Tuesday, December 18, 2012

എല്‍.കെ.ജി കുട്ടികള്‍



കുഞ്ഞിത്തെരേസ, മിടുക്കി, കിലുങ്ങി വ-
ന്നമ്മുവിനോട് പറഞ്ഞിടുന്നു
മഞ്ഞക്കളറുള്ള ജീപ്പുണ്ട് വീട്ടില്‍, ഞാ-
നെന്നും കറങ്ങാറുമുണ്ട്, കേട്ടോ.
ഒന്നും പറഞ്ഞീലയമ്മു, അവളെന്തു
ചൊല്ലുവാന്‍ ? വണ്ടികളില്ല വീട്ടില്‍.

കൊച്ചാമിനക്കുട്ടി, മൊഞ്ചത്തി, ചൊല്ലുന്നു
അമ്മുവേ എല്‍.ഇ.ഡി യുണ്ട് വീട്ടില്‍
കാണുമ്പോളൊച്ച കുറയ്ക്കുവാന്‍, കൂട്ടുവാന്‍
ഞെക്കുന്ന യന്ത്രവുമുണ്ടവുമുണ്ട് കൂടെ.
മിണ്ടാതെ നില്‍ക്കയാണമ്മു, അവള്‍ 
ടി.വി. കാണുന്നതങ്ങേലെ വീട്ടിലല്ലേ ?

ശ്രീരഞ്ജിനിക്കൊച്ചു കൊഞ്ചുന്നു, കൂട്ടരേ
ഏ.സിയുണ്ടല്ലോ എനിക്കു വീട്ടില്‍. 
ചൂടില്‍ തണുപ്പും, തണുപ്പത്തു ചൂടുമേ-
റ്റങ്ങനെയെന്നുമുറങ്ങുമല്ലോ.
അമ്മുവിന്‍ നാസികത്തുമ്പിലൊരിത്തിരി
ദേഷ്യം തിളച്ചു തുളുമ്പി വന്നു.

തെല്ലുനേരം കഴിഞ്ഞിങ്ങനെയോതിനാള്‍
"ജീപ്പില്ല, ടിവിയുമില്ല വീട്ടില്‍,
എങ്കിലും വീടിന്റെ മച്ചിലൊരായിരം
വമ്പന്‍ ചിതലുക
ളുണ്ട്, പെണ്ണേ."

ഒറ്റച്ചിതല്‍പ്പുറ്റുമില്ലാത്ത വീട്ടിലെ
കുഞ്ഞുങ്ങളൊക്കെയും മൌനമായി.
കുഞ്ഞിത്തെരേസയും, ശ്രീരഞ്ജിനിക്കൊച്ചു,
മാമിനക്കുഞ്ഞും നിശ്ശബ്ദരായി !

Thursday, December 13, 2012

മടക്കം



ആരു പറഞ്ഞു 
നമ്മളാരും
പ്രകൃതിയിലേക്ക് മടങ്ങുന്നില്ലെന്ന് ?


ചിലരിപ്പോഴും
ചിലന്തികളേപ്പോലെയും ,
തേളുകളേപ്പോലെയും
ഇണയെ തീര്‍ത്തുകളയുന്നുണ്ട്.

ഇണയ്ക്കു വേണ്ടി
ആനകളെപ്പോലെ കൊമ്പുകോര്‍ക്കുകയും
ചെന്നായ്ക്കളെപ്പോലെ കടിച്ചുകീറുകയും
ചെയ്യുന്നുണ്ട്.

എങ്കിലും ഒന്നുണ്ട്...
മറ്റൊരു മൃഗവും
ചിരിയില്‍ വിഷം കലര്‍ത്തി
ഇണയെ ചതിച്ചുകൊല്ലാറില്ല.


പുറത്തല്ലേ
കാടുകള്‍ നശിക്കുന്നത് ?
അകത്തെന്നും
ഒരു ഇരുള്‍വനം വളരുന്നുണ്ട്‌.
പൊന്തകള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന്
ചില തിളങ്ങും കണ്ണുകള്‍
വെളിമ്പ്രദേശങ്ങളിലെ
ഇരകളെ നോട്ടമിടുന്നുമുണ്ട്
ഇണകളെയും !

Monday, December 10, 2012

ചിന്തുപാട്ടുകാരന്‍



പിണ്ടികള്‍ കൊണ്ട് 
തീര്‍ത്തതാം കോവിലില്‍ 
അയ്യരയ്യന്‍ വിളങ്ങുന്നു,
നിന്റെ പാട്ടില്‍ ദീപങ്ങളാടുന്നു.

ശുദ്ധനീര്‍ പോല്‍ 
തെളിഞ്ഞ സ്വരത്തിനാല്‍
തൊണ്ടപൊട്ടി നീ പാടുന്നു,

കാണികള്‍ 

പൊന്‍കുരുത്തോല പോലെയും
പൂമരം കാറ്റിലാടുന്ന പോലെയും
നില്‍ക്കുന്നു.

നാട്ടുപൊന്തയില്‍
കൂട്ടം പിരിഞ്ഞവര്‍
നിന്റെ പാട്ടിന്റെയീണ
വുമൊത്തിതാ 
കോമരം പോലുറഞ്ഞു തുള്ളുന്നു

പന്തലില്‍
കുറ്റിബീഡി മണക്കുന്നു.
നിന്റെ പാട്ട് പിന്നെയും മുറുകുന്നു.

മുക്തി നേടാനോ,
ഭക്തികൊണ്ടോ,
അതോ രണ്ടു നേരത്തെ വറ്റിനോ,
തൊണ്ടപൊട്ടി നീ പാടുന്നു ?

ഉള്ളുടുക്കിന്റെ താളത്തില്‍
ഞങ്ങളെ നൃത്തമാടിച്ച
കൂട്ടുകാരാ..
വാടകച്ചിന്തുപാട്ടുകാരാ..

Monday, December 3, 2012

ഒരു കാത്തിരിപ്പ്‌



തിരികെയിറങ്ങി വരുമ്പോളവളുടെ 
മിന്നും പല്ലുകളെല്ലാമെണ്ണാം 
ചെന്നിറമോലും കവിളുകള്‍
അവയില്‍
കുഞ്ഞു നുണക്കുഴി കാണാം 
രണ്ടും 
മിന്നിമറഞ്ഞു കളിപ്പതു കാണാം,
കണ്ണില്‍ സൂര്യനുദിച്ചതു കാണാം.

കോര്‍ത്തുപിടിച്ച പരുക്കന്‍ കൈയില്‍ 
നെഞ്ചിലെയെതോ 
താളമുതിര്‍ന്നതു,മവളുടെയുദരത്തുടിയും ചേര്‍ന്നത് 
പൊന്‍വെയിലായി മുഖത്ത് നിറച്ചവര്‍
ഗര്‍വിലിറങ്ങി വരുന്നത് കാണാം

കാലിടറാതെ കൈകള്‍ വിടാതെ
രണ്ടു മനസ്സുകളൊന്നായ്ച്ചേര്‍ന്നൊരു 
സുന്ദരസ്വപ്നം പൊലിയും 
പോലപ്പടിയും താണ്ടി മറഞ്ഞത് കാണാം.

ഇനിയൊരുവള്‍, 
അവള്‍ കയറിപ്പോകെ 
കണ്ണില്‍ ചെറുമഴ പെയ് വതു കാണാം
അവളെത്താങ്ങും കൈകളിലവനുടെ 
ചങ്കിലെ വിറയല്‍ പടര്‍ന്നതുമറിയാം 
ഉള്ളില്‍ ചെന്നാല്‍ ചോദിക്കാനായ് 
ഓര്‍ത്തു നടക്കും ചോദ്യങ്ങള്‍ തന്‍
ഭാരമുറഞ്ഞ മുഖങ്ങള്‍ കാണാം.

ഞങ്ങളുമന്നീ മുറിയിലിരുന്നൂ 
ഗൈനക്കോളജി ഡോക്ടറകത്തും
എന്നാല്‍ ഞങ്ങടെ ചിന്ത പകര്‍ത്താന്‍
കണ്ടില്ലാ, ഒരു കവിയെപ്പോലും.

Monday, November 26, 2012

ഉപദേശം





കാണാതിരിക്കുവാന്‍ മോഹിച്ച കാഴ്ചകള്‍
കാണുമ്പൊളുള്ളില്‍  നിരാശയുണ്ടെങ്കിലും
സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങള്‍  ഞാന്‍ കണ്ടതൊക്കെയും
സ്വപ്നങ്ങളെന്നു തിരിച്ചറിയുന്നു ഞാന്‍
___

തെറ്റുകള്‍ തെറ്റുകള്‍ നീ ചെയ്തതൊക്കെയും

തെറ്റുകളെന്നു  പറഞ്ഞു മടുത്തു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള 
തത്ത്വശാസ്ത്രങ്ങളും മാറ്റുവാന്‍ നേരമായ്

രക്തം മണക്കുന്ന വിപ്ലവച്ചേലയില്‍ 
അത്തറടിച്ചു  തെളിഞ്ഞു ചിരിക്കുക
വെള്ളയുടുപ്പിട്ടു പോകുക, ഗാന്ധിസം
കീശയില്‍ നോട്ടായ് ചുരുട്ടി വച്ചീടുക 

രാമനെ കണ്ടു വണങ്ങുക, രാമന്റെ 
നാമത്തില്‍ പള്ളികള്‍ തച്ചുതകര്‍ക്കുക 
കാടത്തമേറിക്കറുത്ത  വികാരങ്ങള്‍ 
താടിവളര്‍ത്തി മറച്ചു വച്ചീടുക 

കഞ്ഞിക്കു വേണ്ടിക്കരയുന്ന കുഞ്ഞിന്റെ
പഞ്ഞം പറഞ്ഞു നീ കീശ നിറയ്ക്കുക
നാറുന്ന വേഷം ധരിച്ച ദൈന്യങ്ങളെ
കാറിലിരുന്നു നീയാശ്വസിപ്പിക്കുക 

എണ്ണിപ്പണം വാങ്ങി സൗധങ്ങള്‍  തീര്‍ക്കുവാന്‍
മണ്ണിന്റെ മക്കളെയാട്ടിയോടിക്കുക 
കത്തുന്ന ചൂടില്‍ വിതച്ചു കൊയ്യുന്നോന്റെ
രക്തമൂറ്റിക്കരിഞ്ചന്തയില്‍ വില്‍ക്കുക

കണ്ണിന്റെ കണ്ണായി നിന്നെക്കരുതുന്ന 
പെണ്ണിന്റെ മാനം വിലപേശി വില്‍ക്കുക
കണ്ണീരൊഴുക്കിക്കരയുന്ന പെണ്ണിന്റെ-
യെണ്ണിപ്പെറുക്കല്‍  ചലച്ചിത്രമാക്കുക

വെട്ടിപ്പിടിച്ചും കുതികാലുവെട്ടിയും 
ചുറ്റുമധികാരപര്‍വങ്ങള്‍ തീര്‍ക്കുക
അന്ധത ചുറ്റും പടരുമ്പോള്‍ കുറ്റങ്ങള്‍
ഗാന്ധിക്ക് , മാര്‍ക്സിനും ചാര്ത്തിക്കൊടുക്കുക

___
തെറ്റുകള്‍ തെറ്റുകള്‍ കാണുന്നതൊക്കെയും
തെറ്റുകളെന്നു  പറഞ്ഞു കുഴഞ്ഞു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള 
തത്ത്വശാസ്ത്രങ്ങള്‍ തിരുത്തുന്നു സോദരാ..

Sunday, November 18, 2012

ഇരുള്‍ വീഴുന്നതിന്‍ മുന്‍പ്



കിഴക്കന്‍ ചക്രവാളത്തിലെ 
മേഘക്കെട്ടുകളില്‍ 
ആരോ തീ കൊളുത്തിയിരിക്കുന്നു.


ദൂരെയാ തീ വെട്ടത്തില്‍
ചിതല്‍പ്പുറ്റുകള്‍ പോല്‍ കാണും
മലനിരകളിലെവിടെയോ നിന്ന്
ചെറുകിളികള്‍ ജനിക്കുന്നു.

എന്റെ എകാന്തതതിലേക്ക്
കിളിപ്പാട്ടുകള്‍ പൊഴിയുന്നു.
എന്റെ നെറുകെയില്‍
ചുംബിച്ചുമല്ലാതെയും
പുലരിക്കാറ്റൊഴുകുന്നു.

ഇപ്പോള്‍,
എനിക്ക് നിഴല്‍ മുളച്ചിരിക്കുന്നു !

നിഴല്‍ മാത്രമുണ്ടെനിക്കെന്നും..
കിഴക്കിനെ കത്തിച്ച ആ തിരിനാളം
മേഘങ്ങളോടോപ്പമൊഴുകി
പടിഞ്ഞാറന്‍ കടല്‍നീലിമയിലലിയും വരെ..

ഇതാ പാതി കത്തിയ
ചുവന്ന മേഘങ്ങള്‍
എന്‍ നേര്‍ക്കടുക്കുന്നു.

കാറ്റെന്റെ മുടിയിഴകളൊതുക്കുന്നു,
കിരണങ്ങളത്‌ വേറെടുക്കുന്നു,
കിളികളതില്‍ പ്രാതല്‍ തിരയുന്നു.

ആയിരം കണ്ണുകള്‍ കൊണ്ട്
ലോകമെന്നെ നോക്കുന്നു.
ആയിരം കണ്ണുകളില്‍
ഞാനെന്നെക്കാണുന്നു.

കിഴക്കോട്ടു നീണ്ടില്ലാതാകും മുന്‍പ്
ഇന്നും പാവം നിഴല്‍ ചോദിക്കുന്നു.

"ഞാനും ഒരു ഒറ്റമരമല്ലേ
നിറമില്ലാത്ത ഒരൊറ്റമരം ? "

ഞാന്‍ നിശ്ശബ്ദം ചില്ലകളാട്ടുന്നു

ഇരുട്ട് വീഴുന്നു..

Tuesday, November 13, 2012

വണ്‍ ടു ത്രീ ലവ്




ഹാ !
പ്രപഞ്ചമാം ആരാമത്തിലെ 
ഒരേയൊരു സുന്ദരപുഷ്പമേ !
എനിക്ക് വേണ്ടി പിറന്നവളേ, 
ശതകോടി സൂര്യപ്രഭയാര്‍ന്നവളേ,
എന്റെ നീയും, 
നിന്റെ ഞാനുമുള്ളപ്പോള്‍
എത്ര സാര്‍ത്ഥകം ഈ ലോകം
വരിക !
നിലാവും, പൂക്കളും,
കിനാവും പൂക്കുന്ന
സ്വപ്ന താഴ്വരകളില്‍
നമുക്ക് ചിറകുകള്‍ പിടിപ്പിച്ചു
ശലഭങ്ങളേപ്പോല്‍ പാറാം !

2.

ഓ !
മഞ്ഞച്ചരടിനാല്‍ കൊരുക്കപ്പെട്ടവളേ,
എന്‍റെതായവളേ,
നമുക്കൊരുമിച്ചു നുണയാം.
മധുവിധുവിന്റെ ഈ ഫലൂഡാമധുരം.
നീയൊന്നു ചേര്‍ന്നിരിക്കൂ
ഈ ശീതീകൃത മുറിയിലെ തണുപ്പില്‍
എന്റെ സിരകളിലെ ചൂടായ് മാറൂ.
ലോകാവസാനം വരെ !

3.

ഹേ.
മിഴികളില്‍ പരിഭവത്തിളക്കം നിറച്ചവളെ
ഭൂതകാലത്തില്‍ ജീവിക്കുന്നവളേ
കനല്‍പ്പുകയേറ്റു വാടിത്തീര്‍ന്നവളേ
ഒരു കടുംകാപ്പിയുണ്ടാക്കൂ !
അതാ കുഞ്ഞുണര്‍ന്നു.
നീയെന്നെ ശല്യപ്പെടുത്താതെ !
ഞാന്‍ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതട്ടെ...