Tuesday, June 5, 2012

അപരാധി


ലകഷ്യമില്ലാതെക്കിതച്ചു നീങ്ങുന്നൊരെന്‍  
തോഴരേ ഞാന്‍ ചെയ്ത തെറ്റെന്ത്, ചൊല്ലുമോ ?

എന്തിനെന്നോരാതെ മന്നില്‍ പിറന്നതോ, 
കണ്ണീരൊഴുക്കിക്കവിള്‍ള്‍ കുതിര്‍ത്തതോ,
ആദിവെണ്‍വെട്ടമെന്‍ കണ്ണിലേയ്ക്കിറ്റിയ്ക്കു-
മാദിത്യനോടും പിണങ്ങിക്കരഞ്ഞതോ ?

തൊട്ടിലില്‍ മെല്ലെച്ചിണുങ്ങിക്കരഞ്ഞു കൊ-
ണ്ടമ്മയെ താരാട്ടുപാട്ടു പാടിച്ചതോ, 
ആദ്യാക്ഷരങ്ങളെന്‍ നാവില്‍ പിറക്കവേ
ആചാര്യഹസ്തം രസിച്ചു നുകര്‍ന്നതോ  ?

അക്കങ്ങളെണ്ണിപ്പഠിക്കാതെയക്കര-
പ്പച്ചയ്ക്കു വേണ്ടി ഞാനെങ്ങോ തെരഞ്ഞതോ,
അര്‍ത്ഥങ്ങളെല്ലാമനര്‍ത്ഥമാകുന്നതോ 
അക്ഷരം പാഥേയമാക്കിയുണ്ണുന്നതോ ?

സ്നേഹത്തിനര്‍ത്ഥം തിരിച്ചറിയാഞ്ഞതോ   
മോഹങ്ങള്‍ ഹോമിച്ചു ജീവന്‍ പടുത്തതോ,
പുഞ്ചിരി പോലും മുഖത്തുയ്ക്കാത്തതോ
സങ്കടം പങ്കിടാനാരുമില്ലാത്തതോ ?

ആദ്യാനുരാഗത്തിലന്ധനായ് ഞാനെന്റെ
തോഴിയ്ക്കു ഹൃത്തകം പാതി കൊടുത്തതോ,
മാംസം ഭുജിയ്ക്കും കഴുകിനെക്കൊന്നതോ 
നഗ്നസത്യങ്ങള്‍ ഉറക്കെപ്പഞ്ഞതോ   ?


ലകഷ്യമില്ലാതെക്കിതച്ചു നീങ്ങുന്നൊരെന്‍  
തോഴരേ ഞാന്‍ ചെയ്ത തെറ്റെന്ത്, ചൊല്ലുമോ ?

6 comments:

  1. "അര്‍ത്ഥങ്ങളെല്ലാമനര്‍ത്ഥമാകുന്നതോ
    അക്ഷരം പാഥേയമാക്കിയുണ്ണുന്നതോ ?"

    ReplyDelete
  2. വിജി തോപ്പിൽNovember 7, 2012 at 5:48 AM

    നന്നായിരിക്കുന്നു, ഇഷ്ടായി..:)

    ReplyDelete
    Replies
    1. നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      Delete
  3. പുഞ്ചിരി പോലും മുഖത്തുറയ്ക്കാത്തതോ

    ReplyDelete

Please do post your comments here, friends !