Sunday, June 23, 2013

"ഇരുട്ടി വെളുത്തപ്പോഴേക്കും 
ഇലകള്‍ പൊടിച്ചുവല്ലോ 
ഇന്നലെ മുളച്ച വിത്തിന് "
നിഴല്‍പോലെയൊരു തോണിയുണ്ടു ദൂരെ
തുഴയുന്തി നീങ്ങുന്നിതെന്റെ നേരെ
അതില്‍ ഞാന്‍ മറന്നവരാരുമാകാം
അതില്‍ നീയുമാകാം കിനാവുമാകാം
ഇന്നലെ 
മഴ കിട്ടാതുണങ്ങിയ മരമിപ്പോള്‍
ഇന്നത്തെ സമൃദ്ധിയില്‍ 
വീണുപോയല്ലോ, പാവം.
നടന്നുരഞ്ഞു തീരാറായ 
കാല്‍ക്കല്‍ഭാഗം 
ആദ്യം നിറയ്ക്കണം.

നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ച് 
തളര്‍ന്നു പോയ 
നടുഭാഗം ഇനി നിറയ്ക്കണം

ചിരിവരുത്താന്‍ ശ്രമിച്ച് തോറ്റുപോയ
തലയ്ക്കല്‍ഭാഗം 
അവസാനം നിറയ്ക്കണം

കാല്‍, നടു, തല.
ശരിയായില്ലേ
രൂപം?

വണങ്ങിയും, വളഞ്ഞും, കൂനിയും
മടുത്തവനല്ലേ...
കുറച്ചുനാള്‍ നേരെ നില്‍ക്കട്ടെ അയാള്‍...
പ്ലാവിന്‍ചുവട്ടിലെ
എണ്ണവിളക്കിന്‍ വെട്ടത്തില്‍
കടല്‍ക്കുളിയും കാത്ത്...
നിവര്‍ന്ന് !

Friday, June 14, 2013

കല്ലിലും പുല്ലിലുമുണ്ട് ദൈവം.
കളിമണ്ണിലുമുണ്ട്.

ഉരുട്ടിയെടുക്കണം.

കണ്ണിരിക്കേണ്ടിടത്ത് കണ്ണിരിക്കണം.
കാലിരിക്കേണ്ടിടത്ത് കാലും.

അളവൊപ്പിക്കണം,
ചായങ്ങള്‍ പുരട്ടണം. 
മതി.

ഇരുന്നൂറു രൂപയുടെ മാതാവും
ഇരുന്നൂറു രൂപയുടെ കണ്ണനും
അടുത്തടുത്തിരിക്കണം.

വാങ്ങിവയ്ക്കുന്നതിലാണ് കാര്യമെന്ന്
നമുക്കറിയാം.

എങ്കിലും,
തെരുവോരത്തിരുന്ന്
ദൈവത്തെ കുഴച്ചെടുക്കുന്ന
കുഞ്ഞുങ്ങള്‍ പറയാറുണ്ട്‌...
കണ്‍വെട്ടത്തിരിക്കുമ്പോളല്ല,
വിറ്റുപോകുമ്പോളാണ്‌
നമ്മുടെ ദൈവങ്ങള്‍
വിശപ്പു മാറ്റാറുള്ളതെന്ന്.
ഒന്നൊന്നായി 
ഓരോന്നില്‍ നിന്നഴിഞ്ഞൊഴിഞ്ഞ്
ഇപ്പോള്‍ 
ഈ അവസാന സുഷിരത്തില്‍നിന്നുമൊഴിഞ്ഞുപോകുന്നതിനു മുന്‍പ്, 
നീ ഈ മുളങ്കാടുകളുടെ സംഗീതമായിരുന്നു.

ഓരോ ചില്ലയില്‍ നിന്നുമടര്‍ന്നടര്‍ന്ന്
അവസാനത്തെ ഇലയനക്കവുമില്ലാതാക്കി
പിരിഞ്ഞുപോകുന്നതിനു മുന്‍പ്
നീ ഈ ശാഖിയുടെ പ്രാണനായിരുന്നു.

ഓരോ വൃത്തങ്ങളില്‍ നിന്നുമകന്നകന്ന്
ഓരോ തുള്ളിയില്‍ നിന്നും വേര്‍പെട്ട്
ചലനമില്ലാതാക്കുന്നതിനു മുന്‍പ്
നീ ഈ പുഴയുടെ ഓളങ്ങളിലുണ്ടായിരുന്നു.

ഓരോ കടല്‍ത്തീരങ്ങളും ശൂന്യമാകുന്നതിനു മുന്‍പ്
മേഘങ്ങള്‍ നിശ്ചലമാകുന്നതിനും
അവസാനത്തെ തോണി കരയ്ക്കെത്തുന്നതിനും
അവസാന ശോണിമയും നഷ്ടമാകുന്നതിനും മുന്‍പ്
നീ കൂട്ടും കനിവുമായിരുന്നു.

കാറ്റേ,
സന്ധ്യ പരക്കുന്നതിനു തൊട്ടു മുന്‍പ്
എല്ലാം ഇരുട്ടിലാഴുന്നതിനല്പം മാത്രം മുന്‍പ്
നീ ഈ ഭൂമിയുടെ പ്രണയമായിരുന്നു...

Thursday, June 6, 2013

ആരുമില്ലായ്മയുടെ വേനലില്‍
ഉള്ളു പൊള്ളുമ്പോള്‍
കണ്ണിലൊരു മഴയാവാറുണ്ട് അമ്മ

കുടയെടുക്കാന്‍ മറന്നിട്ടല്ല,
ഇംഗ്ലീഷ് ടെക്സ്റ്റ്‌ മറന്നതിനാണ്
അവനിപ്പോള്‍ വിറയ്ക്കുന്നത് !

പുനര്‍ജ്ജനിക്കാറുണ്ട്
തെക്കേത്തൊടിയില്‍ ചിലര്‍,
ഇലകളും പൂക്കളുമായി !

മൂന്നു വലംവെച്ചു കാറ്റ്
മേഘമണ്‍കുടമുടച്ചു.
പെയ്യട്ടെ, ഇനി തോരുംവരെ !

മയക്കമാണിപ്പോള്‍
മുളങ്കാട്ടിലെയിളം കാറ്റ്.
നിലച്ചിരിക്കുന്നു സംഗീതം !

ഇതുപോലാരും
തൊട്ടറിഞ്ഞിട്ടുണ്ടാവില്ല നിന്നെ.
നമ്മുടെ പഴയ കുളമല്ലാതെ !

അവ്യക്തമാണ് മൈല്‍ക്കുറ്റികള്‍.
ഇനി മുന്‍ഗാമികള്‍ പറയട്ടെ
സഞ്ചരിക്കേണ്ട ദൂരം

വാകപ്പൂ പോലൊരു സന്ധ്യ;
നീയും ഞാനും മാത്രം.
ചുംബിക്കാനിനിയെന്താണു തടസ്സം?

കടല്‍പ്പക്ഷികളകന്നു...
അവനെത്തിയല്ലോ വീണ്ടും,
കടലേ, നിന്‍ കവിള്‍ ചുവപ്പിക്കാന്‍

നമ്മുടെ ഒരേയൊരു
വസന്തമാവാമിത്..
ഞാനും നീയുമുള്ള വസന്തം !

മുത്തശ്ശന്‍ മാവ്.
ഓരോ ഇഞ്ചിലുമുണ്ട്
തലമുറകളുടെ ചരിത്രം

പാവം !
കുട നന്നാക്കാറുണ്ടിവന്‍
പണ്ട് മഴ തോരാത്ത കാലത്ത്..

പുളിങ്കൊമ്പിലൂഞ്ഞാലാടും
ബാല്യമുണ്ടുള്ളിലിപ്പോഴും.
വളര്‍ന്നില്ലിതേവരെ !

എന്‍ ജനലിലൂടെ
ലോകം കണ്ടു ഞാന്‍.
കണ്ടില്ലൊരിക്കലുമെന്നെ.

എങ്ങു പോയ്‌ കുയിലേ?
മധുരമാം വേനല്‍പ്പാട്ടെന്തേ
പാതിയില്‍ നിര്‍ത്തി നീ ?

Tuesday, June 4, 2013

* പുനര്‍ജ്ജനിക്കാറുണ്ട് * by Arun Gandhigram
ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല
അല്ല, 
അതവിടെയുണ്ടായിരുന്നു കാണും 
ഇന്നലെ വരെ ശ്രദ്ധിച്ചിട്ടില്ല;
തെക്കേത്തൊടിയില്‍ ഒരു നെല്‍ച്ചെടി !

ഒരു മുഖവുരയുമില്ലാതെ,
ഒരുപാട് പരിചയമുള്ളതുപോലെ
ഒറ്റപ്പറച്ചില്‍:-
"കണ്ടില്ല, അല്ലേ?
നീ എങ്ങനെ കാണാനാടാ എന്നെ?
എന്തു കാടാണ് എനിക്കു ചുറ്റും !
ഇവിടാരും വരാറില്ലേ?
പോട്ടെ,
തെങ്ങിനു തടമെടുക്കാറുണ്ടോ നീ?
വെള്ളം നനയ്ക്കാറുണ്ടോ ?
നിന്റെ തടി കൂടുന്നുണ്ടല്ലോ! "

പിന്നെ,
നെല്‍ച്ചെടിയുടെ പുറകില്‍ നിന്ന്
ഒരു പതിഞ്ഞ ശബ്ദം.
"അവന്‍ തടിച്ചിട്ടൊന്നുമില്ല...
ചായ കുടിച്ചോ നീ?
ആരാ നിനക്കിപ്പോള്‍ കഥകള്‍ പറഞ്ഞു തരാറ്?
ഓ, അതിനു നീ വല്യ ആളായല്ലോ...
ആരാണ് വൈകീട്ട് ഗോതമ്പു ദോശയും കട്ടനും തരാറ്?
അതോ, അതൊന്നുമില്ലെന്നാണോ ഇപ്പോള്‍? "

ഒന്നും തിരിച്ചു പറഞ്ഞില്ല.

എങ്കിലും അറിയാം എനിക്കവരെ...
ഗോതമ്പു ചെടിയും
തുവരയും, പയറും,
കടലയും, അമരയും
മുതിരയും, ഉഴുന്നുമായി
ഓരോ മഴയിലും,
ഇവിടം വിട്ടുപോകാന്‍ മനസ്സില്ലാതെ,
തെക്കേത്തൊടിയില്‍
അവര്‍ പുനര്‍ജ്ജനിക്കാറുണ്ട്...
തളിരിലകളും എള്ളിന്‍പൂക്കളുമായി !
ഇന്നുമീ നാട്ടുമാവിന്റെ ചില്ലയില്‍
സന്ധ്യയില്‍ വന്നു ചേരുന്നു പക്ഷികള്‍
വന്നുറങ്ങിടാറുണ്ടു പുല്‍ത്തൊട്ടിലില്‍
അന്നു നമ്മെക്കുളിര്‍പ്പിച്ച മാരുതന്‍

തോട്ടുവക്കില്‍ക്കരിങ്കല്‍ക്കലുങ്കിലേ-
യ്ക്കേറെയാരും വരാറില്ലയെങ്കിലും
പോയ കാലത്തിലെപ്പോലെയിപ്പോഴും
പോയിരുന്നിടാറുണ്ടെന്‍ മനസ്സതില്‍

കാടുമൂടിക്കിടക്കും നടവഴി
താണ്ടി നോക്കി ഞാനാമ്പല്‍ക്കുളത്തിനെ
പാവ,മാരെയോ കാത്തുകൊണ്ടിപ്പൊഴും
പായലിന്‍ പുതപ്പേറ്റിക്കിടക്കയാം

കണ്ടുവോ വാകയില്‍ തീ പടര്‍ന്ന പോല്‍
ചെണ്ടുചെണ്ടായ് വിരിഞ്ഞ സുമങ്ങളെ
നമ്മള്‍ പങ്കിട്ട നാളിന്റെയോര്‍മ്മ പോല്‍
നന്മതന്‍ നിലാവേറ്റുയിര്‍കൊണ്ടവ !

പുഞ്ചിരിച്ചുവോ നീ,യെന്തിതിങ്ങനെ
വീണ്ടുമോര്‍ക്കുവാനെന്നു ചോദിച്ചുവോ ?
ഉള്ളിലൂയലാടാറുണ്ടിടയ്ക്കൊരു
പിഞ്ചു ബാല്യം, വളര്‍ന്നില്ലിതേവരെ !

എത്ര ദൂരേയ്ക്കു പോകിലും മന്നിലേ-
യ്ക്കെത്തിടാറുണ്ടു വര്‍ഷം, വസന്തവും
മിത്രമേ, നിന്റെ വാക്കിന്റെയൂഷ്മള-
സത്തയിന്നെന്റെ ഹൃത്തിലെത്തുന്ന പോല്‍ !