Saturday, September 29, 2012

ലക്ഷ്മണരേഖയ്ക്ക് കുറുകെ പണിഞ്ഞ പാലം




ജീവിതത്തിന്റെയംശമുണ്ട്
ബസ്-യാത്രയിലെന്ന്
വണ്ടിയോട്ടുന്നവനും
കണ്ടക്ടറും
കിളിയും.

ബസ്-യാത്രയുടെയംശമുണ്ട്
ജീവിതത്തിലെന്ന്
സര്‍ക്കാര്‍ ജീവനക്കാരനും
വടക്കേയിന്ത്യന്‍ തൊഴിലാളിയും
കോളേജ് കുമാരിയും.

എങ്കിലും ചിലരുണ്ട്..
ബസ്-യാത്രയില്ലാതെ ജീവിതമില്ലാത്തവര്‍...

ബസ്സില്‍,
സ്ത്രീകളെയും പുരുഷന്മാരെയും
വേര്‍തിരിക്കുന്ന
അദൃശ്യമായ ഒരു പുഴയുണ്ടെങ്കില്‍
അതിലൊരു പാലമായി നില്‍ക്കുന്നവര്‍.
സ്വയം തീര്‍ത്ത ലക്ഷ്മണരേഖയില്‍
തളച്ചിടപ്പെട്ടവര്‍.

ചിലപ്പോള്‍ തയ്യല്‍ക്കാരനായി
അളവെടുത്ത്,
ചിലപ്പോള്‍ വൈദ്യനായി
പരിശോധിച്ച്,
ചിലപ്പോള്‍ ഫിസിയോതെറാപ്പിസ്റ്റായി
ദേഹങ്ങള്‍ ഉലച്ച്‌,
ചിലപ്പോള്‍ മഹാത്മയെപ്പോലെ
മറുകരണം കാണിച്ചു കൊടുത്ത്,
ജീവിതവും ബസ് യാത്രയും ഒന്നാക്കുന്ന
സഹനശീലരായ അദ്വൈതവാദികള്‍.

പേരും, പ്രായവും മാറിയേക്കാം,
രേഖ മാറുന്നില്ല, അവരും..

ചക്രങ്ങള്‍ തേഞ്ഞു തുടങ്ങിയാലും
ബെയറിങ്ങുകള്‍ ദ്രവിച്ചാലും,
യന്ത്രഭാഗങ്ങളില്‍ കരിപിടിച്ചാലും
തീരില്ല ആ അഭിനിവേശം..
ആ പരവേശം !
"

Thursday, September 27, 2012

മൃഗം




നിന്റെയും എന്റെയും 

ഹൃദയത്തില്‍ ഒരു കൂടുണ്ട്‌..

ഗുണപാഠങ്ങളും
വിശ്വാസവും
ഗുരുവചസ്സുകളും
മനസ്സാക്ഷിയും
തുടലിട്ടു നിര്‍ത്തിയ 
ഒരു മൃഗമുണ്ട് അതിനുള്ളില്‍.


ഏകാന്തതയിലും,

ആള്‍ക്കൂട്ടത്തിലും
അതെന്നും കൂടെത്തന്നെയുണ്ട്‌.

കാതോര്‍ത്താല്‍
അതിന്റെ അക്ഷമയാര്‍ന്ന
ചങ്ങലക്കിലുക്കങ്ങളും
മുരള്‍ച്ചയും കേള്‍ക്കാം.

തൊട്ടുനോക്കിയാല്‍
അടക്കിവയ്ക്കപ്പെടുന്ന
ആസക്തികളുടെ അതിമര്‍ദ്ദമറിയാം .

അമര്‍ത്തപ്പെട്ട
ഒരു പെണ്‍കരച്ചില്‍
കേള്‍ക്കുന്നില്ലേ ?

ഇന്ന്
ആരുടെയോ
ദുര്‍ബലമായ കൂട്ടില്‍ നിന്ന്
അത് പുറത്തു കടന്നിരിക്കുന്നു.

Wednesday, September 26, 2012

ഇനി തുടങ്ങാം, പുതിയൊരു സഞ്ചാരം.



ഈ വാച്ചിന്റെ സൂചിയൊന്നു 

പിന്നോട്ട് തിരിച്ചു നോക്കണം.
കവിതകളെല്ലാം തിരിച്ച്
പേനയില്‍ നിറയ്ക്കണം.

എന്നിട്ട് തിരിച്ചു പോകണം
എല്ലാം തുടങ്ങിയിടത്തേക്ക്.
ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന് കയറി
കയറിയ സ്റ്റോപ്പില്‍ ഇറങ്ങി
അങ്ങനെ പോകണം.
കണ്ടക്ടര്‍ക്ക് ടിക്കറ്റ് നല്‍കി
പണം തിരികെ വാങ്ങണം.

പിന്നെ മണ്ണ്‌ നനയിച്ചലിഞ്ഞ
ഈര്‍പ്പത്തില്‍ നിന്ന്
ഒരു കണ്ണുനീര്‍ത്തുള്ളിയുണ്ടാക്കി
കവിളിലേക്കു പറത്തി,
മുകളിലെക്കൊഴുക്കി,
കണ്ണ് നനയിച്ചുണക്കി
ചിരി വരുത്തണം.

പിന്നെ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ
ഒരു സമ്മാനം തിരികെവാങ്ങി
കഴിച്ച സദ്യ ഇലയില്‍ തിരികെ വിളമ്പി
പിന്നോട്ട് നടക്കണം.

പറഞ്ഞ വെറുംവാക്കുകള്‍,
നിറഞ്ഞ അര്‍ത്ഥശൂന്യമായ ചിരികള്‍,
പങ്കുവച്ച വിഫലപ്രതീക്ഷകള്‍,
എല്ലാം തിരികെ വാങ്ങണം.

എന്നിട്ട്,
വാകമരച്ചുവട്ടില്‍ നിന്നേഴുന്നേറ്റ്
ക്ലാസ് മുറിയിലേക്കും
പിന്നെ വീട്ടിലേക്കും ശാന്തനായി പോകണം.

മതി, നില്‍ക്കട്ടെ !
ഇനി തുടങ്ങാം, പുതിയൊരു സഞ്ചാരം.
ഇനി തിരിയട്ടെ, ഈ സൂചിയും മുന്നോട്ട്..

Monday, September 24, 2012

പ്രണയിക്കുമ്പോള്‍



പ്രണയിക്കുമ്പോള്‍ ,
ഈ ലോകം
രണ്ടു ശലഭങ്ങള്‍ മാത്രം പാറുന്ന
ഒരു പൂന്തോട്ടമാവുന്നു.

പ്രണയിക്കുമ്പോള്‍,
രണ്ടു വീടുകള്‍ സത്രങ്ങളാവുന്നു
സാമീപ്യത്തില്‍ നിന്ന് സാമീപ്യത്തിലേക്കുള്ള 

യാത്രക്കിടയിലെ ഇടത്താവളങ്ങള്‍ പോലെ

പ്രണയിക്കുമ്പോള്‍
ദോഷം കാണാന്‍ കഴിവില്ലാത്ത കണ്ണുകള്‍
കഥകള്‍ പറയുന്നു
രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള കഥകള്‍...
അവ്യക്തസ്വപ്‌നങ്ങള്‍ പോലെ .

പ്രണയിക്കുമ്പോള്‍ പക്ഷെ
ഘടികാരസൂചികള്‍ക്ക്
വേഗമേറുന്നു
ചിലതെല്ലാം മായ്ച്ചു കളയാന്‍
തിടുക്കമിട്ടു പായുന്നത് പോലെ !

സ്വന്തമായെന്തുണ്ട് നിന്റെ കയ്യില്‍ ?

കണ്ടു പഠിച്ചതും
കേട്ടു പഠിച്ചതും
തട്ടിപ്പറിച്ചതും
ചിട്ടിയടിച്ചതും
ദാനം ലഭിച്ചതും
വെട്ടിപ്പിടിച്ചതും
ആരോ ഉപേക്ഷിച്ചു
ദൂരെക്കളഞ്ഞതും
കൂടാതെയെന്തുണ്ട് നിന്റെ കയ്യില്‍ ?
സ്വന്തമായെന്തുണ്ട് നിന്റെ കയ്യില്‍ ?

Friday, September 21, 2012

ജീവിതസായാഹ്നചിന്തകള്‍




അന്ന് ഞാന്‍ നഗരത്തിലെന്തിനോ പോകെ കണ്ടു
നന്മയെ, വയോധികനാമൊരു പിതാവിനെ...
കാലുകള്‍ തളര്‍ന്ന തന്‍ പുത്രനെയിരുത്തിക്കൊ-
ണ്ടൊരു 'വീല്‍ചെയര്‍' തള്ളി നടക്കും ദൈന്യത്തിനെ !

ആ മകന്‍ ചെറുപ്പമല്ലവനും കാണും, മദ്ധ്യ-
വയസ്സോടടുതൊരു പ്രായ,മാ രൂപം കണ്ടാല്‍. 

വേഷങ്ങള്‍ മുഷിഞ്ഞതാണെങ്കിലും മിഴികളില്‍
ശാന്തിയായിരുന്നു, ഞാനോര്‍ക്കുന്നു നിസ്സംശയം.

എങ്കിലും ജരാനരപടര്‍ന്ന ശരീരത്തില്‍
അമ്പലം കണ്ടു, പള്ളിമണിതന്‍ മുഴക്കവും !
ഏതു നാട്ടുകാരവര്‍? എന്തിനീ നഗരത്തില്‍
വന്നു ? ഞാനോര്‍ത്തീടവേ അവരും മറഞ്ഞു പോയ്‌.

കാലമേ യുവത്വത്തിന്‍ ആതുരതകള്‍ മാറ്റും
തൈലമേ, മഹോന്നത വാര്‍ധക്യ നിവാരിണീ !
പുത്രവാത്സല്യത്തിന്റെ ശക്തിയില്‍ ഗമിക്കുവാന്‍
എത്ര മാത്രകള്‍ കൂടി നല്‍കുമീ പിതാവിന് ?

അച്ഛനാണവന്‍, കാലമെത്രമേല്‍ ശ്രമിച്ചാലു-
മാകുമോ പിതൃസ്നേഹജ്ജ്വാലയെ ഹനിക്കുവാന്‍ ?
എത്ര നാണ്യങ്ങള്‍ ചൊരിഞ്ഞുയര്‍ത്താനാവും രക്ത-
ബന്ധത്തിന്‍ തുലാസിലെ സ്നേഹത്തെ, വാത്സല്യത്തെ ?

ജീവിതജ്ഞാനത്തിന്റെ വെള്ളിനൂലുകളാവാം
പാവമാ പിതാവിന്റെ രോമരാജികള്‍ പോലും
പുത്രനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവന്‍, സ്വയ-
മെത്രയോ മനോഹര സ്വപ്‌നങ്ങള്‍ ത്യജിച്ചവന്‍ !

ഓര്‍ത്തു പോകുന്നു വൃദ്ധഗേഹങ്ങള്‍ നിറച്ചു നാം
ചാര്‍ത്തിയൊരനാഥത്വ മുദ്രകള്‍ പേറുന്നോരെ..
എത്രയച്ഛന്മാരെത്രയമ്മമാരുണ്ടാമതില്‍
എത്ര സ്നേഹമുണ്ടാകാം, എത്ര നൊമ്പരങ്ങളും

സ്വപ്‌നങ്ങള്‍ ഭ്രമിപ്പിച്ച വേളയില്‍ പിതാവിന്റെ
തപ്തമാനസത്തിന്റെ രോദനമാരോര്‍ക്കുവാന്‍ ?
സ്വത്തുക്കള്‍ പകുക്കുന്ന വേളയില്‍, ഉദരത്തില്‍
പത്തുമാസങ്ങള്‍ പകുത്തോളെയുമാരോര്‍ക്കുവാന്‍ ?

* * *

സോദരാ, സായന്തനശ്ശോണവീഥിയില്‍ പോയ-
കാലത്തെ നിനച്ചാരോ ഏകനായ് നടക്കുന്നു !
നിന്റെ ശബ്ദമാണയാള്‍, നിന്റെ രൂപമാണയാള്‍,
നിന്റെ സ്വപ്‌നങ്ങള്‍ പാറിനടന്ന ചിറകയാള്‍ !

ഒരുനാളവന്‍ തന്ന സ്നേഹപുസ്തകത്തിന്റെ-
യേടുകള്‍ പകര്‍ത്തി നീയവനും കൊടുക്കുക
ജീവിതസ്വപ്‌നങ്ങള്‍തന്‍ ഭ്രാന്തവേഗങ്ങള്‍ വെടി-
ഞ്ഞാകരം പിടിച്ചെന്നും കൂടെ നീ നടക്കുക

Tuesday, September 18, 2012

ശിവകാശിപ്പടക്കങ്ങള്‍



സ്നേഹിതാ,
ഈ മുഴങ്ങിക്കേള്‍ക്കുന്ന 
കാതടപ്പിക്കും ശബ്ദമാണോ
നിനക്ക് ആഘോഷം ?

ഈ വെടിമരുന്നിന്റെ ഗന്ധത്തിന്റെ 
ശ്വാസം മുട്ടലും, 
കാഴ്ചയുടെ മങ്ങലും ? 


വെടിമരുന്നുപുരകളില്‍
വിശപ്പാറ്റലിന്റെ
ത്രികോണങ്ങളും, ഗോളങ്ങളും, രേഖകളും
വരച്ചു പഠിക്കുന്ന
ഉണ്ണികളെ കണ്ടിട്ടുണ്ടോ ?

ഇവിടെ വരൂ
ശിവകാശിയില്‍ ..

ഇവിടെയുമുണ്ട് കുറെയുണ്ണികള്‍..
അഞ്ചു വയസ്സിന്റെ
കൈവഴക്കവും, വിരല്‍ചെറുപ്പവും
കടലാസു ചുരുളുകളിലും
ഓലച്ചീന്തുകളിലും
നിറച്ചു ജീവിക്കുന്നവര്‍.

നിന്റെ ഉണ്ണിയെ ശാസം മുട്ടിച്ച അതേ ഗന്ധം
അന്നത്തിന്റെ ഗന്ധമായി കരുതുന്നവര്‍.

സംരക്ഷണമെന്നാല്‍ ഇവര്‍ക്ക്,
വെടിമരുന്നുശാലയിലെ
ജോലിക്കിടയിലെ
മിന്നല്‍ ഇടവേളകളില്‍
വാരിവലിച്ചു കഴിക്കുന്ന
തൈരുസാദത്തിനു
മാത്രം തികയുന്ന തുട്ടുകള്‍.

സമ്പാദ്യമെന്നാല്‍
കത്തിത്തീര്‍ന്ന
ഒരു പൂത്തിരി

ജീവിതമെന്നാല്‍
ആരോ മുറുക്കാതെ കെട്ടിയ
ഓലച്ചീന്തുകള്‍ ചിതറി
വെറുതെ ചീറ്റിപ്പോയ
ഒരു ശിവകാശിപ്പടക്കം.

സ്നേഹിതാ
നീ നിന്റെ ഉണ്ണിക്ക്
എത്രാമത്തെ വയസ്സിലാണ്
പൊട്ടിക്കാന്‍ ഏറുപടക്കം കൊടുത്തത് ?
പത്ത് ? പന്ത്രണ്ട് ? പതിനഞ്ച് ?

Monday, September 17, 2012

എന്റെ ഗ്രാമം



വേലിപ്പടര്‍പ്പിലെ മുള്ള്,
കുളക്കരയിലെ സ്നേഹപ്പുല്ല്,
രാസ്നാദിയുടെ നേരിയ മണം,
കഞ്ഞുണ്ണിയിട്ടു കാച്ചിയ എണ്ണ..

ഉണ്ടാവുമിവയെല്ലാമെവിടെയെങ്കിലും 
എന്റെ ബൂട്ടിലും, ജീന്‍സിലും, മുടിയിലും, മുഖത്തും.

തിരിച്ചുപോകുമ്പോള്‍, 
കുടഞ്ഞാല്‍ തെറിക്കുന്ന

കയ്യിലെ പൊടിയാണ്
ഈ നഗരം.

പറിച്ചാലും പോകാത്ത ചങ്കിലെ മുള്ളാണ്
എന്റെ ഗ്രാമം.

Sunday, September 16, 2012

മല കയറുമ്പോള്‍


മല കയറുമ്പോള്‍
മുന്‍പേ നടക്കുന്നവരെ
ഭയക്കേണ്ടതില്ല.
നാമൊരുനാള്‍ 
ഈ മലയുടെ ഉച്ചിയില്‍
കൊടി നാട്ടുമ്പോളേക്കും
അവരില്‍ പലരും
മൈല്‍ക്കുറ്റികളോ

ദിശാസൂചികളോ
വഴിവിളക്കുകളോ
ചരിത്രപുസ്തകങ്ങളോ
ആയി മഞ്ഞണിഞ്ഞു നില്‍പ്പുണ്ടാവും.

പുറകെ വരുന്നവരെയാണ്
പലപ്പോഴും ഭയക്കേണ്ടത്.
നമ്മുടെ ചൂട്ടുവെളിച്ചം കടമെടുത്ത്,
നാം പിന്നിട്ട വഴികളില്‍
അനായാസം നടന്ന്,
പിന്തുടരപ്പെടുന്നവന്റെ
ആധി സമ്മാനിച്ച്,
ചിലപ്പോള്‍ ഒപ്പമെത്താന്‍
നമ്മുടെ പിന്നിയ രോമാക്കുപ്പായത്തില്‍
പിടിച്ചു വലിച്ച്,
വീഴിച്ച്..
ദയ കാട്ടാതെ
അവര്‍ നമ്മെക്കടന്നു പോയേക്കാം.

പിറകില്‍ കണ്ണില്ലാത്തതിന്‍
ഭയം പേറുന്നവരല്ലോ നമ്മള്‍ !

Thursday, September 13, 2012

Haiku Poems

"മാനമിരുണ്ടു.
പോക്കുവെയിലിന്‍ 
മിഴികലങ്ങി."





"കണ്‍തുറന്നാലും 
മായാത്ത സ്വപ്നം നീ,
ഈ വസന്തം പോലെ."






"ഇടറിയ പാട്ട്.
മുളങ്കാടിനുമുണ്ടോ 
ചെറുജലദോഷം ?"






"കൈത്തോടിലേക്കൊരു
ചായക്കോപ്പ മറിച്ചിട്ടു,
പെരുമഴ.





"നിശ്ചലചിത്രമായ്‌ സന്ധ്യ.
കളിച്ചും കിലുങ്ങിയും
പാറിയ കാറ്റെങ്ങു പോയ്‌ ?"







"ഓണപ്പൂക്കള്‍ക്ക്
പ്രകൃതിയുടെ പറക്കുംചുംബനങ്ങള്‍;
ചിത്രശലഭങ്ങള്‍ !"





"ചിങ്ങമാസരാവ്.
ലില്ലിച്ചെടിയില്‍ 
ഒരു ചന്ദ്രനുദിച്ചു"





"മഴയുടെ ശബ്ദം !..
ഹെഡ്ഫോണിന്റെ പഴുതിലൂടെ
എനിക്കത് കേള്‍ക്കാം."







"ഈ അണക്കെട്ടിന് പിന്നില്‍
സമയം നോക്കിയിരിപ്പുണ്ട്‌
ഒരു പ്രളയം."




"പെരുംമഴയിലും 
ഹ്രസ്വജീവിതമധുരം നുണയുന്നു 
ചെറുതുമ്പികള്‍"



"മഴ വന്നുവിളിച്ചപ്പോള്‍
ഇറങ്ങിവരുന്നൂ
മാവിന്‍കൊമ്പില്‍ മയങ്ങിയ കാറ്റ്"


"അരയാലിലകളുടെ മര്‍മരം.
നീയും, ഞാനും ..
ഈ ചാറ്റല്‍മഴയും.."




"കള്ളവണ്ടിന്റെ 
കവിളില്‍ പരാഗം.
നമ്രമുഖിയായ് നില്പൂ മുക്കൂറ്റി."



"വര്‍ണക്കാഴ്ചയൊരുക്കി 
പാറുന്ന ഓണത്തുമ്പികള്‍. 
കലണ്ടറിലെ ചുവപ്പിലെന്‍ കണ്ണുകള്‍."



"മഞ്ഞുമലകള്‍ക്ക് താഴെ
നിന്‍മടിത്തട്ടിലുറങ്ങുകയായിരുന്നു...
ഈ മഴയുണര്‍ത്തും വരെ ."



"കാതുകളില്‍ മഴയൊച്ച.
ദൂരെ ക്ഷേത്രസന്ധ്യാനാമം.
ഏകാന്ത സന്ധ്യ, മോഹനം !"


"സ്വാതന്ത്ര്യം ...
ഈറന്‍പുലരിയില്‍ പാറും
ഇണശലഭങ്ങള്‍ തന്‍ ചുംബനം"



"നിന്റെയാകാശത്തെ 
വെണ്‍മേഘങ്ങള്‍ 
പെണ്ണേ, എന്റെ സ്വപ്നങ്ങളാണ്"



"മാനത്തൊരു പൂര്‍ണചന്ദ്രന്‍.
അവളുടെ നീലമിഴികളിലൊരു
തൂവെണ്ണിലാവ്"


"ജീവിതമൊരു 
പുല്‍നാമ്പിലാടുന്ന ശലഭം.
എങ്കിലുമെത്ര മനോഹരം 



!""നീ കൂടെയുള്ളപ്പോള്‍
കാണുന്ന സ്വപ്നങ്ങളൊക്കെയും
എത്രമേലര്‍ത്ഥപൂര്‍ണം"



" ഓര്‍ക്കിഡ്  പുഷ്പത്തെക്കാള്‍
എനിക്കിഷ്ടം
   കാട്ടുപൂവിനെയാണ്."



"പുലരിയില്‍ വിരിയുന്ന
പൂവിലോരോന്നിലും
നിന്നോര്‍മതന്‍ മകരന്ദം !"







"ഞാനുണര്‍ന്നപ്പോള്‍ 
ഉറങ്ങുകയായിരുന്ന കാറ്റിപ്പോള്‍
ഇലകളിലൂയലാടുന്നു"






"പുല്‍നാമ്പുകളോട് കളിപറഞ്ഞ്
അലസമലയുന്നീ വിഭാതത്തിലൊരു 
വെളുത്ത ശലഭം."






"മേഘങ്ങളിലേറി പറക്കണം.
ഈ ഹരിതഗോളം
തിരിഞ്ഞൊഴുകുന്നത് കാണണം"





"കളഞ്ഞു പോയ കാലവര്‍ഷത്തെ
ആഴങ്ങളില്‍ പരതി
തളര്‍ന്നിക്കാം ഈ വേരുകള്‍ ..."





"മഴയുടെ സ്പര്‍ശമേല്‍ക്കെ
പുഴയില്‍ പുളകവീചികള്‍, 
ഒരു പരല്‍മീന്‍ പിടച്ചില്‍."






"ആര്‍ദ്രശാഖികള്‍ നിശ്ശബ്ദം .
ഒരു നൂല്‍പാലം തീര്‍ക്കുന്ന 
ചിലന്തി."






"ഇരുള്‍വാ തുറന്നൊരു
പുകവമിക്കും ജിഹ്വ.
തുരങ്കത്തിലെ തീവണ്ടി."






"റോസാദലങ്ങളെ 
തഴുകിയുതിരുന്ന സുഗന്ധിമഴ .
മണ്ണിനുമിളം ചുവപ്പ്."






"ഒരു ചിവീട് പാടി.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍
ഇരുട്ടുദിച്ചു."



"മഴ തോര്‍ന്ന നേരം
തൊടിയിടകളില്‍
ശലഭവര്‍ണജാലം"



"ഇളംകാറ്റ്.
ആലിന് 
മാവിന്‍ ചുംബനം."



"കുഞ്ഞിന്റെ കളിവഞ്ചി.
രണ്ടു പൊട്ടനുറുമ്പുകള്‍
യാത്രക്കാര്‍."



"തൊടിയിലെ ചുവന്ന ഇല.
സുന്ദരിയായിരുന്നു,
ഇപ്പോള്‍ വീണു കഴിഞ്ഞിട്ടും..."



"ഇരുണ്ട വൈകുന്നേരത്ത്
ഇലക്ട്രിക് കമ്പിയില്‍
കാക്കകളുടെ വെടിവട്ടം.



"കോട മൂടിയ 
മലയ്ക്കപ്പുറത്തു നിന്നൊരു 
പുകച്ചുരുളുയരുന്നു ."



"ഈ ഈറന്‍ പുല്‍ത്തകിടിയില്‍
എനിക്ക് കൂട്ട്
പുല്‍നാമ്പുകളുടെ മൌനം"



"ഒഴുകും പുഴയില്‍ വീണ്
മഴ നനയുന്നു
കുടചൂടിയ പ്രതിബിംബങ്ങള്‍."



"വഴിവിളക്കിന്‍ ഒളിയില്‍
പളുങ്കുഞാത്തുകള്‍ പോലെ
ഇലകളിലെ മഴത്തുള്ളികള്‍."



"ചളിയില്‍ കുഴഞ്ഞ ഇടവഴി.
വഴിമുടക്കി ഒരു ഭീമന്‍പോത്ത്.
ഒക്കത്തെ കുഞ്ഞിന് ചിരി."



"അകലെ ഒരു തണല്‍മരം .
ദൂരം മനസ്സിലളക്കുന്നു
ഒരു വിവശപഥികന്‍."



"നാടിനെയോര്‍ത്തു കേഴുന്നു
ചിറകറ്റ
ഒരു ദേശാടനക്കിളി"



"പുഴയുടെ മേനിയില്‍
വസൂരിവിത്തുകള്‍ വിതച്ച്
മഴത്തുള്ളികള്‍."



"പാലത്തിലെ രാത്രിമഴ.
മങ്ങിയ സൂര്യകാന്തികള്‍ പോലെ
വഴിവിളക്കുകള്‍."



"മഴയേറ്റു കൂമ്പിയ
പനിനീര്‍പ്പൂവിന് 
വാഴയിലക്കുട"



"നെല്‍വയലിനെ പകുത്ത
ചെമ്മണ്‍ വഴിയറ്റത്ത്
കുടചൂടിയൊരു പെണ്‍കുട്ടി."



"വേനല്‍ച്ചൂടിനെ 
രണ്ടായ് കീറി
പുകവണ്ടിപ്പാച്ചില്‍"



"ഓരോ തുള്ളിയിലും
ഒരു കുഞ്ഞുസൂര്യന്‍.
ചിലന്തിയൊഴിഞ്ഞ വല."



"മഴയത്ത് തുഴയുന്തുന്ന
തോണിക്കാരന്‍
മനസ്സിന്‍ ക്യാന്‍വാസില്‍ ഒരു നിഴല്‍ച്ചിത്രം ."



"എന്തോ പറയാനുദിച്ചോരു സൂര്യന്റെ
ചുണ്ടില്‍ വിരല്‍ വച്ചു
മേഘക്കിടാത്തികള്‍"



"കെ.എസ്.ആര്‍.ടി.സി ബസ്
ഇരുട്ടടച്ച്‌ ഒരു മഴ
ആരോ കര്‍ട്ടന്‍ വലിച്ചിട്ടു, നാശം."



"കാലില്ലാത്തവന്‍ വിറ്റ ലോട്ടറി
കാറിലിരുന്നു വാങ്ങി
ഞാനൊരു മാളിക സ്വപ്നം കണ്ടു."



"പുതിയ വീടിന്
പൊളിച്ച തറവാടിന്റെ
അവയവദാനം"