Thursday, October 3, 2013

ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞിരുന്നതിനാല്‍ അവരവളെ അനാഥയെന്നു വിളിച്ചു. കയ്യില്‍ കാശില്ലെങ്കിലും തിന്നാനൊന്നുമില്ലെങ്കിലും അല്പം ജീവന്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ ആരുമവളെ അനാഥശവമെന്നു വിളിച്ചില്ല. 

മരിച്ചപ്പോള്‍ തീരെ വയ്യായിരുന്നെങ്കിലും അവളുടെയാത്മാവിന് 
എവിടെയ്ക്കെങ്കിലും പോകണമായിരുന്നല്ലോ. 

മുകളിലേക്കാണോ താഴേക്കാണോ പോകേണ്ടത് എന്നു തീരുമാനിക്കാന്‍ ഒരു നിമിഷം അതവിടെത്തന്നെ നിന്നു. ഇപ്പോള്‍ ശരിക്കും ആരുമില്ലാതായ പാവപ്പെട്ട അവളുടെ ശരീരത്തെ അവളുടെ ആത്മാവ് അനാഥശവമെന്നു തന്നെ വിളിച്ചു.

അപ്പോളത് പക്ഷേ ഒട്ടും അനാഥമല്ലായിരുന്നു. വിറകുകൂട്ടിയാണോ വൈദ്യുതിയടിപ്പിച്ചാണോ
കത്തിക്കേണ്ടത് എന്ന ചര്‍ച്ചക്ക് മാത്രമുണ്ടായിരുന്നു ഒരു നൂറു പേരെങ്കിലും.

"കഞ്ഞി കുടിക്കാന്‍ കാശ് തരാഞ്ഞ പിശാചുക്കളേ,
നിങ്ങളാ ശവത്തെ എന്തു പണ്ടാരമെങ്കിലും ആക്ക്" എന്നായിരുന്നു പോകുന്ന പോക്കിലെ ആത്മാവിന്റെ ഒടുക്കത്തെ മൊഴി.

ചര്‍ച്ച കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായതിനാല്‍ ആരും അതു കേട്ടില്ല.

No comments:

Post a Comment

Please do post your comments here, friends !