Friday, March 29, 2013


* ഈസ്റ്റ്‌ കോസ്റ്റ് ഗാനരചനാ മത്സരം …. 2013 *
Song #2
___________________________________

അമ്പിളി മാനത്തുദിച്ചതു പോലെ പുഞ്ചിരി തൂകി വന്നോളേ
ചമ്പകപ്പൂമണം വാരിച്ചൊരിഞ്ഞിട്ടെന്റെയുള്ളില്‍ നിറഞ്ഞവളേ
തുമ്പുകെട്ടിയ കൂന്തലുമേന്തി വമ്പു കാട്ടി നടന്നോളേ
ഒറ്റനോട്ടത്തിലെന്നെ നിന്‍ മലരമ്പു കൊണ്ടു മുറിച്ചോളേ

(അമ്പിളി മാനത്തുദിച്ചതു പോലെ )

നിന്നെക്കാണുമ്പോള്‍ മാത്രമാണെടി വാക്കുകള്‍ക്കൊരു വൈമുഖ്യം
നിന്നെയല്ലാതെയാരെക്കണ്ടാലുമില്ലെനിക്കു പരവേശം
ഉണ്ടു നിന്നോടു മിണ്ടുവാനൊരു നൂറു കാരിയമെന്നാലും
ചെണ്ട പോലെന്റെ നെഞ്ചിടിപ്പതുകൊണ്ടതൊക്കെ മറന്നേ പോയ്‌

(അമ്പിളി മാനത്തുദിച്ചതു പോലെ )

ലാബിലിന്നു നീ പാഴിലകളെ കീറി നോക്കണ നേരത്ത്
രണ്ടു ക്ലാസ്സിന്റെയിപ്പുറത്തൊരു നെഞ്ചിടിപ്പു നീ കേട്ടില്ലേ
നിന്റെ രൂപവും, നിന്റെ നാമവും കൊത്തിവച്ചൊരു ചങ്കാടീ
നിന്നെക്കാണുമ്പോള്‍ മാത്രമിങ്ങനെ നിന്നിടിക്കണ ചങ്കാടീ

(അമ്പിളി മാനത്തുദിച്ചതു പോലെ )
"

Thursday, March 28, 2013

നേരമിരുട്ടുമ്പോള്‍ വിദ്യാലയം 
കുഗ്രാമത്തില്‍ പിടിച്ചിട്ട 
തീവണ്ടി പോലെ .

വെളുത്ത കുമ്മായമടിച്ച ചുവരുകളില്‍ 
ജനലുകളോരോന്നും രാവിനെക്കാള്‍ 
കറുത്തിരിക്കും.

അകത്തു നിന്നു നോക്കണം.
എങ്കിലേ കാണൂ,
മുകളിലെ ഒരു ജനലില്‍
ചന്ദ്രനുദിക്കുന്നത്...

കാറ്റിന്റെ ഒരു നദിയില്‍
മേഘങ്ങളൊഴുകിപ്പോകുന്നത്...

മറ്റൊരു ജനലില്‍
വൃക്ഷത്തലപ്പുകളില്‍
യക്ഷികള്‍ ചേക്കേറുന്നത്.

താഴത്തെ ജനലില്‍
ആളൊഴിഞ്ഞ കളിക്കളത്തിന്റെ ശൂന്യത.

മറ്റൊന്നില്‍ ദൂരഗേഹങ്ങളിലെ
ഇത്തിരി വെട്ടങ്ങള്‍.

ഇരുട്ടുമ്പോള്‍ മാത്രം തെളിയപ്പെടുന്ന
ചെറുവെളിച്ചങ്ങള്‍.

അവഗണിക്കപ്പെട്ട കാഴ്ചകള്‍.

അനേകം ജനലുകള്‍,
ഒരേ വലുപ്പം.

എങ്കിലും,
സ്ഥാപിക്കപ്പെടുന്ന ഇടങ്ങളാണ്
ജനലുകള്‍ പറയുന്ന കഥകളെ
വ്യത്യസ്തമാക്കുന്നത് !

Monday, March 25, 2013

അരുതാത്തതൊന്നും പറഞ്ഞിട്ടില്ല.
അരുതായ്മ 
തീരുമാനിക്കുന്നതാരാണ് ?

കേള്‍ക്കേണ്ടാത്തതൊന്നും കേട്ടിട്ടില്ല.
കേള്‍വിയുടെ 
ശരി തെറ്റുകളുടെ മാപിനികള്‍ 
ആരുടെ കൈയിലാണ്?

എന്നിട്ടും 
കൊള്ളാന്‍ പാടില്ലാത്തിടത്ത്
വല്ലാതെ കൊണ്ടു.
നോവാന്‍ കെല്പില്ലാത്തിടത്ത്
ഒരുപാട് നൊന്തു.

മോഹങ്ങള്‍ക്ക് കടിഞ്ഞാണിഷ്ടമില്ലാത്തവര്‍ക്ക്
ഹൃദയമൊരു ഭാരമാണ്.

അനര്‍ത്ഥങ്ങളനവധി പഠിച്ച
തലച്ചോറിലോ
സന്മാര്‍ഗ്ഗികള്‍ കൂട്ടമായി വാഴുന്ന
പുറംലോകത്തോ
നഷ്ടസ്വാതന്ത്ര്യത്തിന്റെ ചീളുകള്‍
തേടിയലയുന്നതിലെ മൂഢത്വം
അനുഭവിക്കുകയാണ് ഞാനിപ്പോള്‍.
1.

ഇരുണ്ടു മൂടി വന്നതാണല്ലോ.
ഒന്നു പെയ്തിരുന്നെങ്കില്‍ 
നീ മറച്ചുവെച്ച 
ചിരിക്കുന്ന സൂര്യനെക്കാണാമായിരുന്നല്ലോ.
ഏതു കാറ്റാണ് 
ഈ മൂടിക്കെട്ടലിനെ പറത്തിക്കളഞ്ഞത്?
ഇനി വീണ്ടും കാണേണ്ടി വരില്ലേ
ഈ ജ്വലിക്കുന്ന വേനല്‍സൂര്യനെത്തന്നെ?
വേനലിപ്പോഴും കത്തി നില്ക്കുകയല്ലേ?
പതുക്കെയെങ്കിലും 
ഒന്നു പെയ്യാമായിരുന്നല്ലോ !

2.


ഭൂതകാലത്തിന്‍ മണല്‍പ്പരപ്പില്‍ പണ്ടു
നാം നമുക്കായിക്കുറിച്ചിട്ടതൊക്കെയു
കാണുക, സാഗരനീലിമയായ് വീണ്ടു-
മോര്‍മ്മപ്പെടുത്തുവാനെത്തുകയാണിതാ


3.

മുള്ളു കൊണ്ടപ്പോഴും വേദനിച്ചു
മുള്ളിരുന്നപ്പോഴും വേദനിച്ചു 
മുള്ളു പറിച്ചു കളഞ്ഞ നേരം 
മുള്ളിന്റെയോര്‍മ്മയില്‍ വേദനിച്ചു

4.


കര്‍ത്താവില്ലാത്ത സാഹചര്യങ്ങളിലാണ് 
ഏറ്റവും കൂടുതല്‍ ദുഷ്പ്രവൃത്തികള്‍ നടക്കുക. 
"അയാള്‍ വധിക്കപ്പെട്ടു." 
"ബാങ്ക് കൊള്ളയടിക്കപ്പെട്ടു." 
കര്‍ത്താവുണ്ടോ?
ഇല്ല!


5.

കൊടും വേനലിലും ചിലര്‍
തണുത്തിരിക്കുന്നതു കൊണ്ടല്ലേ 
ഭൂമിക്കിത്ര പൊള്ളുന്നത്?

6.


കാത്തിരിക്കുന്ന ദിവസങ്ങളില്‍ നിന്ന് 
കാണാനൂലുകള്‍ പുറപ്പെടാറുണ്ട്.
പ്രതീക്ഷയും 
ഗൃഹാതുരത്വവുമായി 
അവ നിരന്തരം വലിച്ചടുപ്പിക്കാറുണ്ട്...
ചെന്നെത്തും വരെ മുന്നോട്ടും
തീര്‍ന്നു പോകുമ്പോള്‍ പിന്നോട്ടും.

Thursday, March 14, 2013


"
‎*** ഈസ്റ്റ്കോസ്റ്റ് ഫാമിലി ക്ലബ് ഗാനരചനാ മത്സരം-2013 ***

ചെമ്പരത്തിയല്ലെടി പെണ്ണേ എന്റെ കരളാണേ
പെണ്ണേ, നിന്റെ മൊഞ്ചില്‍ മയങ്ങി ഞാന്‍ കാഴ്ചയായ് തന്നതാണേ
പൊന്നിന്‍ വളയല്ലെടി കയ്യില്‍ കുപ്പിവളകളാണേ
പെണ്ണേ, നിന്റെ കൈയോളം മിന്നണ പോന്നുണ്ടോ പുന്നാരേ.

(ചെമ്പരത്തിയല്ലെടി പെണ്ണേ ...)

കോവിലിലെ ദേവിയെക്കണ്ടാലുമുള്ളു നിറയില്ലെടീ
പെണ്ണേ നിന്റെ പുഞ്ചിരി കണ്ടാലോ നെഞ്ചില്‍ പെടപെടപ്പ്‌
പഞ്ചാരവാക്കല്ലെടി കണ്ണേ, ഉള്ളിലെ നോവാണേ
പഞ്ചായത്തു റോഡിലിപ്പാവത്തെയൊറ്റയ്ക്കു നിര്‍ത്തല്ലേ

(ചെമ്പരത്തിയല്ലെടി പെണ്ണേ ...)

എന്നുമെന്നുറക്കത്തില്‍ സുന്ദരസ്വപ്നമായ് വന്നോളേ
എന്നുമെന്‍റെ ജീവിതത്തിന്റെയര്‍ത്ഥമായ് നിന്നോളേ
സ്വപ്നത്തില് ഞാന്‍ കണ്ട വീട്ടില് നീയുണ്ട് പെണ്ണാളേ
സ്വപ്നം വിട്ടു നീയെന്റെ കൂടെപ്പോരുമോ പെണ്ണാളേ
പൊന്നുകൊണ്ടു മാളിക തീര്‍ക്കുവാനാവില്ലയെന്നാലും
നിന്റെ ചിരി മായാതെ കാക്കാം ഞാന്‍, കണ്ണീരുവീഴാതെ !

(ചെമ്പരത്തിയല്ലെടി പെണ്ണേ ...)
"

1.

"കൊടും വേനലിലും ചിലര്‍
തണുത്തിരിക്കുന്നതു കൊണ്ടല്ലേ
ഭൂമിക്കിത്ര പൊള്ളുന്നത്?"

2.

"
‎"നിങ്ങളെനിക്കു പെണ്ണു തരുമായിരുന്നോ?"
ഹൃദയമില്ലാത്തവരെ പേറി
കണ്ണുകാണാത്ത തീവണ്ടികള്‍
തലങ്ങും വിലങ്ങുമോടുന്ന
റെയില്‍പ്പാളത്തിനടുത്തു നിന്ന്
ചോരപുരണ്ട വേഷം ധരിച്ച
ഒരൊറ്റക്കയ്യന്റെ ചോദ്യം.

"മനുഷ്യനായി കഴിയാന്‍ മണ്ണു തരുമായിരുന്നോ?"
സമയമില്ലാത്തവരുടെ നഗരത്തില്‍
ചിന്ത മരിച്ച മനസ്സുകള്‍ പോലെ
തളംകെട്ടിയ മാലിന്യച്ചാലിനു മുകളില്‍
പന്നികളോടൊപ്പം ജീവിക്കുന്ന ചെറുപ്പക്കാരുടെ ചോദ്യം.
കൈയില്‍ രക്തമിറ്റുന്ന ഇരുമ്പുദണ്ഡിന്‍റെ തിളക്കം.

"ഇണചേരാന്‍ സ്വന്തമായി ഒരു മൃഗത്തെയെങ്കിലും?"
നാടെന്നും വീടെന്നും
ബന്ധമെന്നും കരുണയെന്നും കേട്ടിട്ടില്ലാത്തവന്‍
ബാല്യം വിടാത്ത ഒരു ഞരക്കം പോലെ
കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ചോദ്യം.

ക്രൂശിതനായ അസമത്വത്തിന്റെ
പ്രതീകാത്മകമായ കോലങ്ങളും പേറി
ചില ചോദ്യങ്ങള്‍ ജാഥയായി വരാറുണ്ട്.

ഈ ബഹളങ്ങള്‍ക്കിടയില്‍
നമ്മളൊന്നും അതു കാണാറില്ലെന്നേയുള്ളൂ.

"വരിയുടയ്ക്കണോ അതോ തൂക്കിക്കൊല്ലണോ"
എന്ന വിഷയത്തില്‍
ചര്‍ച്ച നടത്തുകയാണല്ലോ ഇപ്പോളും നമ്മള്‍.
"


3.

"നാടകം തീര്‍ന്നു,
തിരശ്ശീല വീണതിന്‍
മുന്‍പിലിരിക്കും ജനങ്ങളേ
നിങ്ങള്‍ തന്‍ നാടകക്കാഴ്ച കഴിഞ്ഞുവെന്നാകിലും
ഇത്തിരശ്ശീലയ്ക്കു പിന്നില്‍ നടിപ്പവര്‍ക്കെത്രയോ
വേദികള്‍ ബാക്കിയാണിപ്പൊഴും"

4.

നിന്റെ മനസ്സിലെ വീട്
ഞാന്‍ എന്നിറക്കി വയ്ക്കും
നമ്മുടെ മണ്ണിലേക്ക് ?"

5.

"‎"ഇന്നെന്തു ദുരിതമാണെന്റെ
ദേഹത്തു നീ ചുട്ടികുത്തീടുവാന്‍ പോകുന്നതെ"ന്നൊരു
ചോദ്യം തൊടുത്തപോല്‍
അച്ചടിയന്ത്രത്തിന്‍ കീഴെ മലര്‍ന്നു കിടപ്പൂ
വിതരണം ചെയ്യപ്പെടേണ്ട കടലാസു ചീന്തുകള്‍"

6.

ഓരോ നിലാവും ചിരിച്ചു മായുമ്പൊഴും
ഓരോ വചസ്സും പറഞ്ഞു തീരുമ്പൊഴും
നമ്മളില്ലാത്തതാം ലോകത്തിലേക്കൊരു
നവ്യമാം വാതില്‍ തുറക്കുകയാണു നാം."

Monday, March 4, 2013

കൂട്ടുകാരാ 
കറുപ്പുശീലയുള്ള കുടകള്‍ മാത്രമുണ്ടായിരുന്ന കാലത്ത്
വെളുത്ത ഷര്‍ട്ടിനെ കുഞ്ഞുമേനിയിലൊട്ടിച്ച 
കനത്തമഴയും നനഞ്ഞു നീയെത്തുമ്പോള്‍
ക്ലാസ് മുറിയുടെ രണ്ടാം ബെഞ്ചില്‍
നിനക്കായെന്ന പോലെ സ്ഥലമൊഴിച്ചിട്ട്
പകപ്പോടെ മഴയേയും, നിന്നെയും,
എല്ലാവരേയും നോക്കി
വിറച്ചിരിക്കുകയായിരുന്നു ഞാന്‍.

അങ്ങനെത്തന്നെയായിരുന്നിരിക്കണം
മുറിയിലെ കുഞ്ഞുകൂട്ടുകാരും
ജൂണ്‍മഴയും.

അപരിചിതത്വവും, മൗനവും അലിയിച്ച്
ദിനങ്ങള്‍ കൊഴിഞ്ഞപ്പോള്‍
റബറും, കട്ടറും പൊടിപ്പെന്‍സിലും കൈമാറി
നെയിംസ്ലിപ്പും, സ്റ്റിക്കറും പോലെയൊട്ടി
രണ്ടാം ബെഞ്ചില്‍ ഇടമുറപ്പിച്ചതല്ലേ
നമ്മുടെ സൗഹൃദം.

മഴയിലും, മഞ്ഞിലും,
വെയിലിലും നനഞ്ഞ അക്കാലമല്ലേ
നഖം കടിച്ചും
കുഞ്ഞുമേശയില്‍ വരഞ്ഞ ചിത്രങ്ങളായും
റഫ് ബുക്കിലെ കടലാസുചുരുളുകള്‍ പോലെ പറന്നും
ഉള്ളംകൈയിലെ ചൂരല്‍പാടായും
പരീക്ഷകളായും
ഓരോ മണിക്കൂറിലും കടന്നുപോയത്...

ആ ഓര്‍മ്മകള്‍ തന്നെയല്ലേ
കാതങ്ങള്‍ക്കപ്പുറത്ത് ജീവിച്ചിട്ടും
നമുക്കിടയിലെ ദൂരത്തെ അലിയിച്ചുകളയുന്നത്....
പൈസക്കു പകരം
പണ്ട് നോട്ടുബുക്കിന്റെ നടുപേജു കീറിക്കൊടുത്ത്
നമ്മള്‍ വാങ്ങാറുള്ള
പഞ്ഞി മിട്ടായി അലിയാറുള്ളതു പോലെ.
നടന്നുവന്ന വഴികളില്‍ 
ഉള്ളുടക്കിയ കുറെ നല്ല ഓര്‍മ്മകളും...
തിരികെയൊന്നും ചോദിക്കാതെ, 
കൈവിടാതെ കൂടെ വന്ന സ്നേഹവും
നടക്കാനിരിക്കുന്ന വഴികളില്‍ 
നമുക്കിനിയുമെന്തോ 
നല്ലതു കാത്തിരിപ്പുണ്ടെന്ന
വെറും പ്രതീക്ഷകളുമില്ലായിരുന്നെങ്കില്‍
എത്ര നാള്‍ കൂടി 
തുടരുമായിരുന്നു നമ്മള്‍
ഈ ലകഷ്യമറിയാത്ത യാത്ര...