Friday, May 18, 2012

വൃത്തമഞ്ജരി കളഞ്ഞുപോയ കവി


തിരക്കിനിടയില്‍ എപ്പോളാണെന്നറിയില്ല 
വൃത്തമഞ്ജരി കളഞ്ഞു പോയി
തെരഞ്ഞിട്ടു കാണുന്നില്ല ,
കരഞ്ഞിട്ടു കാര്യവുമില്ല .
കളഞ്ഞു പോയി !

രണ്ടാഴ്ചയായി
കരുത്തുറ്റ വികാരങ്ങളുടെ
നൈസര്‍ഗിക പ്രവാഹം
വൃത്തം തെറ്റിച്ച്
നേര്‍രേഖയില്‍ അങ്ങനെ കിടക്കുന്നു

എഴുതി പകുതിയായത്
കണ്ടവര്‍, കണ്ടവര്‍
"നീ എഴുതിയതെല്ലാം കവലപ്രസംഗങ്ങള്‍"
എന്ന് വിളിച്ചു പറഞ്ഞു

തിളച്ചു വന്ന തെറിവാക്ക്
ചവച്ചു വിഴുങ്ങി
ഒരു സ്മൈലി മുഖത്തിട്ട്
എഴുതാതിരുന്ന് മഷിയുറഞ്ഞ വറ്റിയ
തൂലിക അരയില്‍ തൂക്കിയിട്ട്
ഊശാന്‍താടി തടവി കവി തെല്ലു നേരം ഇരുന്നു

അങ്ങനെയിരിയ്ക്കെ,
ഒരു ബള്‍ബ്‌ കത്തുകയും
ചിന്തകളില്‍ വെളിച്ചം വീശുകയും ചെയ്തു.
അപ്പോളാണ്
ജൂബ അഴിച്ചു വച്ച്
ഒരു ടി-ഷര്‍ട്ട്‌ എടുത്തിട്ട്
അയാള്‍ പുതുകവി ആയത്.

ചുരുട്ടിയെറിഞ്ഞ കടലാസെടുത്ത്‌
വരികള്‍ നിര്‍ദയം അരിഞ്ഞു മുറിച്ച്
താഴേയ്ക്ക് താഴേയ്ക്കടുക്കി
അയാള്‍ കവലപ്രസംഗത്തെ
പുതുകവിതയാക്കി.

വാത്സ്യായനന്‍ എന്ന തൂലികാനാമം
പുല്ലു പോലെ വലിച്ചെറിഞ്ഞ്
സ്വന്തം അപ്പനിട്ട പേര് തന്നെ കവിതയ്ക്ക് താഴെ വച്ചു

അന്ന് തൊട്ട്,
ക്ലീന്‍ ഷേവ് ചെയ്ത്
പാല്‍പുഞ്ചിരി പൊഴിച്ച
കവിയുടെ സ്മൈലി ചിത്രങ്ങള്‍
സാഹിത്യമാസികകളുടെ മുഖചിത്രങ്ങളായി

പഴയ കവലപ്രസംഗം
ഇപ്പോള്‍ അന്താരാഷ്‌ട്ര ക്ലാസ്സിക്‌ ആണെന്ന്
സഹൃദയര്‍ വിളിച്ചു പറഞ്ഞു

പിന്നെ അയാള്‍ക്ക് വൃത്തമഞ്ജരി തെരയെണ്ടി വന്നിട്ടില്ല.

12 comments:

  1. നീ എഴുതിയതെല്ലാം കവലപ്രസംഗങ്ങള്‍" ????? :-(

    ReplyDelete
  2. പഴയ കവലപ്രസംഗം
    ഇപ്പോള്‍ അന്താരാഷ്‌ട്ര ക്ലാസ്സിക്‌ ആണെന്ന്
    സഹൃദയര്‍ വിളിച്ചു പറഞ്ഞു

    ReplyDelete
  3. ഉം ,കൊള്ളാം ,പക്ഷെ പുതു കവിതകള്‍ എഴുതാനുള്ള തന്റേടം കൂടി കാണിക്കൂ ,,പണ്ടും ഷര്‍ട്ടും മാത്രമിട്ടല്‍ പോരല്ലോ

    ReplyDelete
    Replies
    1. പാന്‍റും ടീ ഷര്‍ട്ടും ഇട്ടാല്‍ മാത്രം പോരല്ലോ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

      Delete
  4. ആഹ വളരെ നന്നായിരിക്കുന്നൂ ഈ പുതു കവിത.....

    ReplyDelete
  5. കൊള്ളാം, കൂടുതല്‍ നന്നായെഴുതാനാവട്ടെ..

    ReplyDelete
  6. പുതിയ കവി ജിമ്മിൽ പോകേണ്ടതും അത്യാവശ്യമാണ്..

    ReplyDelete
  7. മനോഹരം, വളരെ ഇഷ്ടായി ചില വരികൾ

    ReplyDelete

Please do post your comments here, friends !