Wednesday, September 26, 2012

ഇനി തുടങ്ങാം, പുതിയൊരു സഞ്ചാരം.



ഈ വാച്ചിന്റെ സൂചിയൊന്നു 

പിന്നോട്ട് തിരിച്ചു നോക്കണം.
കവിതകളെല്ലാം തിരിച്ച്
പേനയില്‍ നിറയ്ക്കണം.

എന്നിട്ട് തിരിച്ചു പോകണം
എല്ലാം തുടങ്ങിയിടത്തേക്ക്.
ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന് കയറി
കയറിയ സ്റ്റോപ്പില്‍ ഇറങ്ങി
അങ്ങനെ പോകണം.
കണ്ടക്ടര്‍ക്ക് ടിക്കറ്റ് നല്‍കി
പണം തിരികെ വാങ്ങണം.

പിന്നെ മണ്ണ്‌ നനയിച്ചലിഞ്ഞ
ഈര്‍പ്പത്തില്‍ നിന്ന്
ഒരു കണ്ണുനീര്‍ത്തുള്ളിയുണ്ടാക്കി
കവിളിലേക്കു പറത്തി,
മുകളിലെക്കൊഴുക്കി,
കണ്ണ് നനയിച്ചുണക്കി
ചിരി വരുത്തണം.

പിന്നെ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ
ഒരു സമ്മാനം തിരികെവാങ്ങി
കഴിച്ച സദ്യ ഇലയില്‍ തിരികെ വിളമ്പി
പിന്നോട്ട് നടക്കണം.

പറഞ്ഞ വെറുംവാക്കുകള്‍,
നിറഞ്ഞ അര്‍ത്ഥശൂന്യമായ ചിരികള്‍,
പങ്കുവച്ച വിഫലപ്രതീക്ഷകള്‍,
എല്ലാം തിരികെ വാങ്ങണം.

എന്നിട്ട്,
വാകമരച്ചുവട്ടില്‍ നിന്നേഴുന്നേറ്റ്
ക്ലാസ് മുറിയിലേക്കും
പിന്നെ വീട്ടിലേക്കും ശാന്തനായി പോകണം.

മതി, നില്‍ക്കട്ടെ !
ഇനി തുടങ്ങാം, പുതിയൊരു സഞ്ചാരം.
ഇനി തിരിയട്ടെ, ഈ സൂചിയും മുന്നോട്ട്..

4 comments:

  1. തിരിച്ചു നടന്നാല്‍ തിരികെ കിട്ടുമോ? ഒന്നിനും കഴിയില്ല അപ്പോള്‍ മുന്നോട്ട് തന്നെ....

    ReplyDelete
  2. കോളജ് വരാന്തയിൽ വച്ച് അവളടിച്ചു കൊഴിച്ച പല്ല് തിരികെ കിട്ടുമോ...?...:)

    ReplyDelete
    Replies
    1. ഹ ഹ. ഈ മെഷീന്‍ പണി തുടങ്ങിയാല്‍ പല്ലും തിരിച്ചു വരും

      Delete
  3. ഒരു തിരിച്ചുപോക്കാണ് മനസ്സ് നിറയെ നന്നായിട്ടുണ്ട് ,.,.ആശംസകള്‍

    ReplyDelete

Please do post your comments here, friends !