Wednesday, April 18, 2012

കിണറ്റുവക്കത്തെ ആല്‍മരം



കിണറ്റുവക്കത്ത് ഒരു ആല്‍മരമുണ്ട്
ആരാധിച്ചവരുടെ അര്‍ച്ചനകള്‍
അതേ ജലത്തിലേയ്ക്ക് ഏറ്റുവാങ്ങി
വിരിഞ്ഞു നില്‍ക്കുന്ന ഒന്ന്

കിണറിന്റെ വക്കിടിച്ച്
കിണറിന്റെ ശുദ്ധിയിലെയ്ക്ക് വേരിറക്കി
അതിലേയ്ക്ക് ഇലകള്‍ പൊഴിച്ച്
തലയാട്ടി നില്‍ക്കുന്ന ഒന്ന്

തന്റെ നാശം ആഗ്രഹിയ്ക്കുന്നവര്‍
ഒറ്റപ്പെടുമെന്നും
ആരാധിയ്ക്കുന്നവര്‍ അജയ്യരാണെന്നും തിരിച്ചറിഞ്ഞ്
തലയുയര്‍ത്തി പുഞ്ചിരിയ്ക്കുന്ന ഒന്ന്

ഇല വീണു മലിനമായ ജലം
തീര്‍ത്ഥം പോലെ ദിവ്യമെന്നു കല്പ്പിച്ചവര്‍
കുടിവെള്ളം നഷ്ടപ്പെട്ടവരെ ഭക്തരാക്കുന്നത് കണ്ട്
ഊറിച്ചിരിയ്ക്കുന്ന ഒന്ന് !

______________



Poem version

ഗ്രാമക്കിണറിന്റെ വക്കത്തൊ,രാണ്‍മയില്‍ 
പീലി വിരിച്ചപോല്‍ നില്‍പ്പ

ുണ്ടൊരാല്‍മരം
ഭക്തരര്‍ച്ചിക്കുന്ന പുഷ്പങ്ങളോക്കെയും
താഴെക്കിണറിലേക്കേറ്റുവാങ്ങുന്നവന്‍

താങ്ങി നിറുത്തും കിണറിന്റെ വക്കിടി-
ച്ചാ ജലശ്ശുദ്ധിയില്‍ വേരുപടര്‍ത്തുവോന്‍
പാഴിലയോരോന്നു കാറ്റത്ത് വെള്ളത്തില്‍
പാറിവീഴുമ്പോള്‍ തലയാട്ടി നില്‍പ്പവന്‍.

തന്‍ വേരറുക്കുവാന്‍ മോഹിച്ചു നില്‍പ്പവര്‍
നിശ്ശബ്ദരായ് ചുറ്റിലേറെയുണ്ടെങ്കിലും
ആരാധനാപുഷ്പമേന്തുന്നൊരായിരം
കൈകളിലെന്നും സുരക്ഷിതനായവന്‍

പാഴില വീണു കറുത്ത കിണറ്റിലെ
പാഴ്ജലം തീര്‍ത്ഥമാണെന്നു കല്പ്പിച്ചവര്‍
ദാഹിച്ചു കേഴും ജനങ്ങളെ ഭക്തരായ്
മാറ്റുന്ന നേരത്തുമൂറിച്ചിരിപ്പവന്‍

4 comments:

  1. നല്ല കവിത ....നല്ല ആശയം

    ReplyDelete
  2. ആല്‍മരത്തെപ്പറ്റി ഒരക്ഷരം മുണ്ടരുത്....ദ് ഹോളി കൌ

    ReplyDelete

Please do post your comments here, friends !