Tuesday, October 15, 2013

നമ്മുടെ ഒരു കൂട്ടുകാരന്റെ കഥ . പേരു പറഞ്ഞാല്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ഭയത്താല്‍ ശരിക്കുള്ള പേരു പറയുന്നില്ല. കഥയില്‍ നമുക്കവനെ രാജു എന്നു വിളിക്കാം. 

കമ്പനിയുടെ വാര്‍ഷിക ദിനം. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മദ്യ സല്ക്കാരമുണ്ട്. ഓരോരുത്തരും കുടിക്കുന്ന അളവ് ശ്രദ്ധിക്കാനും, കൂടുതല്‍ കുടിക്കുന്നവരെ പിന്തിരിപ്പിക്കാനും, ആവശ്യത്തിനു മാത്രം എല്ലാവര്‍ക്കും ഒഴിച്ചു കൊടുക്കാനും അന്നത്തേക്ക്‌ രാജുവിനു ചുമതല നല്കപ്പെട്ടു. അതു കഴിഞ്ഞാല്‍ വിവിധയിനം പാമ്പുകളെ വീടുകളില്‍ കൊണ്ടുവിടേണ്ട ചുമതലയും കമ്പനി രാജുവിനെ ഏല്പ്പിച്ചു. നമ്മുടെ രാജു ഉത്തരവാദിത്വത്തോടെ എല്ലാ ചുമതലകളും ഏറ്റു.

പക്ഷേ വെള്ളമടിപ്പാര്‍ട്ടി തുടങ്ങിയതും അവനെല്ലാം മറന്നു. ഒഴിച്ചുകൊടുക്കുന്ന രണ്ടു പെഗ്ഗിന് ഒരു പെഗ് എന്ന നിലയില്‍ പുള്ളി നിന്നു വീശി. അവസാനം പാര്‍ട്ടി കഴിഞ്ഞ് ചേരകളെയും, നീര്‍ക്കോലികളെയും കയറ്റി നമ്മുടെ കഥാനായകനായ രാജുവെമ്പാല വണ്ടിയെടുത്തു. ആരുടെയോ ഭാഗ്യം കൊണ്ട് ചെറുപാമ്പുകളെ എല്ലാവരെയും കൃത്യമായി വീടെത്തിച്ചു.

അവസാനത്തെ വീടിന്റെയങ്ങോട്ട് ഒരു ചെറിയ ഒരിടവഴിയാണ്. അവസാനത്തെയാളെ വീടിന്റെയടുത്ത് ഇറക്കി. തിരിച്ചുവരാന്‍ വണ്ടി തിരിക്കണം. മുന്നോട്ട് ഒരു 10 മീറ്റര്‍ പോയാല്‍ വണ്ടി തിരിക്കാം. പിന്നോട്ടാണെങ്കില്‍ ഒരു 100 മീറ്ററോളം പോരണം. പക്ഷേ അകത്തു കിടക്കുന്ന സാധനം (അടിപ്പന്‍ കോക്ക്ടൈല്‍) പിന്നോട്ട് പോകാനാണ് ജിപിഎസ് മെസ്സേജ് കൊടുത്തത്.

പിന്നെ ഒന്നും ചിന്തിച്ചില്ല. വണ്ടി റിവേഴ്സ് എടുത്തു. പോരുന്ന വഴിയിലുള്ള എല്ലാ പോസ്റ്റുകളിലും, അവിടെ വഴിയില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന ഒരു ആള്‍ട്ടോ കാറിലും വണ്ടി തട്ടിയതൊന്നും ജി പി എസ്സില്‍ തെളിഞ്ഞില്ല. അഞ്ചിഞ്ചു കനമുള്ള ഒരു കട്ടിയിരുമ്പ് ക്രാഷ്ഗാര്ഡ് ഉണ്ടായിരുന്നു ആ പഴയ സിയറ കാറിന്.

നടന്നതൊന്നുമറിയാതെ നമ്മുടെ രാജു പാര്‍ട്ടിസ്ഥലത്തേക്ക് തിരിച്ചെത്തി. വണ്ടിയുടെ വരവില്‍ പന്തികേട്‌ തോന്നിയ ആരോ ചെന്ന് വണ്ടി പരിശോധിച്ചു. ഒന്നു തൊട്ടപ്പോളേക്കും ഇടികൊണ്ട്‌ മുറിഞ്ഞ ക്രാഷ്ഗാര്‍ഡ് ഊരി പരിശോധകന്റെ കയ്യില്‍പ്പോന്നു.

രാജു ചാടിയിറങ്ങി അലറി.

"ഏതു മറ്റവനാടാ ക്രാഷ്ഗാര്‍ഡ് ഒടിച്ചെടുത്തത് ? ഞാന്‍ പോയെന്നു കരുതി ബോധംകെടും വരെ വെള്ളമടിച്ചോടാ?

അഞ്ചിഞ്ചു കനമുള്ള ആ ഇരുമ്പു ക്രാഷ്ഗാര്‍ഡുമായി നമ്മുടെ പാവം പരിശോധകന്‍ സ്വന്തം ബൈസെപ്സിലേക്ക് നോക്കി വിശ്വാസം വരാതെ നിന്നു !

No comments:

Post a Comment

Please do post your comments here, friends !