Thursday, October 3, 2013

അക്ഷരഭൂമി'യുടെ കവിതാമത്സരത്തില്‍ സമ്മാനം നേടിയ കവിത)

നാലുചുറ്റും നഗരം വളര്‍ത്തുന്ന 
കല്‍ച്ചെടിത്തണല്‍ മാത്രമാണെങ്കിലും
നാളുതെറ്റി വിരിഞ്ഞ പൂ പോലെന്റെ 
ഗ്രാമമെത്തിടാറുണ്ടിള്ളിലിപ്പൊഴും

മഞ്ഞണിഞ്ഞ പുലരിയില്‍, സൂര്യന്റെ 
മഞ്ഞവെട്ടം തെളിച്ച മുക്കുറ്റിയില്‍, 
ഓണമായെന്നുണര്‍ത്തുന്ന തുമ്പയില്‍ 
ഉള്ളിലെക്കുഞ്ഞു പോകലുണ്ടിപ്പൊഴും

പാതിവേനലില്‍ ആദ്യമായ് പെയ്തിടും
മാരിയില്‍ തോടുണര്‍ന്നപ്പൊളൊക്കെയും
എങ്ങു നിന്നോ വരുന്നതാം വെള്ളിമീന്‍
കുഞ്ഞുകൂട്ടങ്ങള്‍ പോലെയാണോര്‍മ്മകള്‍.

നാട്ടിടവഴിപ്പാതിയില്‍ നോവിന്റെ
ആദ്യ റോസാദളത്തിന്റെ ശോണിമ
നാട്ടുമാവിന്റെ ചില്ലയിലിപ്പൊഴും
കാണും ഊഞ്ഞാല്‍ വരഞ്ഞതിന്‍ പാടുകള്‍

പിന്നെയുണ്ടൊരു ചെമ്പകപ്പൂമണം,
പൂവിരുന്ന മുടിയിഴ, സൈക്കിളിന്‍
ബെല്ലടിക്കുന്ന ശബ്ദം, പ്രതീക്ഷകള്‍,
പിന്നെ വായനാശാല തന്‍ മൂകത.

No comments:

Post a Comment

Please do post your comments here, friends !