* വേനലുണ്ടാകണം*(അരുണ്‍ ഗാന്ധിഗ്രാം)
ഇല്ലാ വസന്തങ്ങ,ളില്ലാത്ത മാരികള്‍
എല്ലാം പെരുപ്പിച്ചു കാട്ടുന്ന മിഥ്യയാല്‍
എല്ലാം മറന്നുല്ലസിക്കുന്നതാം ചിന്ത-
മില്ലായ്മ നീക്കുവാന്‍ വേനലുണ്ടാകണം.
കണ്ണീരുണങ്ങാത്ത പെണ്‍പൂക്കള്‍ പാടുന്നു: -
"വെണ്ണീറില്‍ നിന്നുമുയിര്‍ക്കുവാന്‍, ഞങ്ങള്‍ക്കു
ശങ്കകൂടാതെപ്പുലരുവാ,നാവില്ല-
യെങ്കിലീ വേനല്‍ മരിയ്ക്കാതിരിക്കണം.
കുന്നിടിഞ്ഞപ്പോളിടം പോയ പക്ഷികള്‍
വെട്ടേറ്റു വീണു കിടക്കും തണലുകള്‍
ഇന്നലെ നമ്മളെയൂട്ടിയ പാടങ്ങ-
ളൊക്കെയും ചൊല്ലുന്നു, വേനലുണ്ടാകണം !
വേവലുണ്ടാവണം, കാരുണ്യമില്ലാതെ-
യെല്ലാമറുത്തു മുറിച്ചു നാം നീങ്ങവേ,
നമ്മളെക്കണ്ടു വളരുന്ന മക്കള്‍ തന്‍
കണ്‍കള്‍ തുറക്കുവാന്‍ വേനലുണ്ടാകണം.