Sunday, February 24, 2013

ഒരു സൈക്കിള്‍ നീങ്ങുന്നു...

ഒരു സൈക്കിള്‍ നീങ്ങുന്നു...
ചിതറുന്ന ചിന്തകള്‍ 
പേറും ശിരസ്സുകള്‍
ഇടകലര്‍ന്നൊഴുകുന്ന 
നഗരത്തിരക്കിലൂടൊരു സൈക്കിള്‍ നീങ്ങുന്നു.

"വഴിതരൂ പാവമീയിരുചക്രമിതുവഴിക്കൊരു 
ദോഷചിന്തയുമില്ലാതെ പൊയ്ക്കോട്ടെ"യെന്ന പോല്‍
തെരുവിലൊരു മണിയൊച്ച കേള്‍ക്കുന്നു.

നഗരം, ശിരസ്സുകള്‍, സൈക്കിളും സൃഷ്ടിച്ചു
കൊതി തീര്‍ന്ന ദൈവമൊരു
ചുടുചായ മോന്തിയങ്ങാകാശഗേഹത്തിലമരുന്നു...
ഒരു കോടി മിഴികളാല്‍,
നഗരം ഭരിക്കുവോര്‍
ഇതുവരെക്കാണാതെയൊക്കെയും കാണുന്നു.

തെക്കും, വടക്കും, കിഴക്കും,
പടിഞ്ഞാറുമൊരു കൂട്ടമാളുകള്‍ ജനിക്കുന്നു മായുന്നു.

ചിലര്‍ മാത്രമെന്തിനോ
"സമയമായ്, പോകുവാന്‍ സമയമായെ"ന്ന പോല്‍
മണിയൊച്ച പിന്തുടര്‍ന്നവിടേയ്ക്ക് നീങ്ങുന്നു.

"പശിമാറ്റുവാന്‍ വന്ന ഞാന്‍ പാവ"മെന്നോതി
പിറകിലൊരു പാത്രത്തില്‍ മരണം ചിരിക്കുന്നു.

ഒരു പോസ്റ്റിനുയരത്തിലൊക്കെയും
കണ്ടുകൊണ്ടൊരു ക്യാമറക്കണ്ണു തനിയേ മിഴിക്കുന്നു.

"അതുമെന്റെ കണ്ണു താനല്ലയോ?"
മുകളില്‍ നിന്നൊരു കാതുമറിയാതെയുല്‍പ്രേക്ഷ കേള്‍ക്കുന്നു.
തെക്കും, വടക്കും, കിഴക്കും,
പടിഞ്ഞാറുമൊരു കൂട്ടമാളുകള്‍ മരിക്കുന്നു, മായുന്നു.

എത്ര നീതിയില്ലാത്ത ലോകമാണിത്


നീയിങ്ങനെ
നിന്നെത്തന്നെ വിലകുറച്ച് കാണല്ലേ.

പൊതുവഴിയില്‍,
എരിവെയിലില്‍,
ആളുകള്‍ കൂടുന്നിടത്ത്,
മേല്‍ക്കൂരയില്ലാത്ത വിപണനമേളകളില്‍,
നീയിങ്ങനെ സ്നേഹം വില്‍ക്കാന്‍ വയ്ക്കല്ലേ.

ഒറീഗണ്‍ മാളില്‍,
പൊന്നുംവിലയിട്ട്
നീ നിന്റെ സ്നേഹമൊന്നൊരുക്കി വെച്ചുനോക്ക്

വിലപേശാതെ വാങ്ങാന്‍ വരാം ഞാന്‍...

"എത്ര നീതിയില്ലാത്ത ലോകമാണിത്...
എത്രയധികം പെണ്ണുങ്ങള്‍...,
പക്ഷെ, എത്ര കുറവ് സമയം..."
എന്നെഴുതിയ ടീ-ഷര്‍ട്ടുമിട്ടു കൊണ്ട്.

Sunday, February 17, 2013

short poems


* വേലിക്കെട്ടുകള്‍ *

"ഭൂമിയിതൊന്നേയുള്ളൂ മാനവ-
രക്തത്തിന്‍ നിറമതുപോലെ
എങ്കിലുമനവധി വേലിക്കെട്ടുകള്‍
തീര്‍ത്തു വെറുപ്പു പഠിപ്പൂ നാം."


* കണ്ണാടി *

"പൊട്ടിയുടഞ്ഞുപോയെങ്കിലും
പൊട്ടുകള്‍
തേടിയെടുത്തു ഞാന്‍ സൂക്ഷിപ്പൂ
എന്നിലെയെന്നെ
തിരിച്ചറിഞ്ഞീടുവാന്‍
എന്നെപ്പഠിപ്പിച്ച കണ്ണാടി"

* വസന്തകാലം *

"‎"പൂക്കളേ, വീണ്ടും വരാം"
മെല്ലെയകലുന്നു
കണ്ണീരുവറ്റിയ വസന്തകാലം"



* ഇഷ്ടം *
"
കവിതയെഴുതി
ആളുകളെക്കൊണ്ട്
പാടിപ്പിക്കുന്നതാണോ
നിങ്ങള്‍ക്കിഷ്ടം ?

അതോ..
കവിതയെഴുതി
ആളുകളെക്കൊണ്ട്
പറയിപ്പിക്കുന്നതോ ?
"


* പക്ഷികള്‍ *

"ധാന്യം വിതറൂ...
ഈ സുന്ദരിപ്പക്ഷികള്‍
എത്ര സ്വാര്‍ത്ഥമതികളെന്നറിയാം !"


* മയില്‍ *

"ആണ്‍മയിലേ, മഴവന്നാലും
കാണാനൊരു പെണ്‍മയിലില്ലേല്‍
പീലിയൊതുക്കിയിരിക്കില്ലേ നീ?"
*ഭൂമി*

"ഉള്ളില്‍ പണ്ടേ ചൂടാണെങ്കിലു-
മെത്ര യുഗങ്ങള്‍ സഹിച്ചൂ ഭൂമി.
മെയ്യില്‍ കൂടെ പൊള്ളിച്ചാലിനി-
യെത്ര ദിനങ്ങള്‍ സഹിക്കും പാവം."

Thursday, February 14, 2013

മുത്തശ്ശിക്കഥ


ഇനിയേതു കഥകളാണ്
മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കുക,
അവരുടെ പേരക്കുട്ടികള്‍ക്ക്‌ ?

വീരഗജപുരാണങ്ങളും
ദൈവമാഹാത്മ്യവും
നന്ദനവനബാലലീലകളും
ആയിരത്തൊന്നു രാവുകളും
എല്ലാം പറഞ്ഞുതേഞ്ഞ പഴങ്കഥകളായില്ലേ ?

ഇനി പറഞ്ഞു കൊടുക്കാം കഥകള്‍. ..
റെയില്‍വേട്രാക്കില്‍. പുരണ്ട
ചോരപ്പാടുകളെക്കുറിച്ച്...
ആരും കേള്‍ക്കാതെ പോയ
നിലവിളികളെക്കുറിച്ച് ...
രാജ്യം കൊള്ളയടിച്ച
രാജാക്കന്മാരെക്കുറിച്ച് ...
ജനനേന്ദ്രിയത്തിലെ ലോഹദണ്ഡിനെക്കുറിച്ച്...
അഴുക്കുകൂനകളില്‍. അന്തിയുറങ്ങാതിരിക്കാന്‍.
സ്വയം ആയുധങ്ങളായവരെക്കുറിച്ച്...
വെട്ടി വികൃതമാക്കപ്പെട്ട
വിപ്ലവകാരിയുടെ മുഖത്തെക്കുറിച്ച്...
നിങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞ
ആ രാത്രിയെക്കുറിച്ച്...
അങ്ങനെ അനേകം രാത്രികളെക്കുറിച്ച് ...

മുത്തശ്ശിമാരേ
നിങ്ങള്ക്ക് കഥകള്‍ തുടരാം
ആരും ചെവി പൊത്തില്ല.
ആരും നിറുത്താന്‍ പറയില്ല.

ഹൃദയത്തിന്‍റെ സ്ഥാനത്ത്
ബലമായി തിരുകിവയ്ക്കപ്പെട്ട
ലോഹക്കഷണങ്ങളുമായാണ്
നിങ്ങളുടെ പേരക്കുട്ടികള്‍.               .
ജനിക്കാന്‍. പോകുന്നത്.

Wednesday, February 13, 2013

* പുല്ലുവില *



അയാള്‍ എന്നും പറയുമായിരുന്നു 
സ്നേഹത്തിന് പുല്ലുവിലയാണെന്ന്.

സത്യത്തിന്,
ബന്ധങ്ങള്‍ക്ക്, 
ശത്രുക്കള്‍ക്ക്, 
ആസന്നമായ അപകടങ്ങള്‍ക്ക് 
എല്ലാം പുല്ലുവിലയാണെന്ന്.

പുല്ല് ഒന്നും പറയാറില്ല.
പതിവ് പോലെ മുളയ്ക്കുകയും
ചെറുപൂവുകള്‍ വിടര്‍ത്തുകയും
ചവിട്ടിയരയ്ക്കപ്പെടുകയും
ചെയ്തുകൊണ്ടിരുന്നു.

ജീവിതത്തിന് പുല്ലുവിലയായിരുന്നവന്റെ
ചിത കത്തിത്തീന്നിടത്ത് മുഴുവന്‍
ഇപ്പോഴിതാ വീണ്ടും പുല്ലുമുളച്ചിരിക്കുന്നു...
അതില്‍ ചെറുപൂവുകള്‍ പുഞ്ചിരിക്കുന്നു.

അയാള്‍ മാത്രം പക്ഷെ
ഇപ്പോഴും തിരികെ മുളച്ചിട്ടില്ല.

" ഇതെന്തൂട്ട് തേങ്ങ്യാ ഇഷ്ടാ "

കത്തിക്കാന്‍ ഇന്ധനം തരും
ഉരച്ചുകഴുകാന്‍ ചകിരി തരും
പിരിച്ചെടുത്താല്‍ കയറാവും 
വെട്ടിപ്പൊളിച്ചാല്‍ ദാഹം മാറ്റും
ചുരണ്ടിയെടുത്താല്‍ വിശപ്പ്‌ മാറ്റും
മണ്ണപ്പം ചുടാന്‍ കളിപ്പാട്ടം തരും
കമ്മലുണ്ടാക്കാന്‍ പൊട്ടിത്തരും
എന്നാലും ഞങ്ങള്‍ പറയും
" ഇതെന്തൂട്ട് തേങ്ങ്യാ ഇഷ്ടാ "

Thursday, February 7, 2013

ഞാന്‍ സത്യമായും ആശിക്കുന്നുണ്ട്

നിന്നെക്കുറിച്ചെനിക്കെന്തറിയാം ?
ഇനി ജീവിച്ചിരിക്കുന്ന ഓരോ ദിവസവും 
എണ്ണിവയ്ക്കുമെന്ന് ഊഹിക്കാമെന്നല്ലാതെ...

പിളര്‍ന്നും വളര്‍ന്നും
ചുവപ്പിനെയില്ലാതാക്കുന്ന വെളുത്തകോശങ്ങള്‍ 
നിന്റെ സിരകളില്‍ പെരുകുന്നുണ്ടെന്നല്ലാതെ.

രൂപമില്ലാത്ത മരണത്തിന് 
നിഴലുമുണ്ടാവാനിടയില്ല
അല്ലെങ്കില്‍ നീയതിന്റെ 
നിഴലിലോ, തണലിലോ ആണെന്ന് 
എഴുതിവയ്ക്കാമായിരുന്നു.

മനസ്സില്ലാത്ത മരണത്തിന് 
ദയയുണ്ടാവാനുമിടയില്ല.
കാതില്ലാത്ത മരണത്തിന് 
പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനാവുമോ എന്നുമറിയില്ല.

എങ്കിലും 
കാറ്റ് പിഴുതെറിയാന്‍ നോക്കുന്ന 
തൊടിയിലെ പുത്തന്‍ കിളിക്കൂടിനെ 
വീഴാതെ കാക്കുന്ന പടര്‍പ്പുകളെപ്പോലെ... 

മരത്തില്‍ നിന്നുതിരും മുന്‍പേ 
നീറുകള്‍ കൂടുണ്ടാക്കി രക്ഷിച്ച 
പുളിയിലകളെയെപ്പോലെ ...

താഴിട്ടുപൂട്ടി തീയിലെറിഞ്ഞാലും 
തിരിച്ചു വരുന്ന ജാലവിദ്യക്കാരനെപ്പോലെ ...

നീയിനിയുമുണ്ടാവണമെന്ന് 
ഞാന്‍ സത്യമായും ആശിക്കുന്നുണ്ട് 
പ്രാര്‍ഥിക്കുന്നുണ്ട്.

ഉത്തരം

അതു വേണ്ട, 
ഇതു വേണ്ട, 
അതു ചെയ്യ്‌, 
ഇതു ചെയ്യ്‌.

എപ്പോഴും ഇതൊക്കെയെന്തിനാ
പറഞ്ഞുകൊണ്ടിരിക്കുന്നത് ?
ഇതൊക്കെ എനിക്കറിഞ്ഞുകൂടേ ?

കുറെ നാള്‍ ചോദിച്ചു..
കുറെ നാള്‍ ചിന്തിച്ചു.
ഉത്തരം കിട്ടിയില്ല.

താലി കെട്ടിക്കൊടുത്ത് 
ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ 
ഒരു ഉത്തരം കിട്ടി.

ആ ഉത്തരത്തിനിപ്പോള്‍ 
രണ്ടര വയസ്സായി.

Tuesday, February 5, 2013

short poems


1.

"ഏകനായ് പാടി നടക്കുവോനല്ല ഞാന്‍
ആരും ചരിക്കാത്ത പാതയുമല്ല ഞാന്‍
എങ്കിലുമേതൊരാള്‍ക്കൂട്ടത്തിലും പണ്ടു
കണ്ടു മറന്നതും തേടി നടപ്പു ഞാന്‍

2.

"പാളം കടക്കുവാന്‍ മാര്‍ഗ്ഗമില്ലാതെയി-
ക്കാളും വെയില്‍ച്ചൂടില്‍ ഞാന്‍ നിന്ന വേളയില്‍
ആളുകള്‍ തിങ്ങുന്ന ബോഗി വലിച്ചൊന്നു
ചൂളം വിളിക്കാതെ കാലം കടന്നുപോയ്"

3.

"കടലിനെ
കടലാക്കിയ
മഴത്തുള്ളികളേ...
തോടുകളേ...
പുഴകളേ...
ഓര്‍ക്കുന്നുണ്ടായിരിക്കുമോ
അവള്‍ നിങ്ങളെ ?"

4.

"എന്തിനാ എന്ന് കേള്‍ക്കാതെ വെറുക്കാനും
വേണ്ടടാ എന്ന് കേള്‍ക്കാതെ സ്നേഹിക്കാനും
എവിടെക്കാ എന്ന് കേള്‍ക്കാതെ പോകാനും
എന്താടാ എന്ന് കേള്‍ക്കാതെ സത്യം പറയാനും
പിടിക്കപ്പെടാതെ രണ്ടു നുണ പറയാനും
ഒരു ദിവസം വരുമായിരിക്കും, അല്ലേ ?
അതെ, വരുമായിരിക്കും"

Saturday, February 2, 2013

വീട്

കൈവഴികളായി 
ഈ പുഴ പിരിയുന്നിടത്ത് 
അവര്‍ക്കൊരു വീടുണ്ടായിരുന്നു.

അവള്‍ മോഹങ്ങള്‍ കൊണ്ടും 
അയാള്‍ വാക്കുകള്‍ കൊണ്ടും തീര്‍ത്തത്.

രണ്ടു തോണികളില്‍ 
രണ്ടു ദിശകളില്‍ പിരിയുമ്പോള്‍
അവര്‍ വീടിനെക്കുറിച്ച് 
ഓര്‍ത്തതേയില്ല.

ഇന്ന്
ഏതോ കരകളില്‍
പരസ്പരം കാണാതെയിരുന്ന്
അതിനെക്കുറിച്ചോര്‍ക്കുകയാണവര്‍.

എന്നാല്‍
അതവിടെത്തന്നെയുണ്ടാകുമെന്ന്
അവര്‍ക്കെന്താണുറപ്പ് ?

Friday, February 1, 2013

നീ മടങ്ങുന്നതിനു മുന്‍പ്

നീ മടങ്ങുന്നതിന്നൊരു മാത്രയെങ്കിലും
മുന്‍പേ മടങ്ങാനനുവദിച്ചീടുക

നീയില്ലയെന്നുള്ള ചിന്തയാലാത്മാവു 
ക്രൂരമീലോകത്തു നീറാതിരിക്കുവാന്‍ 

കാണാത്തൊരാകാശലോകമുണ്ടെകിലാ
ദേശത്തു നിന്നെ പ്രതീക്ഷിച്ചിരിക്കുവാന്‍.

വീണ്ടും ജനിക്കുവാന്‍ ഭാഗ്യമുണ്ടാവുകില്‍
നീ ജനിക്കുന്നതും കാത്തിരുന്നീടുവാന്‍

സ്വപ്നങ്ങളില്ലാത്ത നിദ്രയില്‍ കാതില്‍ നിന്‍
വാക്കും നടപ്പും മുഴങ്ങാതിരിക്കുവാന്‍

ആരും വരാനില്ലയെന്നറിഞ്ഞിട്ടുമി-
പ്പാതയിലൊറ്റയ്ക്കു നില്‍ക്കാതിരിക്കുവാന്‍

നിന്‍ കരസ്പര്‍ശങ്ങളേറ്റതാം പുസ്തക-
ത്താളുകളെന്നെയലട്ടാതിരിക്കുവാന്‍

നീ തന്ന സ്നേഹവും, നീ തന്ന നോവുമോര്‍-
ത്തങ്ങനെയേറെയിരിക്കാതിരിക്കുവാന്‍

നിന്‍ പാട്ടു പാടുന്ന പക്ഷിയായ് കാണാത്ത
സ്വര്‍ഗീയശാഖിയില്‍ മുന്പേയിരിക്കുവാന്‍

നീ തിരിക്കുന്നതിന്നൊരു മാത്രയെങ്കിലും
മുന്‍പേ പറക്കാനനുവദിച്ചീടുക.