Thursday, May 31, 2012

തീവണ്ടി യാത്ര

ആദ്യ ജോലി.
പ്രതീക്ഷയുടെ ചൂളംവിളി.
തീവണ്ടിയുടെ ശബ്ദത്തേ
ക്കാളുച്ചത്തില്‍ നെഞ്ചിടിപ്പ്.

കണ്ണുകലങ്ങി അമ്മ
മുഖം തരാതെ അച്ഛന്‍.
യാത്ര പറയുമ്പോള്‍ ഇടറിയത്‌ ആരുടെ സ്വരമായിരുന്നു ?

ആദ്യ തീവണ്ടി യാത്ര
ആള്‍ക്കൂട്ടത്തിലെ ഏകാന്തത.

സ്ലീപ്പര്‍ കോച്ചിന്റെ മേല്ത്തട്ടുകളിലെ ബാഗുകളില്‍ 
പലരുടെയും 
ഉറ്റവരുടെ മിടിയ്ക്കുന്ന ഹൃദയങ്ങള്‍.
അച്ഛന്‍ വാങ്ങിക്കൊടുത്തത്, 
അമ്മ പൊതിഞ്ഞയച്ചത് 
കൂട്ടുകാര്‍ സ്നേഹത്തോടെ എല്പ്പിച്ചത്. 

പല ഭാഷകള്‍,
പല വേഷങ്ങള്‍,
പല വികാരങ്ങള്‍.

എല്ലാവരും കാഴ്ചകള്‍,
എല്ലാവരും കാഴ്ചക്കാര്‍.

വാതില്‍പ്പടിയില്‍ നിന്ന് കണ്ട കാഴ്ചകളില്‍ 
എല്ലാം പുതുമ.
എനിയ്ക്ക് മുന്നേ പോയവര്‍
എപ്പോഴോ കണ്ടുകഴിഞ്ഞ കാഴ്ചകള്‍ !

യാത്രാവസാനം, 
പ്രതീക്ഷയുടെ നഗരവീഥികളില്‍,
അമ്മയുടെ കണ്ണീരലിഞ്ഞ സ്നേഹവും,

അച്ഛന്റെ സാമീപ്യത്തിന്റെ സുരക്ഷിതത്വവും,
സുഹൃത്തുക്കളുടെ നിസ്വാര്‍ത്ഥതയും,
ഓര്‍മ്മകളിലുണ്ടാവും, തുണയായി.


ജീവിതം. 
അപരിചിതരോടൊത്തുള്ള
ഒരു തീവണ്ടിയാത്ര.
ഉറ്റവരുടെ സ്നേഹം ബാഗുകളിലടുക്കി വച്ച്
യാത്ര തുടരുന്നു നാം.

_____

Translation by Balram Cheruparambil

Balram's facebook profile

The train journey
_______________


The first job,
Hope whistles loud,
Drowning the train's sound, 

My heart does pound.

My mother with red rimmed eyes,
My father avoiding my eyes,
While bidding me goodbye,
Whose voice was shaky and throat dry?

My very first train ride,
All alone in the crowd, I sit on the side.

Sleeper coach , top tier filled with bags,
Bags that with the hearts of loved ones sags,
Gifts that your father bought,
That from your mother wrapped in love you got,
Your friend's presents chosen after careful thought,
Its a treasure trove with emotion fraught.

Differing tongues ,
Differing attires,
Differing emotions.

Spectacles all,
Spectators all.

I see sights brand new through the open door,
But many eyes have seen these views before.

The journey's end,
City streets where hope wings lend ,
Mother's tearful love, father's protection strong,
Friends selflessness will in my memory throng,
Keeping me company for ever so long,
Ensuring that nothing goes wrong.

Life - a train journey with strangers all around,
Where new experiences and vistas does abound,
Bags filled with love from dear ones left behind,
We keep traveling new stations to find.

Wednesday, May 23, 2012

ചെറുകവിതകള്‍



താഴത്തെ പാവം ഇലയ്ക്ക്

ജലദാനം ചെയ്യുന്നു


മുകളിലെ ധനികന്‍ ഇല

_______________________



മഴ


വര്‍ണിച്ചാല്‍ തീരാത്ത


സുന്ദരിപ്പെണ്ണ്


_______________________


പിരിഞ്ഞിരിയ്ക്കുന്ന കാമുകന്റെ


നിനച്ചിരിയ്ക്കാത്ത ഫോണ്‍വിളി പോലെ


ഈ വേനല്‍ മഴ.


____


_______________
മഴത്തണുപ്പില്‍ വിറച്ച്‌


എന്‍റെ കാല്‍പാദങ്ങളില്‍ മുട്ടിയുരുമമുന്നു 


അമ്മയെപ്പിരിഞ്ഞ ഒരു കുഞ്ഞുപൂച്ച


_______________________




ആളില്ലാക്കുന്നിന്‍ മുകളില്‍


വെയില്‍ കായുന്ന ഒരു ക്ഷേത്രം .


തീവണ്ടിക്കാഴ്ച.


_______________________  


മണ്‍കുടുക്കയില്‍


ചില്ലറ പരതുന്ന കുഞ്ഞുങ്ങള്‍ . 


വിടവുകളിലൂടെ സൂര്യരശ്മികള്‍ !


_______________________


മാവ് വീണു .


മതിലു തകര്‍ന്നു .


മത്തന്‍ പോയില്ല, നല്ല കാര്യം !


_______________________ 


സന്ദര്‍ശകരിലേയ്ക്ക് 


കഴുകന്റെ പ്രത്യാശാകടാക്ഷങ്ങള്‍ .


ആത്മഹത്യാ മുനമ്പ് !


_______________________


Reflecting my tastes


My Facebook wall


Now looks like a poets' conference hall.


_____
__________________  

മഴപ്പന്തുകളി 



ജയിച്ചു വീട്ടിലെത്തിയവന് 


ചെവിയ്ക്ക് കിഴുക്ക്‌


_______________________ 


മഴയില്‍ തെന്നിയ വണ്ടി.


അരഞ്ഞു ചത്ത പൂച്ചയെ ഒന്ന് നോക്കി,


ഞാന്‍ ബസ്‌യാത്രയിലെ പത്രം വായന തുടരുന്നു




_______________________


Heavy Rain.


Rusty Windscreen wiper.


I see the road as the rain wishes.


_______________________


തളര്‍ന്നുറങ്ങുന്നവന് തണലായി


നന്മ മരിയ്ക്കാത്ത


ഒരു മുത്തശ്ശിയരയാല്‍




_______________________


ഉണ്ണിയുടെ കണ്‍വെട്ടത്ത് പറന്നിട്ടും


കയ്യെത്തിപ്പിടിയ്ക്കാനാകാത്ത 


അപ്പൂപ്പന്‍താടികള്‍




_______________________


ചൂടില്‍ തോടു പൊട്ടി


ഒഴുകിപ്പറക്കുന്ന പഞ്ഞി.


ഊതിപ്പറത്തുന്ന കുഞ്ഞ്


_______________________




മുട്ടോളം വളര്‍ന്ന


പുല്ലുകള്‍ക്കിടയില്‍


ഒരു തുരുമ്പിച്ച കൈക്കോട്ട്




_______________________


കുപ്പിവളക്കടകളെ 


പൊതിയുന്ന


പെണ്ണീച്ചകള്‍ 



_______________________

നാടിനു വേണ്ടി


വീട് മറന്നവന്റെ


ശവഘോഷയാത്ര



______________________ 

തീര്‍ത്ഥക്കുളം.


കൈവരിയില്ലാത്ത നടപ്പാത.


കൈവിട്ടോടുന്ന കുഞ്ഞ്.



______________________

പ്രണയവും സൗഹൃദവും


വേര്‍തിരിച്ചു നീ കെട്ടിയ മതില്‍.


അതിനു മുകളിലും ചിലര്‍



_______________________





നെഞ്ചിലടക്കിയ

സ്നേഹത്തിന്റെ വിങ്ങലുകളാണ് 


ജ്വാലാമുഖികള്‍

_______________________





Train toilet

A diamond-studded Parker pen


Scribbles bathroom classics.

_______________________





കാല്‍പ്പന്തുകളി.

പഴയവരുടെ ബൂട്ടുകളില്‍


പുതിയ കാലുകള്‍.

________________________



ഒരു ചുംബനം കൊണ്ട്

ധരയെത്തണുപ്പിച്ച 


കരിമുകില്‍



_______________




കള്ളു വണ്ടിച്ചക്രത്തില്‍ 

ചുട്ടികുത്തപ്പെട്ട് 


തവളയുടെ മഴനൃത്തം

_________________________


കാതില്‍ ചെണ്ടമേളം 


കണ്ണില്‍ വര്‍ണ്ണപ്പൊലിമ 


ഉണ്ണിക്കണ്ണില്‍ ഒരാനക്കൌതുകം :)


_______________________


വടിവാളിന്റെ മിന്നല്‍


വീഥിയില്‍ ചോരപ്പുഴ


ഉറ്റവര്‍ക്ക്‌ തീരാമഴ

______________________

Tuesday, May 22, 2012

വിപ്ലവത്തിന്റെ പ്രയോക്താക്കള്‍


അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്ന്
ജനിച്ച വിപ്ലവം 
ഇന്നും എത്ര പേരെയാണ് 
കഴുത്തിന്‌ പിടിച്ച് ഞെരിച്ചും
ചാട്ടയ്ക്കടിച്ചും
വാള്‍ത്തലപ്പിന്‍ തിളക്കം കാണിച്ചും
ശബ്ദിയ്ക്കാനാകാത്ത വിധം
അടിച്ചമര്‍ത്തിക്കൊണ്ടിരിയ്ക്കുന്നത് ...

മേലാനെ  ഇല്ലാതാക്കാന്‍ ജനിച്ച
കീഴാളരുടെ കൂട്ടായ്മയില്‍ നിന്ന്
വീണ്ടും മേലാളര്‍ ജനിയ്ക്കുകയും
കൂട്ടായ്മയ്ക്കുള്ളില്‍  തന്നെ 
സ്വന്തം ശബ്ദം മറന്ന
കീഴാളരെ സൃഷ്ടിക്കുകയും, 
അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.
വീണ്ടും എല്ലാം പഴയപടി തന്നെ !

ഇന്നിവരില്‍ പലരും
എനിയ്ക്ക് ജീവച്ഛവങ്ങളാണ്.     
എന്റെ മനസ്സിലെ
പട്ടാപ്പകല്‍ വെളിച്ചങ്ങളില്‍
അടിച്ചമര്‍ത്തപ്പെട്ട പുതുകീഴാളവര്‍ഗങ്ങളുടെ
കരുത്തുറ്റ കൈത്താങ്ങോടെ  
ഓര്‍ക്കാപ്പുറത്തും, നിരായുധരാക്കിയും,
തെളിവുകള്‍ ബാക്കി വയ്ക്കാതെ
എത്ര തവണ
ഞാനിവരെ വെട്ടിക്കൊന്നിരിയ്ക്കുന്നു !

Friday, May 18, 2012

വൃത്തമഞ്ജരി കളഞ്ഞുപോയ കവി


തിരക്കിനിടയില്‍ എപ്പോളാണെന്നറിയില്ല 
വൃത്തമഞ്ജരി കളഞ്ഞു പോയി
തെരഞ്ഞിട്ടു കാണുന്നില്ല ,
കരഞ്ഞിട്ടു കാര്യവുമില്ല .
കളഞ്ഞു പോയി !

രണ്ടാഴ്ചയായി
കരുത്തുറ്റ വികാരങ്ങളുടെ
നൈസര്‍ഗിക പ്രവാഹം
വൃത്തം തെറ്റിച്ച്
നേര്‍രേഖയില്‍ അങ്ങനെ കിടക്കുന്നു

എഴുതി പകുതിയായത്
കണ്ടവര്‍, കണ്ടവര്‍
"നീ എഴുതിയതെല്ലാം കവലപ്രസംഗങ്ങള്‍"
എന്ന് വിളിച്ചു പറഞ്ഞു

തിളച്ചു വന്ന തെറിവാക്ക്
ചവച്ചു വിഴുങ്ങി
ഒരു സ്മൈലി മുഖത്തിട്ട്
എഴുതാതിരുന്ന് മഷിയുറഞ്ഞ വറ്റിയ
തൂലിക അരയില്‍ തൂക്കിയിട്ട്
ഊശാന്‍താടി തടവി കവി തെല്ലു നേരം ഇരുന്നു

അങ്ങനെയിരിയ്ക്കെ,
ഒരു ബള്‍ബ്‌ കത്തുകയും
ചിന്തകളില്‍ വെളിച്ചം വീശുകയും ചെയ്തു.
അപ്പോളാണ്
ജൂബ അഴിച്ചു വച്ച്
ഒരു ടി-ഷര്‍ട്ട്‌ എടുത്തിട്ട്
അയാള്‍ പുതുകവി ആയത്.

ചുരുട്ടിയെറിഞ്ഞ കടലാസെടുത്ത്‌
വരികള്‍ നിര്‍ദയം അരിഞ്ഞു മുറിച്ച്
താഴേയ്ക്ക് താഴേയ്ക്കടുക്കി
അയാള്‍ കവലപ്രസംഗത്തെ
പുതുകവിതയാക്കി.

വാത്സ്യായനന്‍ എന്ന തൂലികാനാമം
പുല്ലു പോലെ വലിച്ചെറിഞ്ഞ്
സ്വന്തം അപ്പനിട്ട പേര് തന്നെ കവിതയ്ക്ക് താഴെ വച്ചു

അന്ന് തൊട്ട്,
ക്ലീന്‍ ഷേവ് ചെയ്ത്
പാല്‍പുഞ്ചിരി പൊഴിച്ച
കവിയുടെ സ്മൈലി ചിത്രങ്ങള്‍
സാഹിത്യമാസികകളുടെ മുഖചിത്രങ്ങളായി

പഴയ കവലപ്രസംഗം
ഇപ്പോള്‍ അന്താരാഷ്‌ട്ര ക്ലാസ്സിക്‌ ആണെന്ന്
സഹൃദയര്‍ വിളിച്ചു പറഞ്ഞു

പിന്നെ അയാള്‍ക്ക് വൃത്തമഞ്ജരി തെരയെണ്ടി വന്നിട്ടില്ല.

Monday, May 14, 2012

കവിതാലോകത്തെ സുഹൃത്തുക്കളോട്


നേരുണ്ട്, നെറിയുണ്ട്, നോവുണ്ട്, നീറ്റലു-
ണ്ടെന്നുള്ളിലാളുന്നൊരഗ്നിയുണ്ട്
നീയുണ്ട്, ഞാനുണ്ട്, നമ്മുടെ നെഞ്ചിലി-
ത്തീയിലും വാടാത്ത നന്മയുണ്ട്

എതുഗ്രമൂര്ത്തിയ്ക്കുമേതു കാട്ടാളനും
കീഴടങ്ങീടാത്തൊരുണ്മയുണ്ട്
കാറുണ്ട്, മഴയുണ്ട്, ചിന്തയില്‍ പൂവിട്ട
കാവ്യമാം തീരാ വസന്തമുണ്ട്

മഞ്ഞിന്‍ കുളുര്‍മയും, കാറ്റിന്റെ താളവും
തൊട്ടറിഞ്ഞീടും  മനസ്സുമുണ്ട് 
ഏതോ കിനാപ്പക്ഷി പാടുന്ന പാട്ടിന്റെ-
യീണങ്ങള്‍ തൂലികത്തുമ്പിലുണ്ട്  

തെല്ലും ദഹിയ്ക്കാത്ത കള്ളങ്ങള്‍ കേള്‍ക്കുമ്പൊ-
ളുള്ളില്‍ തിളയ്ക്കുന്ന രക്തമുണ്ട്
തൊട്ടടുത്തുള്ളം തപിയ്ക്കുന്ന തോഴരെ-
ത്തൊട്ടിരുന്നീടുവാന്‍ വെമ്പലുണ്ട്.

സത്യവും നീതിയും വാഴുന്ന ലോകത്തെ
സ്വപ്നത്തിലെന്നും നിനയ്ക്കലുണ്ട്
എങ്കിലും  രാവിന്നിരുട്ടിലെന്നുണ്ണിയെ
ഒറ്റയ്ക്കയയ്ക്കുവാന്‍ പേടിയുണ്ട് 

എങ്കിലും ഞാനറിഞ്ഞീടുന്നു നേരുള്ള
കാവ്യങ്ങള്‍ തീര്‍ത്തു നീ കൂടെയുണ്ട്
സോദരാ, കാവ്യം രചിച്ചു നീ പാടുക,
കൂടെയെന്‍ പാട്ടുമായ് ഞാനുമുണ്ട് !

Saturday, May 12, 2012

ഒരു മിഡില്‍ക്ലാസ് ബസ് യാത്ര


മഴയത്ത് തെന്നുന്ന വണ്ടി .
അരഞ്ഞു ചത്ത പൂച്ചയെ
നോക്കിയെന്നു വരുത്തി
ഞാന്‍ ബസ് യാത്രയിലെ പത്രം വായന തുടര്‍ന്നു 

പത്രത്തില്‍,
വീട്ടുടമസ്ഥന്‍ സ്വന്തം വീട് കൊള്ളയടിച്ച വാര്‍ത്ത.
പിന്നെ, സൌന്ദര്യപ്പിക്കത്തില്‍  
അച്ഛനെ കൊല്ലാന്‍ അമ്മ കൂലിയ്ക്ക് ആളെ വിട്ട വാര്‍ത്ത.
കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും ഇല്ലാത്ത ബോറന്‍ വാര്‍ത്തകള്‍ !

ബസ് പെട്ടെന്ന് ബ്രേക്ക്‌ ഇട്ടപ്പോള്‍
വീഴാന്‍ പോയ വൃദ്ധയ്ക്കു
സീറ്റ് കൊടുക്കാതെ ഞെളിഞ്ഞിരിയ്ക്കുന്ന കശ്മലന്മാരെ 
ഉള്ളില്‍ അവജ്ഞയോടെ ശപിച്ച് 
പത്രം മടക്കി വച്ച്
ഞാന്‍ അവിടെത്തന്നെ ഇരുന്നു

ന്യായമായ കാര്യത്തിന്
ഈ പ്രൈവറ്റ് ബസ്‌ കണ്ടക്ടറോട്  തര്‍ക്കിയ്ക്കുന്ന 
ബുദ്ധി സ്ഥിരതയില്ലാത്ത ഒരു മാന്യന്റെ 
വിഡ്ഢിത്തം ഓര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു

ബസ്സിറങ്ങാന്‍ നേരത്ത്
മുന്‍പിലെ പെണ്ണിന്റെ അസ്വസ്ഥത കണ്ടപ്പോള്‍
അവളെ തോണ്ടിയത് ആങ്ങള ആയിരിയ്ക്കും
എന്ന് വിശ്വസിച്ച് 
എന്റെ കാര്യം നോക്കി സ്റ്റോപ്പില്‍ ഇറങ്ങി

ചെളി തെറിപ്പിച്ചു കടന്നു പോയ
കാറിന്റെ ബീക്കണ്‍ ലൈറ്റും പോലീസ് എസ്ക്കോര്‍ട്ടും കണ്ടപ്പോള്‍ 
തെറിയൂറി വന്ന നാവ് അകത്തിട്ട്
സല്യൂട്ടടിച്ച്‌ 
ഞാന്‍ വീട്ടിലേക്കുള്ള വഴിയില്‍ നടന്നു

തറവാട്ടില്‍,
അമ്മാവന്‍ മരിച്ചത് അവധി ദിനത്തിലല്ലല്ലോ എന്ന് പ്രാകി, 
മുതലാളിയുടെ അസംതൃപ്ത  മുഖമോര്‍ത്ത്,
ഞാന്‍ പന്തല്‍ പണിക്കാരെ നോക്കി 
പഴയ പത്രമെടുത്ത്‌ നിവര്‍ത്തി അങ്ങനെ ഇരുന്നു.

Wednesday, May 9, 2012

നഗരക്കാഴ്ച



ഷോപ്പിംഗ്‌ മാളില്‍
വജ്രമോതിരമിട്ട കയ്യില്‍
ഒരു ശീമപ്പൂച്ച

ബെന്‍സ് കാറില്‍
പതുപതുത്ത മേനിയുള്ള
വെളുത്ത നായ്ക്കുട്ടി

കൊടും വെയിലില്‍
കയര്‍വട്ടത്തില്‍ മേയുന്ന
കന്നുകാലികള്‍ 

നിരത്തില്‍
ആര്‍ക്കോ വേണ്ടി ഭാരം ചുമക്കുന്ന
കഴുതകള്‍

എച്ചില്‍ കൂമ്പാരങ്ങള്‍
കൊത്തി വലിയ്ക്കുന്ന 
കാക്കകള്‍

മൃഗശാലയില്‍ 
കാടിനെ വിറപ്പിച്ച
ഒരു വയസ്സന്‍ സിംഹം !!

Monday, May 7, 2012

ഏഴു മുഖങ്ങളുള്ള ഒരു ഇന്നോവ കാര്‍!

നാടിനു വേണ്ടി വീടിനെ മറന്നവന്റെ കാതില്‍
സഹജീവിയുടെ ദുരന്തത്തിന്റെ കള്ളക്കഥയുമായി 
അദൃശ്യ തരംഗങ്ങളായി 

പിടികൊടുക്കാത്ത മരണസന്ദേശം !

മരണം ഏഴു മുഖങ്ങളുള്ള
ഒരു ഇന്നോവ കാറാണെന്ന് 
വിശ്വാസികളും അവിശ്വാസികളുമായ കവികള്‍ 
ഇനി പാടി നടക്കട്ടെ

മദിരയുടെ ലഹരിയ്ക്ക്
നന്മയുടെ ദൈവത്തെക്കാള്‍
മനുഷ്യനെ മയക്കാന്‍ കഴിയുമെന്ന്
ദേവാലയങ്ങളില്‍ ഘോഷിയ്ക്കപ്പെടട്ടെ !

ഒരമ്മയുടെ കണ്ണീരിനും, ഭാര്യയുടെ 
നൊമ്പരത്തിനും
മക്കളുടെ അരക്ഷിതാവസ്ഥയ്ക്കും 
പ്രത്യയ ശാസ്ത്രങ്ങളില്‍ വിലയില്ലെന്ന്
ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കട്ടെ

ഒരു വ്യക്തിയല്ല പാര്‍ട്ടി എന്ന് മനസ്സിലാക്കാത്തവര്‍ 
ഇനിയും ചേരി വിട്ട്
നിസ്സഹായതയുടെ മരണം
ഏറ്റു വാങ്ങട്ടെ 

ഓരോ തുള്ളി മദിരയില്‍ നിന്നും
പൂഴ്ത്തി വയ്ക്കപ്പെട്ട ലക്ഷങ്ങളില്‍ നിന്നും
ഇനിയും മരണ ദൂതന്മാര്‍ 
ഇന്നോവാ കാറുമായി തക്കം പാര്‍ത്തു നടക്കട്ടെ !!

Thursday, May 3, 2012

അവധിക്കാലം !

അവധിക്കാലം !
ചോരുന്ന കുട്ടിപ്പുരയില്‍
വേവും ചിരട്ടക്കഞ്ഞി 

***
മാവിന്‍ ചുവട്ടില്‍
അമ്പതെണ്ണുന്നതിന്‍ മുന്‍പേ
കള്ളക്കണ്ണു തുറക്കല്‍

***
മരപ്പാത്തിയില്‍ 
തുഴക്കോല് തള്ളി
ഒരു കളിവഞ്ചി

***

തുണിപ്പന്ത്.
തെങ്ങിന്‍ പട്ട ബാറ്റ്
ക്രിക്കറ്റ്‌ !

***

മൂവാണ്ടന്‍ മാവിലെ
മുത്തച്ഛന്റെ ചങ്ക് 
എറിഞ്ഞു വീഴ്ത്തുന്ന വടി !

കരളിന്റെ നൊമ്പരം (2000)



Press play button above to listen to the poem

കരളിന്റെ നൊമ്പരം കളിവീണ പോലെയാ-
ണതിലുണ്ട് മുടിനീണ്ട കവി തന്റെ ജല്പനം 
കരളിന്റെ നൊമ്പരം കളിവഞ്ചി പോലെയാ-
ണതിലേറിയൊഴുകുന്നു പ്രണയ സങ്കീര്‍ത്തനം

കരളിന്റെ രോദനം ഉള്‍ക്കടല്‍ ശാന്തിയാ-
ണതിനുണ്ട് മരവിച്ച മനസ്സിന്റെ ദര്‍ശനം
അതിലുണ്ട് വെയിലിന്റെ തീക്കനല്‍ ചൂളകള്‍
അതിലുണ്ട് രാവിന്റെ കുളിരാര്‍ന്ന സ്പര്‍ശനം

എരിയുന്ന വേനലാണുറയുന്ന ദുഖമാ-
ണൊരു കുഞ്ഞുകുരുവി തന്‍ പൊഴിയുന്ന തൂവലാ-
ണൊരു കൊച്ചു തേങ്ങലാ,ണെഴുതാത്ത കവിതയാ-
ണതിലൂറുമിണപോയ കുയിലിന്റെ കൂജനം

കരളിന്റെയീണങ്ങള്‍ നെഞ്ചില്‍ പൊഴിഞ്ഞു വീ- 
ണുള്താപമാറ്റുന്ന കരിമുകില്‍ മാലകള്‍
കരളിന്റെയീണങ്ങള്‍ മരുഭൂവിലലിവിന്റെ
ചെറുപൂക്കള്‍ വിരിയിച്ച വനദേവകന്യകള്‍

നിന്‍ കുളിര്‍സ്പര്‍ശങ്ങള്‍ കരളിന്റെ സാഗര-
ക്കലിവില്‍ നിന്നുയിരാര്‍ന്നു പടരുന്ന ലാവകള്‍
ഉയിരിന്റെയിരുളിലെയ്ക്കൊഴുകും വെളിച്ചങ്ങള്‍
അഴലിന്റെ തീരത്തിലണയുന്ന തോണികള്‍

നീ ചൊന്ന വാക്കുകള്‍ കരളിന്റെ വിങ്ങലെ-
ന്നുള്ളം തളച്ചിട്ട തടവറക്കല്ലുകള്‍
ഇനിയെന്നു കാണുമെന്നറിയാതെയകലവേ
നിന്‍ മുഗ്ധഹാസമെന്‍ കരളിന്റെ നൊമ്പരം !