ്പോലെയിരമ്പി
ഈ കടമുറിയെ ചുറ്റുന്നതെന്താണ്?"

"അതൊരു വിദേശമദ്യഷോപ്പാണ്"

"പുകവമിക്കുന്ന ഈ നീളന്‍ വണ്ടിയില്‍
ഉറുമ്പുകളെപ്പോലെ പൊതിയുന്നതാരാണ്?

"അത് അന്യസംസ്ഥാനത്തൊഴിലാളികളാണ്"

"കള്ളന്‍, കള്ളന്‍ എന്നയെഴുത്തുമായി
കവലയില്‍ നിറയുന്നതാരുടെ ചിത്രങ്ങളാണ്?"

"അതു ഞങ്ങളുടെ ഭരണാധികാരികളാണ്."

"രാജാക്കാന്മാരാണോ?"

"അല്ല, മന്ത്രിമാര്‍"

"നാല്പതു നിലകളുള്ള ഈ കെട്ടിടം
ഒരു രാജകൊട്ടാരമാണോ?"

"അല്ല, അതൊരു വീടാണ്,
അവിടെയിരുന്നാണൊരാള്‍
ഞങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നത്"

"തുമ്പ പൂത്തിട്ടും
ആരെയും പുറത്തു കാണാത്തതെന്താണ്?"

"അവരെല്ലാം ചാനല്‍ ചര്‍ച്ചകളും
റിയാലിറ്റി ഷോകളും കാണുകയാണ്.
പുറത്തെ റിയാലിറ്റിയേക്കാള്‍ ഭേദമാണത്രേ
ടിവിക്കകത്തെ റിയാലിറ്റി...

അതുപോട്ടെ നിങ്ങളാരാണ്‌?"

"ഞാനൊരു രാജാവായിരുന്നു, ഇപ്പോളല്ല."

അയാള്‍
അരിമാവു മണക്കുന്ന ഊഞ്ഞാല്‍പ്പാട്ടുകള്‍ തേടി
തുമ്പപ്പൂക്കള്‍ക്കിടയിലൂടെ
ഒരു പൂത്തുമ്പിയെപ്പോലെ മറഞ്ഞുപോയി.

++++++++++++++++++++++++++++++++++++++

"പേടിക്കാനില്ല
ടെസ്റ്റുകളെല്ലാം നോര്‍മലാണ്
സോഡിയം മാത്രമാണ് പ്രശ്നം
ഓര്‍മ്മകൂടി വരാനുണ്ട്"
ഡോക്ടര്‍ അവളോട്‌ പറയുന്നു

(തലേന്ന് പ്രവേശിക്കപ്പെട്ട ഒരു രോഗി
ഉന്മാദാവസ്ഥയില്‍
ആസ്പത്രി വരാന്തയിലൂടെ ഓടുന്നു)

"സമാധാനമായിരിക്കൂ
അപകടനില
തരണം ചെയ്തുകഴിഞ്ഞു."
തിരക്കിട്ടു പോകുന്നതിനിടയില്‍
ഒരു വെളുത്ത മാലാഖ പറയുന്നു

(അഞ്ചു നിമിഷം മുന്‍പ്
ആരോ കൊണ്ടുവന്ന ഒരു മധ്യവയസ്കന്‍
തലവഴി വേള്ളത്തുണിയാല്‍ മൂടപ്പെട്ട്
സ്ട്രെച്ചറില്‍ പുറത്തുവരുന്നു)

"ഇരുപത്തിനാലു മണിക്കൂര്‍ നിരീക്ഷണം.
എല്ലാം ശരിയാവും
ഭക്ഷണം കഴിച്ചോളൂ "
കൂടെ വന്നവരിലാരോ
അവളെ സമാധാനിപ്പിക്കുന്നു

(അകത്തു നിന്നൊരു കൂട്ടക്കരച്ചിലുയരുന്നു
ചിലര്‍ അകത്തേക്കോടുന്നു)

പുരോഹിതനില്ലാത്ത പള്ളിയിലെ
ഏകാകിയായ വിശ്വാസിയെപ്പോലെ
കേട്ടിട്ടും കേള്‍ക്കാതെ
കണ്ടിട്ടും കാണാതെ
അശുഭചിന്തകളുടെ കാത്തിരിപ്പു കസേരയില്‍
അവള്‍ തല കുമ്പിട്ടിരിക്കുന്നു.

(ചിന്തകളില്‍ ഡെറ്റോള്‍മണം മണം നിറയുന്നു)


||||||||||||||||||||||||||||||||||||||||||||||||||||||||


സഖീ, ഞാനുറക്കം വെടിഞ്ഞെണീക്കുമ്പോള്‍
കണിക്കാഴ്ച പോല്‍ നീയുറങ്ങുന്നു ചാരെ
അതാവാം, ജലപ്പക്ഷി പാറുന്ന വാനില്‍ 
പിറക്കുന്ന സൂര്യന്‍ കിനാവെന്നു തോന്നി 

അടുത്തടുത്തേതോ മരച്ചില്ലയില്‍ ര-
ണ്ടിണപ്പക്ഷികള്‍, നാമിരിക്കുന്ന പോലെ ...
വിവാഹത്തിരക്കില്‍ മറന്നിട്ട വാക്കിന്‍
മധുപ്പാത്രമെല്ലാം തുറക്കുന്ന പോലെ

മുടങ്ങാതെ സ്നേഹത്തിരക്കൂട്ടമെന്നും
കടന്നെത്തിയാലും ചലിക്കാതെ നില്പ്പൂ
വിദൂരം, വിചിത്രം, തുരുത്തുകള്‍ കായല്‍-
പ്പരപ്പില്‍, ചിലര്‍ തന്‍ മനസ്സുകള്‍ പോലെ

തുടിക്കുന്ന മത്സ്യത്തിളക്കങ്ങളില്‍, പൊന്‍-
വെയില്‍പക്ഷി പാറിപ്പറന്നെത്തിടുന്നു
വിടര്‍കണ്ണിനാല്‍ നാമിരിക്കുന്ന ബോട്ടില്‍
അതിന്‍ കൌതുകുങ്ങള്‍ ചുഴിഞ്ഞു നോക്കുന്നു

കൊടിക്കൂറ പോലെപ്പറക്കുന്ന മോഹ-
ക്കരുത്തിലീ വാഴ്വിന്‍ മരുത്തിന്‍ കരത്തില്‍
നിഴല്‍ പോലെ കായല്‍പ്പരപ്പിലേക്കാരോ
തുഴപ്പാട്ടു പാടിത്തനിച്ചു പോകുന്നു

ജലത്തിലുണ്ടാകാം യുഗങ്ങളായ്‌,ക്കൂടെ
തുഴഞ്ഞവര്‍ ചിന്തും വിയര്‍പ്പിന്റെയുപ്പ്
കയത്തിലുണ്ടാകാം തിരിച്ചുപോക്കില്ലാ-
തുറങ്ങുന്നൊരാളിന്‍ അവസാന വാക്ക്

സഖീ, നാമിരിക്കുന്ന ബോട്ടില്‍ നിന്നിപ്പോള്‍
പകല്‍ കൊറ്റിയെപ്പോല്‍ പറന്നു പോകുന്നു
തണുത്ത കായല്‍ക്കാറ്റടിക്കുന്നു, രാവിന്‍
നനുത്ത നീര്‍കാക്കക്കഴുത്തു നീളുന്നു

ഒടുക്കത്തെ ബോട്ടും കരയ്ക്കടുത്തപ്പോള്‍
ജലം കരിമ്പട്ടില്‍പ്പുതച്ചിരുന്നപ്പോള്‍
മടങ്ങാതെയൊറ്റയ്ക്കിരിയ്ക്കയാണേതോ
മരത്തുമ്പിലായ് നിന്‍ മിഴിപ്പക്ഷി മാത്രം.

________________________________________


തിരി കെടുത്താന്‍ തുനിഞ്ഞാലുമായിരം 
തിരികളായുജ്ജ്വലിക്കുന്ന ചിന്തകള്‍
ഒരു കടുംകെട്ടഴിച്ചാലബോധത്തില്‍ 
തെരുതെരുന്നനെച്ചുറ്റും കുരുക്കുകള്‍

ഇരവിലെന്നുമീ വാനത്തു കണ്ടു ഞാന്‍
കനിവു പെയ്യാത്ത വെണ്‍മേഘമാലകള്‍
മിഴിയടച്ചാലുറക്കാതെ വിഭ്രമ-
ച്ചുഴിയിലങ്ങനെയാഴുന്ന ചിന്തകള്‍

പഴുതു പരതുവാനുള്ളിലെത്തടയണ-
ച്ചുവരിലെന്നുമലയ്ക്കുന്ന നോവുകള്‍
ഒരു കൊടുക്കലില്‍ തീരേണ്ട ബാദ്ധ്യത
ഒരു പറച്ചിലില്‍ തീരേണ്ട വാക്കുകള്‍

ഇതു കുറിക്കുമ്പൊളറിയുന്നു കണ്‍കളില്‍
സുഖദനിദ്രതന്നാദ്യ മഞ്ഞിന്‍കണം
തണുവകറ്റാനെനിക്കുണ്ടു നീയെന്ന
കവിത തുന്നിപ്പിടിപ്പിച്ച കമ്പളം

_________________________________

ചുവരിലെ നിറങ്ങളല്ല
കുഞ്ഞുങ്ങള്‍ കാണുക
മുറിയുടെ
നമുക്കൊന്നും നോട്ടമെത്താത്ത മൂലയിലെ
ചിലന്തിവലയിലെ ഇരയനക്കങ്ങളാണ്.

ചെടികളുടെ തരമോ, ഗുണമോ അല്ല
അവരെയത്ഭുതപ്പെടുത്തുക.
താഴെയൊരിലത്തുമ്പിലെ
ചുവപ്പും തവിട്ടും കലര്‍ന്ന 
ചെറുപ്രാണിയുടെ കാര്‍ട്ടൂണ്‍ ചലനങ്ങളാണ്.

കരിയിലകളും, പഴഞ്ചെരുപ്പുകളും,
കാലിക്കവറുകളും നിറഞ്ഞ മണ്ണില്‍
അതൊന്നും കാണാതെ അവര്‍ കാണുക,
കസേരക്കാലിനടിയിലെ
അരിമണിയും പെറുക്കിയെടുത്ത്
നിഗൂഢമായ ഒരു പാതാളഗേഹത്തിലേക്ക്
വരിവരിയായിപ്പോകുന്ന കുഞ്ഞുറുമ്പുകളെയാണ്.

ഈ നീണ്ട വഴിയുടെ
ഏതു വളവിലാണ്
ആ ഓട്ടോഫോക്കസ് ക്യാമറ
നമുക്കെല്ലാം കളഞ്ഞുപോയത് ?

___________________________

മഴയിക്കുന്നിന്‍ചെരുവിലെ വഴിയില്‍
ഇഴമുറിയാതെപ്പെയ്തു നിറഞ്ഞു
മഴ ഞാന്‍ പണ്ടു വെടിഞ്ഞവയെല്ലാം
കഴുകിയെടുത്തിത്തോട്ടില്‍ നിറച്ചു.

വെട്ടമണഞ്ഞൊരു ബള്‍ബൊ,രു പൊട്ടിയ
സ്ലേറ്റിന്‍ തുണ്ടൊ,രു കുറ്റിപ്പെന്‍സില്‍
വക്കുമുറിഞ്ഞൊരു കോപ്പ,യെഴുത്തു
മുഷിഞ്ഞു തുടങ്ങിയ പഴയൊരു കത്ത്.

കണ്ടുമുരഞ്ഞും തീര്‍ന്നൊരു സീഡി
പഴയൊരു ഫ്ലോപ്പി, കാലിക്കുപ്പി
മങ്ങിയ മിഠായിക്കവര്‍, ബില്ലുകള്‍
പാതി വലിച്ചൊരു ബീഡിക്കുറ്റി

അറിയാതൂര്‍ന്നൊരു നാണയം, എന്നോ
പനി വന്നപ്പോള്‍ വാങ്ങിയ ഗുളിക,
കല്യാണക്കുറി, സഞ്ചയനക്കുറി-
യങ്ങനെ കണ്ടു മടുത്തവയെല്ലാം

മഴയിക്കുന്നിന്‍ചെരുവിലെ തോട്ടില്‍
പണ്ടു കളഞ്ഞവയൊക്കെയൊഴുക്കി
മഴയിത്താഴ്വാരങ്ങളിലങ്ങനെ
കാണാക്കാഴ്ചകളേറെയൊരുക്കി.

_______________________

Thursday, August 1, 2013

ലോട്ടറിയെടുക്കുന്നതിനും 
ഫലം വരുന്നതിനുമിടയിലുള്ള ചിന്തകളെ 
ഡൌണ്‍ലോഡ് ചെയ്തെടുത്താലറിയാം
എത്ര പേര്‍ 
ഈ ഉലകത്തില്‍
അവനവന്‍ ചെയ്യുന്ന ജോലിയിലും
ഇരിക്കുന്ന സ്ഥാനത്തിലും
തൃപ്തരാണ് എന്നുള്ളതിന്റെ 
ഞെട്ടിപ്പിക്കുന്ന 
സ്ഥിതിവിവരക്കണക്ക്
പതിറ്റാണ്ടുകളുടെ 
പണിപ്പെടലിനു ശേഷം 
വെളിവാകുന്ന ദൈവകണമല്ല;

ഒരു പണിയുമില്ലാതെയിരിക്കുമ്പോള്‍
തലയില്‍ വന്നു വീഴുന്ന 
ആ ആപ്പിളാണ് കവിത.
കയ്യൊഴിഞ്ഞപ്പോള്‍ 
പഴയ പുസ്തകം 
കുറെ പാഴ്ക്കടലാസുകളായി.
വെട്ടി സൂക്ഷിക്കാന്‍ പോലും മടിച്ച് 
കാത്തുവെച്ച ഇഷ്ടതാളുകളെല്ലാം 
കടലവണ്ടികളിലും മീങ്കൊട്ടകളിലും കയറി
മഴ നനഞ്ഞ് പലവഴി പിരിഞ്ഞിട്ടുണ്ടാകും .

ഒഴിവാക്കിയപ്പോള്‍ 
പഴയ പേന വെറും പ്ലാസ്റ്റിക്കായി.
മഷി വറ്റിയിട്ടും
മുനയൊടിഞ്ഞിട്ടും കളയാതിരുന്നതിപ്പോള്‍
ഏതൊക്കെ രൂപത്തില്‍
എവിടെയെല്ലാം എത്തി
ആര്‍ക്കെല്ലാം വേണ്ടി
എന്തെല്ലാം ചെയ്യുന്നുണ്ടാകും?

ഉപേക്ഷിച്ചപ്പോള്‍
പഴയ കാര്‍ഡ് അടുപ്പിനിന്ധനമായി.
വാരിക്കളഞ്ഞ ചാരത്തില്‍
പാതികത്തിക്കണ്ട കാര്‍ഡില്‍
'മറക്കില്ല' എന്ന വാക്ക് മാത്രം
മുഴുവന്‍ കത്തിപ്പോയിരുന്നു.

കൈവിടാനൊരുങ്ങിയപ്പോള്‍
പുഴയൊരു പാവം പെണ്ണായി.
അടിമണ്ണൂറ്റിയും
കരയിടിച്ചും
മലിനപ്പെടുത്തിയും
അതിനെയുമാരെങ്കിലും
തീര്‍ത്തുകളയുമെന്ന ഭയത്താല്‍
ഉപേക്ഷിക്കാന്‍ മനസ്സുവന്നിട്ടില്ലതിനെ
ഇത്രയായിട്ടും...
* കവിത തുന്നിപ്പിടിപ്പിച്ച കമ്പളം *

തിരി കെടുത്താന്‍ തുനിഞ്ഞാലുമായിരം 
തിരികളായിജ്ജ്വലിക്കുന്ന ചിന്തകള്‍
ഒരു കടുംകെട്ടഴിച്ചാലബോധത്തില്‍ 
തെരുതെരുന്നനെച്ചുറ്റും കുരുക്കുകള്‍

ഇരവിലെന്നുമീ വാനത്തു കണ്ടു ഞാന്‍
കനിവു പെയ്യാത്ത വെണ്‍മേഘമാലകള്‍
മിഴിയടച്ചാലുറക്കാതെ വിഭ്രമ-
ച്ചുഴിയിലങ്ങനെയാഴുന്ന ചിന്തകള്‍

പഴുതു പരതുവാനുള്ളിലെത്തടയണ-
ച്ചുവരിലെന്നുമലയ്ക്കുന്ന നോവുകള്‍
ഒരു കൊടുക്കലില്‍ തീരേണ്ട ബാദ്ധ്യത
ഒരു പറച്ചിലില്‍ തീരേണ്ട വാക്കുകള്‍

ഇതു കുറിക്കുമ്പൊളറിയുന്നു കണ്‍കളില്‍
സുഖദനിദ്രതന്നാദ്യ മഞ്ഞിന്‍കണം
തണുവകറ്റാനെനിക്കുണ്ടു നീയെന്ന
കവിത തുന്നിപ്പിടിപ്പിച്ച കമ്പളം

Friday, July 12, 2013

"ബോറടിക്കുന്നൂന്ന് പറഞ്ഞാല്‍ എന്താ അച്ഛാ
ബോളടിക്കുന്ന പോലെയാണോ"

"അല്ല മോനേ, ബോറടിച്ചൂന്ന് വെച്ചാല്‍ മടുത്തൂന്ന്"

"മടുത്തൂന്ന് പറഞ്ഞാല്‍ എന്താ?

"........."

"ഭൂമീന്ന് പറഞ്ഞാല്‍ എന്താ അച്ഛാ"

"മോനേ,
നമ്മുടെ ഈ മുറിയില്ലേ,
ഉം
അത് ഈ വീട്ടിലല്ലേ?
ഉം
ഈ വീട് ഇരിഞ്ഞാലക്കുടയിലല്ലേ?
ഉം
ഇരിഞ്ഞാലക്കുട കേരളത്തിലല്ലേ
ഉം
കേരളം ഇന്ത്യയിലല്ലേ
ഉം
അങ്ങനെ ഒരുപാട് ഇന്ത്യ ചേര്‍ന്ന
വലിയ ഒരു ബോളാണ് ഭൂമി"

"അച്ഛനേക്കാള്‍ വലിയതാണോ ?"

"........"
അവര്‍ ആ മണ്ണില്‍ 
അര്‍ബുദത്തിന്റെ 
വിത്തുകള്‍ വിതച്ചു.

വായുവില്‍ 
മൃതശരീരങ്ങളുടെ ദുര്‍ഗന്ധം പടര്‍ത്തി. 

പുഴയിലെ അമൃതം ഭുജിച്ച്
കാകോളം തുപ്പി.

കുടിവെള്ളത്തില്‍
തരിതരിയായി വിഷം കലര്‍ത്തി.

കുഞ്ഞുങ്ങളുടെ
ജന്മരാശികളില്‍
മാറാവ്യാധിയുടെ നക്ഷത്രങ്ങള്‍ വരച്ചു.

മൃഗങ്ങളുടെ ശവശരീരങ്ങളില്‍ നിന്ന്
മനുഷ്യരുടെ ശവകുടീരങ്ങളുണ്ടാക്കി.

പോരാട്ടം നയിച്ചവരെ
തീവ്രവാദികളെന്നു മുദ്രകുത്തി.

ഉച്ചത്തിലുയര്‍ന്നേക്കാവുന്ന
പ്രതിഷേധസ്വരങ്ങളെ
ഒറ്റുകാശില്‍ കുളിപ്പിച്ചു കിടത്തി.

പലവര്‍ണ്ണക്കൊടികളെ
ഒന്നൊഴിയാതെ നിര്‍വീര്യമാക്കി.

ഇനിയിവര്‍ക്കു പോരാടാതെ വയ്യ.
മരിയ്ക്കാന്‍ വിടാനാകില്ല...
കാതിക്കുടത്തെ പുഴയെ
മണ്ണിനെ, ജലത്തെ,
ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ !
ഗ്രീഷ്മമാകുമ്പോള്‍ മഴ-
പ്പൊട്ടുകള്‍ തിരയുന്നൂ 
വര്‍ഷകാലത്തില്‍ വെയില്‍-
ത്തിരികള്‍ തിരയുന്നു 
പുളിപ്പും ചവര്‍പ്പുമായ്-
ക്കുഴയും വാഴ്വിന്‍ ദുഗ്ധ-
പാത്രത്തില്‍ മധുരത്തിന്‍ 
തരികള്‍ തിരയുന്നൂ.
'മറക്കില്ല, മറക്കില്ല'യെന്ന് 
കേട്ടു മനം നിറഞ്ഞ് 
യാത്രയായവരാണ് അവരെല്ലാം.

കണ്‍വെട്ടത്തില്ലാതായ
ആ നിമിഷം മുതല്‍ 
നമ്മളവരെ മറന്നു തുടങ്ങി.

'മറന്നു പോയി, അല്ലേടാ' 
എന്നു ചോദിക്കാന്‍ 
അവര്‍ ഇനി വരില്ലെന്നുറപ്പുള്ളതിനാല്‍

ഓര്‍മ്മിപ്പിക്കാന്‍ ആരെങ്കിലും വരും വരെ
അല്ലെങ്കില്‍
എന്തെങ്കിലും ഉണ്ടാവുന്നതു വരെ

നാമവരെ ഉള്ളിലെയേതോ കോണില്‍
ഇനിയും
മറന്നുവച്ചുകൊണ്ടേയിരിക്കും
ദയയില്ലാതെ

Tuesday, July 2, 2013

വേസ്റ്റ് മാനേജ്മെന്റ്റ്

മഴയിക്കുന്നിന്‍ചെരുവിലെ വഴിയില്‍
ഇഴമുറിയാതെപ്പെയ്തു നിറഞ്ഞു
മഴ ഞാന്‍ പണ്ടു വെടിഞ്ഞവയെല്ലാം
കഴുകിയെടുത്തിത്തോട്ടില്‍ നിറച്ചു.

വെട്ടമണഞ്ഞൊരു ബള്‍ബൊ,രു പൊട്ടിയ
സ്ലേറ്റിന്‍ തുണ്ടൊ,രു കുറ്റിപ്പെന്‍സില്‍
വക്കുമുറിഞ്ഞൊരു കോപ്പ,യെഴുത്തു
മുഷിഞ്ഞു തുടങ്ങിയ പഴയൊരു കത്ത്.

കണ്ടുമുരഞ്ഞും തീര്‍ന്നൊരു സീഡി
പഴയൊരു ഫ്ലോപ്പി, കാലിക്കുപ്പി
മങ്ങിയ മിഠായിക്കവര്‍, ബില്ലുകള്‍
പാതി വലിച്ചൊരു ബീഡിക്കുറ്റി

അറിയാതൂര്‍ന്നൊരു നാണയം, എന്നോ
പനി വന്നപ്പോള്‍ വാങ്ങിയ ഗുളിക,
കല്യാണക്കുറി, സഞ്ചയനക്കുറി-
യങ്ങനെ കണ്ടു മടുത്തവയെല്ലാം

മഴയിക്കുന്നിന്‍ചെരുവിലെ തോട്ടില്‍
പണ്ടു കളഞ്ഞവയൊക്കെയൊഴുക്കി
മഴയിത്താഴ്വാരങ്ങളിലങ്ങനെ
കാണാക്കാഴ്ചകളേറെയൊരുക്കി.

ഇനി പേടിക്കാനില്ല


ഒന്നും ഭയക്കുവാനില്ല
കാര്‍ത്ത്യായാനിക്കിന്നുതൊട്ടങ്ങോട്ടു തെല്ലും
ഒറ്റ മഴയ്ക്കിവള്‍ക്കുണ്ടായിരുന്നതാം
പേടികളെല്ലാമലിഞ്ഞു.

കുമ്മായമെല്ലാമടര്‍ന്ന ചുവരുകള്‍
വെള്ളപൂശീടേണ്ടതില്ല
ചോര്‍ച്ചയടയ്ക്കുവാന്‍ കാശിനായ്
ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല.

വീണുപോയേക്കുമെന്നാധി പിടിച്ചു
കഴുക്കോലു മാറ്റേണ്ടതില്ല
ഒറ്റയ്ക്കിരുന്നിട്ടതിയാനെയോര്‍ത്തിനി
ഒട്ടും നെടുവീര്‍പ്പിടേണ്ട.

ഏതു മഴയിലുമിത്ര നാള്‍
വീടകമിത്ര നനഞ്ഞിട്ടുമില്ല
ഇങ്ങനെയേതു കാറ്റത്തുമവളുടെ
വാതിലടഞ്ഞിട്ടുമില്ല.

മേച്ചിലോടോരോന്നടര്‍ന്ന നാള്‍
കാണായൊരിത്തിരിയാകാശമിപ്പോള്‍
എത്ര വിശാലം !
ഇവള്‍ നെയ്തു തോറ്റൊരു സ്വപ്നനീലപ്പട്ടു പോലെ.

ഒന്നും ഭയക്കുവാനില്ല
കാര്‍ത്ത്യായാനിക്കിന്നുതൊട്ടങ്ങോട്ടു തെല്ലും
ഒറ്റ മഴയിവളിത്രനാള്‍ പേടിച്ച-
തൊക്കെയൊഴുക്കിക്കളഞ്ഞു.

പൂക്കളില്‍

ചുവന്ന പൂക്കളില്‍ 
പച്ചവെളിച്ചം വീഴാഞ്ഞിട്ടല്ല 
തളിരിലകളില്‍ 
നീലവെളിച്ചം വീഴാഞ്ഞിട്ടല്ല.

തിരസ്കാരത്തിന്റെയും
ഉപേക്ഷയുടെയും 
കാഴ്ചകളില്‍
നിറങ്ങളെല്ലാം അദൃശ്യമാവുകയാണ്.

ടച്ച് സ്ക്രീന്‍



തൊട്ടു നോക്കൂ
വാടാനിരിക്കുന്ന തൊട്ടാവാടിയെ,
വൃത്തങ്ങളുതിര്‍ക്കും മുന്‍പ് മഴവെള്ളത്തെ.

തൊട്ടു നോക്കൂ
വീഴാനിരിക്കുന്ന നിറം മങ്ങിയ പൂക്കളെ
പിടിതരാതെ പൂവിലിരിക്കുന്ന ശലഭത്തെ 

തൊട്ടു നോക്കൂ
ഉണക്കയിലകള്‍കൊണ്ട് അഗ്നിയെ
പുല്‍ക്കൊടിത്തുമ്പു കൊണ്ട് കാറ്റിനെ
കാച്ചിയ ലോഹംകൊണ്ട് മണ്ണിനെ

തൊട്ടു നോക്കൂ
ഹൃദയംകൊണ്ട് ഇണയെ
മനസ്സുകൊണ്ട് സഹജീവികളെ.

ചെന്നു തൊട്ടാലേ അറിയൂ
ആരുടെയുമല്ലാത്ത,
ഏറ്റവും വലിയ
ഭൂമിയെന്ന
ഈ ടച്ച് സ്ക്രീനിനെ.

Sunday, June 23, 2013

"ഇരുട്ടി വെളുത്തപ്പോഴേക്കും 
ഇലകള്‍ പൊടിച്ചുവല്ലോ 
ഇന്നലെ മുളച്ച വിത്തിന് "
നിഴല്‍പോലെയൊരു തോണിയുണ്ടു ദൂരെ
തുഴയുന്തി നീങ്ങുന്നിതെന്റെ നേരെ
അതില്‍ ഞാന്‍ മറന്നവരാരുമാകാം
അതില്‍ നീയുമാകാം കിനാവുമാകാം
ഇന്നലെ 
മഴ കിട്ടാതുണങ്ങിയ മരമിപ്പോള്‍
ഇന്നത്തെ സമൃദ്ധിയില്‍ 
വീണുപോയല്ലോ, പാവം.
നടന്നുരഞ്ഞു തീരാറായ 
കാല്‍ക്കല്‍ഭാഗം 
ആദ്യം നിറയ്ക്കണം.

നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ച് 
തളര്‍ന്നു പോയ 
നടുഭാഗം ഇനി നിറയ്ക്കണം

ചിരിവരുത്താന്‍ ശ്രമിച്ച് തോറ്റുപോയ
തലയ്ക്കല്‍ഭാഗം 
അവസാനം നിറയ്ക്കണം

കാല്‍, നടു, തല.
ശരിയായില്ലേ
രൂപം?

വണങ്ങിയും, വളഞ്ഞും, കൂനിയും
മടുത്തവനല്ലേ...
കുറച്ചുനാള്‍ നേരെ നില്‍ക്കട്ടെ അയാള്‍...
പ്ലാവിന്‍ചുവട്ടിലെ
എണ്ണവിളക്കിന്‍ വെട്ടത്തില്‍
കടല്‍ക്കുളിയും കാത്ത്...
നിവര്‍ന്ന് !

Friday, June 14, 2013

കല്ലിലും പുല്ലിലുമുണ്ട് ദൈവം.
കളിമണ്ണിലുമുണ്ട്.

ഉരുട്ടിയെടുക്കണം.

കണ്ണിരിക്കേണ്ടിടത്ത് കണ്ണിരിക്കണം.
കാലിരിക്കേണ്ടിടത്ത് കാലും.

അളവൊപ്പിക്കണം,
ചായങ്ങള്‍ പുരട്ടണം. 
മതി.

ഇരുന്നൂറു രൂപയുടെ മാതാവും
ഇരുന്നൂറു രൂപയുടെ കണ്ണനും
അടുത്തടുത്തിരിക്കണം.

വാങ്ങിവയ്ക്കുന്നതിലാണ് കാര്യമെന്ന്
നമുക്കറിയാം.

എങ്കിലും,
തെരുവോരത്തിരുന്ന്
ദൈവത്തെ കുഴച്ചെടുക്കുന്ന
കുഞ്ഞുങ്ങള്‍ പറയാറുണ്ട്‌...
കണ്‍വെട്ടത്തിരിക്കുമ്പോളല്ല,
വിറ്റുപോകുമ്പോളാണ്‌
നമ്മുടെ ദൈവങ്ങള്‍
വിശപ്പു മാറ്റാറുള്ളതെന്ന്.
ഒന്നൊന്നായി 
ഓരോന്നില്‍ നിന്നഴിഞ്ഞൊഴിഞ്ഞ്
ഇപ്പോള്‍ 
ഈ അവസാന സുഷിരത്തില്‍നിന്നുമൊഴിഞ്ഞുപോകുന്നതിനു മുന്‍പ്, 
നീ ഈ മുളങ്കാടുകളുടെ സംഗീതമായിരുന്നു.

ഓരോ ചില്ലയില്‍ നിന്നുമടര്‍ന്നടര്‍ന്ന്
അവസാനത്തെ ഇലയനക്കവുമില്ലാതാക്കി
പിരിഞ്ഞുപോകുന്നതിനു മുന്‍പ്
നീ ഈ ശാഖിയുടെ പ്രാണനായിരുന്നു.

ഓരോ വൃത്തങ്ങളില്‍ നിന്നുമകന്നകന്ന്
ഓരോ തുള്ളിയില്‍ നിന്നും വേര്‍പെട്ട്
ചലനമില്ലാതാക്കുന്നതിനു മുന്‍പ്
നീ ഈ പുഴയുടെ ഓളങ്ങളിലുണ്ടായിരുന്നു.

ഓരോ കടല്‍ത്തീരങ്ങളും ശൂന്യമാകുന്നതിനു മുന്‍പ്
മേഘങ്ങള്‍ നിശ്ചലമാകുന്നതിനും
അവസാനത്തെ തോണി കരയ്ക്കെത്തുന്നതിനും
അവസാന ശോണിമയും നഷ്ടമാകുന്നതിനും മുന്‍പ്
നീ കൂട്ടും കനിവുമായിരുന്നു.

കാറ്റേ,
സന്ധ്യ പരക്കുന്നതിനു തൊട്ടു മുന്‍പ്
എല്ലാം ഇരുട്ടിലാഴുന്നതിനല്പം മാത്രം മുന്‍പ്
നീ ഈ ഭൂമിയുടെ പ്രണയമായിരുന്നു...

Thursday, June 6, 2013

ആരുമില്ലായ്മയുടെ വേനലില്‍
ഉള്ളു പൊള്ളുമ്പോള്‍
കണ്ണിലൊരു മഴയാവാറുണ്ട് അമ്മ

കുടയെടുക്കാന്‍ മറന്നിട്ടല്ല,
ഇംഗ്ലീഷ് ടെക്സ്റ്റ്‌ മറന്നതിനാണ്
അവനിപ്പോള്‍ വിറയ്ക്കുന്നത് !

പുനര്‍ജ്ജനിക്കാറുണ്ട്
തെക്കേത്തൊടിയില്‍ ചിലര്‍,
ഇലകളും പൂക്കളുമായി !

മൂന്നു വലംവെച്ചു കാറ്റ്
മേഘമണ്‍കുടമുടച്ചു.
പെയ്യട്ടെ, ഇനി തോരുംവരെ !

മയക്കമാണിപ്പോള്‍
മുളങ്കാട്ടിലെയിളം കാറ്റ്.
നിലച്ചിരിക്കുന്നു സംഗീതം !

ഇതുപോലാരും
തൊട്ടറിഞ്ഞിട്ടുണ്ടാവില്ല നിന്നെ.
നമ്മുടെ പഴയ കുളമല്ലാതെ !

അവ്യക്തമാണ് മൈല്‍ക്കുറ്റികള്‍.
ഇനി മുന്‍ഗാമികള്‍ പറയട്ടെ
സഞ്ചരിക്കേണ്ട ദൂരം

വാകപ്പൂ പോലൊരു സന്ധ്യ;
നീയും ഞാനും മാത്രം.
ചുംബിക്കാനിനിയെന്താണു തടസ്സം?

കടല്‍പ്പക്ഷികളകന്നു...
അവനെത്തിയല്ലോ വീണ്ടും,
കടലേ, നിന്‍ കവിള്‍ ചുവപ്പിക്കാന്‍

നമ്മുടെ ഒരേയൊരു
വസന്തമാവാമിത്..
ഞാനും നീയുമുള്ള വസന്തം !

മുത്തശ്ശന്‍ മാവ്.
ഓരോ ഇഞ്ചിലുമുണ്ട്
തലമുറകളുടെ ചരിത്രം

പാവം !
കുട നന്നാക്കാറുണ്ടിവന്‍
പണ്ട് മഴ തോരാത്ത കാലത്ത്..

പുളിങ്കൊമ്പിലൂഞ്ഞാലാടും
ബാല്യമുണ്ടുള്ളിലിപ്പോഴും.
വളര്‍ന്നില്ലിതേവരെ !

എന്‍ ജനലിലൂടെ
ലോകം കണ്ടു ഞാന്‍.
കണ്ടില്ലൊരിക്കലുമെന്നെ.

എങ്ങു പോയ്‌ കുയിലേ?
മധുരമാം വേനല്‍പ്പാട്ടെന്തേ
പാതിയില്‍ നിര്‍ത്തി നീ ?

Tuesday, June 4, 2013

* പുനര്‍ജ്ജനിക്കാറുണ്ട് * by Arun Gandhigram
ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല
അല്ല, 
അതവിടെയുണ്ടായിരുന്നു കാണും 
ഇന്നലെ വരെ ശ്രദ്ധിച്ചിട്ടില്ല;
തെക്കേത്തൊടിയില്‍ ഒരു നെല്‍ച്ചെടി !

ഒരു മുഖവുരയുമില്ലാതെ,
ഒരുപാട് പരിചയമുള്ളതുപോലെ
ഒറ്റപ്പറച്ചില്‍:-
"കണ്ടില്ല, അല്ലേ?
നീ എങ്ങനെ കാണാനാടാ എന്നെ?
എന്തു കാടാണ് എനിക്കു ചുറ്റും !
ഇവിടാരും വരാറില്ലേ?
പോട്ടെ,
തെങ്ങിനു തടമെടുക്കാറുണ്ടോ നീ?
വെള്ളം നനയ്ക്കാറുണ്ടോ ?
നിന്റെ തടി കൂടുന്നുണ്ടല്ലോ! "

പിന്നെ,
നെല്‍ച്ചെടിയുടെ പുറകില്‍ നിന്ന്
ഒരു പതിഞ്ഞ ശബ്ദം.
"അവന്‍ തടിച്ചിട്ടൊന്നുമില്ല...
ചായ കുടിച്ചോ നീ?
ആരാ നിനക്കിപ്പോള്‍ കഥകള്‍ പറഞ്ഞു തരാറ്?
ഓ, അതിനു നീ വല്യ ആളായല്ലോ...
ആരാണ് വൈകീട്ട് ഗോതമ്പു ദോശയും കട്ടനും തരാറ്?
അതോ, അതൊന്നുമില്ലെന്നാണോ ഇപ്പോള്‍? "

ഒന്നും തിരിച്ചു പറഞ്ഞില്ല.

എങ്കിലും അറിയാം എനിക്കവരെ...
ഗോതമ്പു ചെടിയും
തുവരയും, പയറും,
കടലയും, അമരയും
മുതിരയും, ഉഴുന്നുമായി
ഓരോ മഴയിലും,
ഇവിടം വിട്ടുപോകാന്‍ മനസ്സില്ലാതെ,
തെക്കേത്തൊടിയില്‍
അവര്‍ പുനര്‍ജ്ജനിക്കാറുണ്ട്...
തളിരിലകളും എള്ളിന്‍പൂക്കളുമായി !
ഇന്നുമീ നാട്ടുമാവിന്റെ ചില്ലയില്‍
സന്ധ്യയില്‍ വന്നു ചേരുന്നു പക്ഷികള്‍
വന്നുറങ്ങിടാറുണ്ടു പുല്‍ത്തൊട്ടിലില്‍
അന്നു നമ്മെക്കുളിര്‍പ്പിച്ച മാരുതന്‍

തോട്ടുവക്കില്‍ക്കരിങ്കല്‍ക്കലുങ്കിലേ-
യ്ക്കേറെയാരും വരാറില്ലയെങ്കിലും
പോയ കാലത്തിലെപ്പോലെയിപ്പോഴും
പോയിരുന്നിടാറുണ്ടെന്‍ മനസ്സതില്‍

കാടുമൂടിക്കിടക്കും നടവഴി
താണ്ടി നോക്കി ഞാനാമ്പല്‍ക്കുളത്തിനെ
പാവ,മാരെയോ കാത്തുകൊണ്ടിപ്പൊഴും
പായലിന്‍ പുതപ്പേറ്റിക്കിടക്കയാം

കണ്ടുവോ വാകയില്‍ തീ പടര്‍ന്ന പോല്‍
ചെണ്ടുചെണ്ടായ് വിരിഞ്ഞ സുമങ്ങളെ
നമ്മള്‍ പങ്കിട്ട നാളിന്റെയോര്‍മ്മ പോല്‍
നന്മതന്‍ നിലാവേറ്റുയിര്‍കൊണ്ടവ !

പുഞ്ചിരിച്ചുവോ നീ,യെന്തിതിങ്ങനെ
വീണ്ടുമോര്‍ക്കുവാനെന്നു ചോദിച്ചുവോ ?
ഉള്ളിലൂയലാടാറുണ്ടിടയ്ക്കൊരു
പിഞ്ചു ബാല്യം, വളര്‍ന്നില്ലിതേവരെ !

എത്ര ദൂരേയ്ക്കു പോകിലും മന്നിലേ-
യ്ക്കെത്തിടാറുണ്ടു വര്‍ഷം, വസന്തവും
മിത്രമേ, നിന്റെ വാക്കിന്റെയൂഷ്മള-
സത്തയിന്നെന്റെ ഹൃത്തിലെത്തുന്ന പോല്‍ !

Wednesday, May 22, 2013


* വേനലുണ്ടാകണം*(അരുണ്‍ ഗാന്ധിഗ്രാം)

ഇല്ലാ വസന്തങ്ങ,ളില്ലാത്ത മാരികള്‍ 
എല്ലാം പെരുപ്പിച്ചു കാട്ടുന്ന മിഥ്യയാല്‍  
എല്ലാം മറന്നുല്ലസിക്കുന്നതാം ചിന്ത-
മില്ലായ്മ നീക്കുവാന്‍ വേനലുണ്ടാകണം.

കണ്ണീരുണങ്ങാത്ത പെണ്‍പൂക്കള്‍ പാടുന്നു: -
"വെണ്ണീറില്‍ നിന്നുമുയിര്‍ക്കുവാന്‍, ഞങ്ങള്‍ക്കു    
ശങ്കകൂടാതെപ്പുലരുവാ,നാവില്ല-
യെങ്കിലീ വേനല്‍ മരിയ്ക്കാതിരിക്കണം.

കുന്നിടിഞ്ഞപ്പോളിടം പോയ പക്ഷികള്‍
വെട്ടേറ്റു വീണു കിടക്കും തണലുകള്‍ 
ഇന്നലെ നമ്മളെയൂട്ടിയ പാടങ്ങ-
ളൊക്കെയും ചൊല്ലുന്നു, വേനലുണ്ടാകണം !

വേവലുണ്ടാവണം, കാരുണ്യമില്ലാതെ-
യെല്ലാമറുത്തു മുറിച്ചു നാം നീങ്ങവേ,
നമ്മളെക്കണ്ടു  വളരുന്ന മക്കള്‍ തന്‍ 
കണ്‍കള്‍ തുറക്കുവാന്‍ വേനലുണ്ടാകണം.

Saturday, May 18, 2013

മങ്ങുന്ന കാഴ്ചയും 
വ്യര്‍ത്ഥതാബോധവും 
രാഗരാഹിത്യവും 
വഴി മുടക്കുമ്പൊളും,
അര്‍ത്ഥമില്ലാത്തതാം 
ജീവിതത്തില്‍
തെല്ലൊരര്‍ത്ഥമുണ്ടാക്കുവാന്‍ 
തുടര്‍യാത്ര ചെയ് വു നാം.

2.

പറമ്പില്‍ മുഴുവന്‍
പേരില്ലാത്ത കീടങ്ങളാണ്‌.

അവര്‍ തമ്മില്‍ത്തമ്മില്‍ ചിലപ്പോള്‍ 
പേരു വിളിക്കുന്നുണ്ടായിരിക്കും.
"ജോസേ, ഒരു മാങ്ങാ വീണെടാ"
"ശങ്കരാ, ഒരു തവള ചത്തു കെടക്കണുടാ"
എന്നൊക്കെ പറയുന്നുണ്ടാകും 
അതു പക്ഷേ, നമ്മുടെ വിഷയമാകുന്നില്ല.

മാങ്ങയെറിയാന്‍ വടിയെടുക്കുമ്പോള്‍
അതിലുണ്ടാവും
ചുവന്ന നിറത്തില്‍ നാലഞ്ചെണ്ണം.
തട്ടിക്കുടഞ്ഞു കളയണം.

മാങ്ങ വീഴുമ്പോള്‍
ഓടിവന്നു പൊതിയും
ചാരനിറത്തില്‍ ആറേഴെണ്ണം.
ചവിട്ടിത്തെറിപ്പിച്ചു കളയണം.

ഒച്ച കേള്‍ക്കുമ്പോള്‍
കണ്‍വെട്ടത്തു നിന്നോടിമറയും
തവിട്ടുനിറമുള്ള കുറെയെണ്ണം.

ഈ കീടങ്ങള്‍ക്കൊക്കെ
ആരെങ്കിലും പേരിട്ടിട്ടുണ്ടാവുമോ.
ഉണ്ടാവുമായിരിക്കും.
ഒരു പണിയുമില്ലാത്തവര്‍ !

ശ്രദ്ധിക്കപ്പെടാതെ പോകാനും
അറിയാത്തതുപോലെ ചവിട്ടിയരക്കപ്പെടാനും
കാല്‍പ്പെരുമാറ്റം കേള്‍ക്കുമ്പോള്‍
കരിയിലകള്‍ക്കിടയില്‍ പതുങ്ങാനും
ഭയത്തിനു മുന്‍പില്‍ വിശപ്പ്‌ മറക്കാനും
ചുറ്റിലും എപ്പോഴുമുണ്ടാകും അവറ്റകള്‍.
കീടങ്ങള്‍,
നാശം !


3.

എത്ര ദൂരേയ്ക്കു പോകിലും മന്നിലേ-
ക്കെത്തിടാറുണ്ടു വര്‍ഷം, വസന്തവും
മിത്രമേ, നിന്റെ വാക്കിന്റെയൂഷ്മള
സത്തയിന്നെന്റെ ഹൃത്തിലെത്തുന്ന പോല്‍
1.

കൊല്ലുന്ന ചിരിയാണല്ലോ പെണ്ണേ...
നമ്മുടെ വായു പോലെ,
നദീജലം പോലെ,
മണ്ണു പോലെ,
മുന്തിരിക്കുലകള്‍ പോലെ,
മറുനാടന്‍ പച്ചക്കറി പോലെ,
മരുന്നുകള്‍ പോലെ,
സമൃദ്ധിയുടെ മാളുകള്‍ പോലെ,
പരസ്യങ്ങളിലെ സുന്ദരിമാരുടെയും സുന്ദരന്മാരുടെയും പോലെ ,
ലളിതവായ്പാ വാഗ്ദാനങ്ങള്‍ പോലെ,
നിയമനിര്‍മ്മാതാക്കളുടേതു പോലെ, 
കൊല്ലുന്ന ചിരിയാണല്ലോ പെണ്ണേ നിന്റേതും !

2.


വെട്ടിത്തിരുത്തിയും 
താളുകള്‍ കീറിയും
കാലമെഴുതുന്നെന്റെ
ജീവിതപ്പുസ്തകം.

ഇപ്പേജു തീരുമ്പോള്‍ 
കഴിയുമെന്നോര്‍ക്കവേ
ഒരു താളു കൂടി-
ത്തുറപ്പൂ നിരന്തരം.

"ഇതുകൂടിയിതുകൂടി-"
യെന്നു ചൊല്ലുന്ന പോല്‍
ഒരു പാഠമെന്നും
വരയ്ക്കുന്ന പുസ്തകം.

എഴുതിക്കഴിഞ്ഞെന്നു
തോന്നുമ്പോ"ളവസാന
വരികൂടി, നില്‍ക്കൂ-"
എന്നരുളുന്ന പുസ്തകം

"ഇതു ഞാന്‍ പഠിച്ചതാം
പാഠ"മെന്നവസാന
നാളിലും പറയുവാ-
നനുവദിച്ചീടാതെ,

വെട്ടിത്തിരുത്തിയും
താളുകള്‍ കീറിയും
മരണമെത്തുമ്പൊഴും
തുടരുന്ന പുസ്തകം.