Saturday, May 18, 2013

1.

കൊല്ലുന്ന ചിരിയാണല്ലോ പെണ്ണേ...
നമ്മുടെ വായു പോലെ,
നദീജലം പോലെ,
മണ്ണു പോലെ,
മുന്തിരിക്കുലകള്‍ പോലെ,
മറുനാടന്‍ പച്ചക്കറി പോലെ,
മരുന്നുകള്‍ പോലെ,
സമൃദ്ധിയുടെ മാളുകള്‍ പോലെ,
പരസ്യങ്ങളിലെ സുന്ദരിമാരുടെയും സുന്ദരന്മാരുടെയും പോലെ ,
ലളിതവായ്പാ വാഗ്ദാനങ്ങള്‍ പോലെ,
നിയമനിര്‍മ്മാതാക്കളുടേതു പോലെ, 
കൊല്ലുന്ന ചിരിയാണല്ലോ പെണ്ണേ നിന്റേതും !

2.


വെട്ടിത്തിരുത്തിയും 
താളുകള്‍ കീറിയും
കാലമെഴുതുന്നെന്റെ
ജീവിതപ്പുസ്തകം.

ഇപ്പേജു തീരുമ്പോള്‍ 
കഴിയുമെന്നോര്‍ക്കവേ
ഒരു താളു കൂടി-
ത്തുറപ്പൂ നിരന്തരം.

"ഇതുകൂടിയിതുകൂടി-"
യെന്നു ചൊല്ലുന്ന പോല്‍
ഒരു പാഠമെന്നും
വരയ്ക്കുന്ന പുസ്തകം.

എഴുതിക്കഴിഞ്ഞെന്നു
തോന്നുമ്പോ"ളവസാന
വരികൂടി, നില്‍ക്കൂ-"
എന്നരുളുന്ന പുസ്തകം

"ഇതു ഞാന്‍ പഠിച്ചതാം
പാഠ"മെന്നവസാന
നാളിലും പറയുവാ-
നനുവദിച്ചീടാതെ,

വെട്ടിത്തിരുത്തിയും
താളുകള്‍ കീറിയും
മരണമെത്തുമ്പൊഴും
തുടരുന്ന പുസ്തകം.

No comments:

Post a Comment

Please do post your comments here, friends !