അന്നത്തെ ഭരണമായിരുന്നു ഭരണം.
മക്കളെ, മരുമക്കളെ
പെങ്ങളെ, അനിയന്മാരെ
അമ്മയെ ഭരിച്ച്
ഏകാധിപത്യപ്പൊന്‍കിരീടം ചൂടി
ഭരിച്ചു രസിച്ച കാലം.
എങ്കിലും
എത്ര നന്നായി ഭരിച്ചാലും
ഭരണകര്‍ത്താവ് എന്നും അടിച്ചമര്‍ത്തുന്നവനും
ഭരിക്കപ്പെടുന്നവന്‍ എന്നും അടിച്ചമര്‍ത്തപ്പെടുന്നവനും തന്നെ.
ഭരണം മോശമാണെങ്കില്‍
പിന്നെ പറയുകയും വേണ്ട !
ഭരണവിരുദ്ധവികാരത്തിന്
എന്നും കീ കൊടുക്കപ്പെട്ടുകൊണ്ടിരിക്കും.
ഭരണം എത്ര നീളുന്നുവോ
അത്രയും ഊര്‍ജമുണ്ടാവും തിരിച്ചടിക്ക്.
അതുകൊണ്ട്,
പിറുപിറുപ്പായും
മുറുമുറുപ്പായും
ആദ്യ എതിര്‍സ്വരമുയര്‍ന്നപ്പോള്‍
അവഗണിക്കാനായില്ല.
ഒരു കൂട്ടുകക്ഷിയെക്കൂട്ടി - ഭാര്യ.
തന്ത്രപരമായി
വിട്ടുകൊടുത്തത്
ഒരേയൊരു
സ്വയംഭരണപ്രദേശം - അടുക്കള.
അടുക്കളവകുപ്പ് മന്ത്രിയെന്നോ...
അടുക്കള റാണിയെന്നോ...
പോര്‍ട്ട്‌ഫോളിയോ അടുക്കളഭരണമെന്നോ ...
എന്താണ് പറയേണ്ടത് ?
എന്തായാലും,
നൂറു ശതമാനം സ്ത്രീസംവരണം.
മോഹനസുന്ദരം !
" പൂരവും കണ്ടു,
താളിയും ഒടിച്ചു."
പക്ഷെ,
ഈ നശിച്ച സൗജന്യവിദ്യാഭ്യാസം !
ആ പഴയ കാലമൊക്കെ പോയി.
ചിലര്‍ക്കെല്ലാം തിരിച്ചറിവായപ്പോള്‍
ഭരണവുമില്ല, പ്രജകളുമില്ല.
സടകൊഴിഞ്ഞ പഴയ സിംഹങ്ങളിപ്പോള്‍
വഴിയരികില്‍ അടുക്കളകള്‍ ഭരിക്കുകയാണ്
ഭരിക്കപ്പെടുകയും...
സടകൊഴിഞ്ഞ പഴയ സിംഹങ്ങളിപ്പോള്‍
ReplyDeleteവഴിയരികില്‍ അടുക്കളകള്‍ ഭരിക്കുകയാണ്
ഭരിക്കപ്പെടുകയും...